ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ഖജുരാഹോ സ്മാരകങ്ങളുടെ ഭാഗമായ ജവാരി ക്ഷേത്രത്തിൽ തലയറുത്തെടുത്ത 7 അടി ഉയരമുള്ള വിഷ്ണുവിന്റെ വിഗ്രഹം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. മധ്യപ്രദേശിലെ ഖജുരാഹോ ജവാരി ക്ഷേത്രത്തിലെ വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കണമെങ്കിൽ ആവശ്യം വിഷ്ണു ഭഗവാനോട് തന്നെ പറയൂവെന്നാണ് സുപ്രീം കോടതി പറഞ്ഞത്. കേസ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) അധികാരപരിധിയിലാണെന്നും കോടതിയുടെയല്ലെന്നും ചീഫ് ജസ്റ്റിസ് ബിആർ ഗവായിയും ജസ്റ്റിസ് അഗസ്റ്റിൻ ജോർജ്ജ് മാസിഹും അടങ്ങുന്ന ബെഞ്ച് പറഞ്ഞു.
വിഗ്രഹം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് സ്വദേശി രാകേഷ് ദയാല്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. വിഗ്രഹം പുനപ്രതിഷ്ഠിക്കാത്തത് വിശ്വാസിയുടെ മൗലികാവകാശ ലംഘനമാണ് എന്ന വാദം സുപ്രീം കോടതി അംഗീകരിച്ചില്ല. ഹര്‍ജി പബ്ലിസിറ്റിക്ക് വേണ്ടിയുളളതാണെന്നും സുപ്രീം കോടതി വിമര്‍ശിച്ചു.
‘നിങ്ങള്‍ കടുത്ത വിഷ്ണു ഭക്തനാണെന്ന് പറയുന്നു, അപ്പോള്‍ പോയി ഭഗവാനോട് തന്നെ എന്തെങ്കിലും ചെയ്യാന്‍ പറയൂ. പോയി പ്രാര്‍ത്ഥിക്കൂ. ഇതൊരു ആര്‍ക്കിയോളജിക്കല്‍ സൈറ്റാണ്. അവിടെ എന്തെങ്കിലും ചെയ്യണമെങ്കില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അനുമതി നല്‍കേണ്ടതുണ്ട്. ക്ഷമിക്കണം’: ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് ഹര്‍ജിക്കാരനോട് പറഞ്ഞു.
മുഗള്‍ അധിനിവേശ കാലത്ത് വിഗ്രഹം വികൃതമാക്കപ്പെട്ടുവെന്നും പുനസ്ഥാപിക്കാന്‍ സര്‍ക്കാരിന് നിരവധി തവണ നിവേദനം നല്‍കിയിട്ടും വിഗ്രഹം അതേ അവസ്ഥയില്‍ തന്നെ തുടരുകയാണെന്നും രാകേഷ് ദലാല്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ചന്ദ്രവംശി രാജാക്കന്മാര്‍ നിര്‍മ്മിച്ച ഖജുരാഹോ ക്ഷേത്രങ്ങളുടെ ചരിത്രവും ഹര്‍ജിയില്‍ വിവരിക്കുന്നുണ്ട്. സ്വാതന്ത്ര്യം ലഭിച്ച് 77 വര്‍ഷങ്ങള്‍ക്ക് ശേഷവും വിഗ്രഹം പുനസ്ഥാപിക്കാന്‍ ആരും തയ്യാറായില്ലെന്നും ഹർജിയിൽ പറയുന്നു.
അതേസമയം വിഗ്രഹം പുനഃസ്ഥാപിക്കാൻ വിസമ്മതിക്കുന്നത് ഭക്തരുടെ ആരാധനയ്ക്കുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ഹർജിക്കാരൻ വാദിച്ചു. ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ, നിവേദനങ്ങൾ, പ്രചാരണങ്ങൾ എന്നിവയ്ക്ക് ഉത്തരം ലഭിക്കാതെ പോയതിനെക്കുറിച്ച് ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്.

