ഇടുക്കി: ചിത്തിരപുരത്ത് മണ്ണിടിഞ്ഞുവീണുണ്ടായ അപകടത്തിൽ മരിച്ച തൊഴിലാളികളുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് മൃതദേഹം ഇന്ന് തന്നെ വിട്ടുനൽകും. അടിമാലി താലൂക്ക് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടക്കുക. ചിത്തിരപുരം ശങ്കുപ്പടി സ്വദേശി രാജീവൻ ബൈസൺവാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്. റിസോർട്ട് നിർമ്മാണത്തിന്റെ ഭാഗമായി സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്.
സംരക്ഷണ ഭിത്തിയുടെ പണി നടക്കുന്നതിനിടെ മുകളിൽ നിന്നും മണ്ണിടിഞ്ഞ് താഴേക്ക് വീഴുകയും തൊഴിലാളികൾ മണ്ണിനടിയിൽ പെട്ടുപോകുകയുമായിരുന്നു. അനധികൃത നിർമ്മാണമെന്ന് കണ്ടെത്തി മൂന്നാർ സ്പെഷ്യൽ തഹസിൽദാർ റിസോർട്ടിന് സ്റ്റോപ് മെമ്മോ നൽകിയിരുന്നു. വില്ലേജ് ഓഫീസർ പൂട്ടി സീൽ വച്ച കെട്ടിടത്തിൽ അനുമതി ഇല്ലാതെ വീണ്ടും നിർമ്മാണം പുരോഗമിക്കവെയാണ് അപകടം ഉണ്ടായത്. ഒരുമണിക്കൂറിലേറെ തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു.
കെട്ടിടത്തിലേയ്ക്കുള്ള ഇടുങ്ങിയ പാതയും, കനത്ത മഴയും രക്ഷാപ്രവർത്തനം വൈകാൻ കാരണമായത്. മൂന്നാർ, അടിമാലി എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും പോലീസും സമീപത്തുണ്ടായിരുന്ന തൊഴിലാളികളും ചേർന്നാണ് മണ്ണ് മാറ്റി മൃതദേഹങ്ങൾ പുറത്തെടുത്തത്. ജില്ലാ ഭരണകൂടം സീൽ ചെയ്ത വസ്തുവിൽ വിലക്ക് ലംഘിച്ച് നിർമ്മാണം നടത്തിയതിന് ഉടമയായ ഷെറിൻ അനിലക്കെതിരെ നടപടികൾ ഉണ്ടാകും. മൂന്നാർ സ്പെഷ്യൽ തഹസിൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ ആയിരിക്കും നടപടി ശിപാർശ ചെയ്യുക.
സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.

