തൃശൂര്‍: സ്കൂട്ടറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് അക്രമം നടത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് യുവാക്കൾ പിടിയിൽ. പഴുവില്‍ ചിറക്കല്‍ സ്വദേശി വിഷ്ണു പ്രസാദ് (23), മാള പോലീസ് സ്റ്റേഷന്‍ റൗഡി ലിസ്റ്റില്‍ ഉൾപ്പെട്ട പുത്തന്‍ച്ചിറ പുളിയിലക്കുന്ന് സ്വദേശി മുഹമ്മദ് ഷാഫി (19) എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ രണ്ട് പ്രതികളും മറ്റ് കേസുകളിലെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതയിൽ ഹാജരാക്കും. പ്രായപൂർത്തിയാകാത്ത മറ്റ് 3 പേർ കൂടി കേസിൽ ഉൾപ്പെട്ടിരുന്നു. ഇവരെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. ഇവർക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരമുള്ള നടപടി സ്വീകരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇരിങ്ങാലക്കുട കോണത്തുകുന്ന് ജനതാ കോര്‍ണര്‍ സ്വദേശിയായ പ്രകാശന്റെ വീട്ടിലേക്ക് ഇയാളുടെ സഹോദരന്റെ മകന്‍ ഷാന്‍ കാര്‍ കയറ്റിടാന്‍ ശ്രമിക്കുകയായിരുന്നു. ആ സമയം പ്രതികള്‍ വന്നിരുന്ന സ്‌കൂട്ടറിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് ഷാനുമായി തര്‍ക്കമുണ്ടായി. തുടര്‍ന്ന് പ്രതികള്‍ ഹെല്‍മെറ്റ് എടുത്ത് കാറിലേക്ക് എറിഞ്ഞു. ഷാൻ ഇത് ചോദ്യം ചെയ്തതോടെ പ്രകാശനെയും ഷാനിനെയും പ്രകാശന്റെ ബന്ധുവായ ലോഹിതാക്ഷന്‍ എന്നയാളെയും പ്രതികള്‍ അസഭ്യം പറയുകയും തീര്‍ത്തു കളയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തതുവെന്നാണ് പരാതി.
പ്രതികൾ പ്രകാശന്റെ കഴുത്തിനുനേരെ കത്തി വീശുകയും സംഭവസ്ഥലത്തേക്ക് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികളെ വിളിച്ച് വരുകയും ചെയ്തു. തുടർന്ന് ആയുധം ഉപയോഗിച്ച് ആക്രമിക്കാണ് ശ്രമിക്കുകയും അസഭ്യം പറയുകയും സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. പ്രകാശന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ ഇരിങ്ങാലക്കുട പോലീസ് കേസെടുത്തു. ഈ കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അക്രമം കണ്ട സമീപവാസികളും നാട്ടുകാരുമാണ് പോലീസിന്റെ ഹെല്‍പ്പ്‌ലൈന്‍ നമ്പറായ 112ല്‍ വിളിച്ച് വിവരമറിയിച്ചത്. ഉടന്‍തന്നെ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ എസ്.ഐയും സംഘവും സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ അക്രമാസക്തരായ പ്രതികളേയും കുട്ടികളെയും പിടികൂടാൻ കഴിയാതെ വന്നതോടെ കൂടുതല്‍ പോലീസുകാരെ സ്ഥലത്തേക്ക് വിളിച്ച് വരുത്തിയതാണ് ഇവരെ ഇരിങ്ങാലക്കുട സ്റ്റേഷനിലെത്തിച്ചത്.
പിന്നാലെ നടന്ന അന്വേഷണത്തിൽ കേസിൽ ഉൾപ്പെട്ട മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരാണെന്ന് കണ്ടെത്തുകയും ഇവരെ രക്ഷിതാക്കൾക്കൊപ്പം പറഞ്ഞയക്കുകയും ചെയ്തു. അറസ്റ്റിലായ വിഷ്ണു പ്രസാദ് പുതുക്കാട്, തൃശൂര്‍ ഈസ്റ്റ്, തൃശൂര്‍ വെസ്റ്റ്, തൃശൂര്‍ മെഡിക്കല്‍ കോളജ്, പാലക്കാട് കോങ്ങാട്, ഇടുക്കി നെടുംങ്കണ്ടം പൊലീസ് സ്റ്റേഷന്‍ പരിധികളിലായി ഒരു വധശ്രമക്കേസിലും മയക്കുമരുന്ന് വില്‍പ്പനക്കായി സൂക്ഷിച്ച മൂന്ന് കേസുകളിലും, രണ്ട് അടിപിടിക്കേസുകളിലും, മയക്കുമരുന്ന് ഉപയോഗിച്ച മൂന്ന് കേസുകളിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത ഒരു കേസിലും അടക്കം പത്ത് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. കെ.ജെ. ജിനേഷ്, എസ്.ഐമാരായ എ.കെ. സോജന്‍, എം.ആര്‍.കൃഷ്ണപ്രസാദ്, പി.ആര്‍. ദിനേഷ് കുമാര്‍, കെ.എം. നാസര്‍, ജി.എസ്.ഐ. സതീശന്‍, മുഹമ്മദ് റാഷി, ജി.എ.എസ്.ഐ. ഷാബു, ഗോപകുമാര്‍, ജി.എസ്.സി.പി.ഒമാരായ അര്‍ജ്ജുന്‍, കമല്‍കൃഷ്ണ, സുജിത്ത് തുടങ്ങിയ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിച്ചതും പ്രതികളെ പിടികൂടിയതും.

