‘ദേശീയ ഐക്യത്തിന് ഭീഷണിയാണ്’; ജാതി അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ റാലികൾ നിരോധിച്ച് യുപി സർക്കാർ

0

ലക്നൗ: അലഹബാദ് ഹൈക്കോടതിയുടെ നിർദ്ദേശത്തെത്തുടർന്ന് പോലീസ് രേഖകളിൽ നിന്നും പൊതു നോട്ടീസുകളിൽ നിന്നും എല്ലാ ജാതി പരാമർശങ്ങളും ഉടൻ നീക്കം ചെയ്യാൻ ഉത്തരവിട്ട് ഉത്തർപ്രദേശ് സർക്കാർ. ജാതി അടിസ്ഥാനമാക്കിയുള്ള റാലികൾക്കും ഉത്തർപ്രദേശിൽ നിരോധനം ഏർപ്പെടുത്തി. ജാതി രാഷ്ട്രീയ റാലികൾ നിരോധിച്ചുകൊണ്ട്, അത് ദേശീയ ഐക്യത്തിന് ഭീഷണിയാണെന്ന് സർക്കാർ വ്യക്തമാക്കി. ഇത്തരം റാലികൾ വിലക്കിക്കൊണ്ട് യുപി സർക്കാർ ഉത്തരവിറക്കിയതായാണ് റിപ്പോർട്ടുകൾ.

ഒക്ടോബറിൽ ബിഎസ്പി ഉൾപ്പെടെ റാലി പ്രഖ്യാപിച്ചിരിക്കുന്ന ഘട്ടത്തിലാണ് തീരുമാനം. മദ്യക്കടത്ത് കേസിൽ തനിക്കെതിരായ കുറ്റങ്ങൾ ഒഴിവാക്കണമെന്ന മദ്യക്കടത്തുകാരന്റെ ഹർജിയിലാണ് കോടതി ജാതി വിവേചനം സംബന്ധിയായ ഉത്തരവുകൾ പുറപ്പെടുവിച്ചത്. ജാതി ആസ്പദമായ സ്റ്റിക്കറുകൾ, വാക്കുകൾ എന്നിവ വാഹനങ്ങൾ ഒട്ടിക്കുന്നതിനും വിലക്ക് ബാധകമാണ്. ഇത്തരത്തിലുള്ള സ്റ്റിക്കർ ഒട്ടിക്കുന്ന വാഹനങ്ങൾക്ക് കേന്ദ്ര മോട്ടോർ വാഹന നിയമം അനുസരിച്ച് പിഴയിടാനാണ് സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിട്ടുള്ളത്.

പ്രത്യേക ജാതി മേഖലയെന്ന് വ്യക്തമാക്കുന്ന രീതിയിലുള്ള വലിയ ഹോർഡിംഗുകളും ഉടനടി നീക്കാനും സംസ്ഥാന സർക്കാർ വിശദമാക്കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയുള്ള ജാത്യാധിഷ്ടിത പ്രചാരണങ്ങൾക്കും വിലക്ക് ബാധകമാണ്. 2023 ഏപ്രിലിൽ അനധികൃതമായ മദ്യം കടത്തിയതിന് അറസ്റ്റിലായ ആളുടെ കേസ് ഫയലിലിൽ ജാതി പേരുകൾ വിശദമാക്കിയതിനെതിരെയായിരുന്നു കോടതി നിർദ്ദേശങ്ങൾ. ഈ കേസ് കോടതി തള്ളുകയും ചെയ്തിരുന്നു. പരാതിക്കാരനെതിരായ കുറ്റം നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

അതേസമയം, സമാജ്‌വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. 5000 വർഷമായി മനസ്സിൽ പതിഞ്ഞുകിടക്കുന്ന ജാതി വിവേചനം ഇല്ലാതാക്കാൻ എന്തുചെയ്യുമെന്ന് അദ്ദേഹം ചോദിച്ചു. വസ്ത്രം, വസ്ത്രധാരണം, പ്രതീകാത്മക അടയാളങ്ങൾ എന്നിവയിലൂടെയുള്ള ജാതി പ്രദർശനത്തിൽ നിന്ന് ഉണ്ടാകുന്ന ജാതി വിവേചനം ഇല്ലാതാക്കാൻ എന്തുചെയ്യും? ഒരാളെ കാണുമ്പോൾ അവരുടെ പേരിന് മുമ്പ് ‘ജാതി’ ചോദിക്കുന്നത് ഉൾപ്പെടുന്ന ജാതി വിവേചനത്തിന്റെ മാനസികാവസ്ഥ അവസാനിപ്പിക്കാൻ എന്തുചെയ്യും?” അദ്ദേഹം ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here