തൃശൂർ: തൃശൂർ കാഞ്ഞാണിയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. എടമുട്ടം കഴിമ്പ്രം സ്വദേശി അറയ്ക്കൽ വീട്ടിൽ നാസർ മകൻ അബു താഹിർ (27) ആണ് മരിച്ചത്. ചൊവ്വാഴ്‌ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. കാഞ്ഞാണി സംസ്ഥാന പാതയിൽ പെരുമ്പുഴ പാടത്തിന് കിഴക്ക് ഭാഗത്ത് വച്ചാണ് വാഹനങ്ങൾ കൂട്ടിയിടിച്ചത്. കാർ നിയന്ത്രണം വിട്ട് എതിരെ വന്ന സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കാറിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് പുറത്ത് വരുന്ന വിവരം. ഇടിയുടെ ആഘാതത്തിൽ യുവാവ് സമീപത്തെ പൊന്തക്കാടിലേക്ക് തെറിച്ചു വീണതായി പറയുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഒളരിയിലെ സ്വകാര്യ ആശുപ്രതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മറ്റൊരു സംഭവത്തിൽ ഇന്നലെ ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ദേശീയപാത അടിപ്പാത നിര്‍മാണ സ്ഥലത്തേക്ക് ഇടിച്ചു കയറി ഉണ്ടായ അപകടത്തില്‍ 28 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഒന്‍പതുപേരുടെ നില ഗുരുതരമാണ്. കോയമ്പത്തൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം. പൊലീസ് സ്റ്റേഷന് സമീപത്ത് ദേശീയപാതയുടെ ഭാഗമായ അടിപ്പാത നിര്‍മിക്കാന്‍ സ്ഥാപിച്ച കമ്പികളിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു. പരുക്കേറ്റവരെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരമായി പരുക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് ഇന്നലെ മാറ്റിയിരുന്നു.

