എല്ലാ ദിവസവും വരേണ്ടെന്ന് നേതാക്കളുടെ നിര്‍ദ്ദേശം, രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് നിയമസഭയിലേയ്ക്ക് എത്തിയില്ല

0

തിരുവനന്തപുരം: ഇന്ന് നിയമസഭയിലേയ്ക്ക് രാഹുൽ മാങ്കൂട്ടത്തിൽ എത്തിയില്ല. എല്ലാ ദിവസവും സഭയിലേയ്ക്ക് വരേണ്ടെന്ന് നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരമാണ് രാഹുൽ ഇന്നെത്താതിരുന്നത്. രാഹുലിനൊപ്പം സഭയിലെത്തിയ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് നേമം ഷജീറിനെതിരെ കെപിസിസി അധ്യക്ഷന് ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പരാതി നൽകും.

അതെ സമയം, ഇന്നലെ നിയമസഭയിൽ എത്തിയതിന് പിന്നാലെ മാധ്യമങ്ങളെ കണ്ടെങ്കിലും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മാധ്യമങ്ങളെ കുറ്റപ്പെടുത്തിയായിരുന്നു രാഹുൽ മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ചത്. വാർത്തകൾ ഇഷ്ടമുള്ളത് കൊടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും യാഥാർത്ഥ്യത്തിന്റെ എന്തെങ്കിലും പരിസരം വേണമെന്നും രാഹുൽ പറഞ്ഞു. പത്തുമിനിറ്റോളം മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിച്ച പാലക്കാട് എംഎൽഎ തനിക്കെതിരായ ലൈം​ഗികാരോപണങ്ങളെ കുറിച്ച് ഒരക്ഷരം പറഞ്ഞില്ല.

രാഹുൽ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ:

”വാർത്തകൾ ഇഷ്ടമുള്ളത് കൊടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ യാഥാർത്ഥ്യത്തിന്റെ എന്തെങ്കിലും പരിസരം വേണമെന്ന് അഭ്യർത്ഥനയോടെ പറയുന്നു. പാർട്ടി അനുകൂലമായതോ പ്രതികൂലമായതോ ആയ തീരുമാനമെടുക്കുമ്പോൾ ധിക്കരിക്കാനോ ലംഘിക്കുവാനോ ഒരു കാലത്തും ശ്രമിച്ചില്ല. സസ്‌പെൻഷനിലാണെങ്കിലും ഇപ്പോഴും പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കുന്ന ഒരാളാണ് ഞാൻ. സസ്‌പെൻഷൻ കാലാവധിയിലുള്ള പ്രവർത്തകൻ പ്രവർത്തിക്കേണ്ടതെങ്ങനെയാണെന്ന ബോധ്യം എനിക്കുണ്ട്, അതുകൊണ്ട് തന്നെ ഒരു നേതാവിനെയും കാണാൻ ഞാൻ ശ്രമിച്ചിട്ടില്ല. ആരോപണങ്ങളിൽ താൻ മൗനത്തിലാണെന്ന് മാധ്യമങ്ങൾ വാർത്ത നൽകിയെന്നും ആരോപണം ഉയർന്നപ്പോൾ തന്നെ വിശദമായി വാർത്താ സമ്മേളനം നടത്തിയ ആളാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ആദ്യമായി 18ാം വയസിൽ ജയിലിൽ പോയയാളാണ് ഞാൻ. എന്നാൽ ഏറ്റവും കൂടുതൽ കാലം ജയിലിൽ പോയത് പിണറായി സർക്കാരിന്റെ കാലത്താണ്. അതുകൊണ്ട് യാതൊരു ആനുകൂല്യവും എനിക്ക് കിട്ടില്ലെന്ന് ഉറപ്പിക്കാം. എനിക്കെതിരായി എന്തെങ്കിലും ഉണ്ടെങ്കിൽ കൊന്നു തിന്നാൻ നിൽക്കുന്ന സർക്കാരിന് ഏറ്റവും വിശ്വാസമുള്ള അന്വേഷണ ഏജൻസിയാണ് അന്വേഷണം നടത്തുന്നത്, അന്വേഷണം നടക്കട്ടേ”.

മരണം വരെ കോൺഗ്രസ് പ്രവർത്തകനായിരിക്കുന്ന ഒരാളാണ് താനെന്നും രാഹുൽ പറഞ്ഞു. കോൺഗ്രസ് പ്രവർത്തകർ സർക്കാരിനെതിരായ പ്രവർത്തനവുമായി മുന്നോട്ട് പോകാൻ ഊർജവും സമയവും വിനിയോഗിക്കണമെന്നാണ് തന്റെ അഭ്യർത്ഥനയെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

അതിനിടെ, രാഹുൽ സഭയിലെത്തുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ തന്നെ രണ്ടഭിപ്രായങ്ങൾ നിലനിൽക്കുന്നതായും റിപ്പോർട്ടുകളുണ്ട്. രാഹുലിന്റെ കാര്യം കെ.പി.സി.സി. പ്രസിഡന്റ് പറയുമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിഷയത്തിൽ പ്രതികരിച്ചത്. പാർട്ടിയിൽ ഇത് സംബന്ധിച്ച് കൂടിയാലോചനകൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, രാഹുൽ ചില നേതാക്കളുമായി ആശയവിനിമയം നടത്തിയതായും സൂചനകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here