വഫഫ് ബോർഡ് പുനഃസംഘടനയിൽ സർക്കാരിനെതിരെ സിപിഐഎം. ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറിന്റെ ഹർജിയിലെ ആവശ്യത്തിലാണ് സർക്കാർ നിലപാടെടുത്തതെന്ന് വിമർശനം. സർക്കാർ നിലപാട് അംഗീകരിക്കുന്നുണ്ടോയെന്ന് ലീഗ് ജനങ്ങളോട് പറയണമെന്ന് സിപിഐഎം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മുസ്ലീം ലീഗിനെ പിന്തുണയ്ക്കുന്ന സമുദായ സംഘടനകളും നിലപാട് വ്യക്തമാക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു.
യു.ഡി.എഫ് സർക്കാർ ന്യൂനപക്ഷങ്ങളോടും കേരളത്തിലെ മതനിരപേക്ഷ സമൂഹത്തോടും കടുത്ത വഞ്ചനയാണ് കാണിച്ചിട്ടുള്ളതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു. യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം എടുക്കുന്ന നയപരമായ ഓരോ നിലപാടിലും സംഘപരിവാർ അജണ്ട തെളിഞ്ഞ് തന്നെ കാണാമെന്ന് വിമർശനം. കേന്ദ്ര സർക്കാരിന്റെ നിയമഭേദഗതിക്കെതിരെ എൽ.ഡി.എഫ് സർക്കാർ നിയമസഭയിൽ ഏകകണ്‌ഠമായി പ്രമേയം പാസാക്കിയിരുന്നു. അധികാരത്തിൽ എത്തിയപ്പോൾ ബി.ജെ.പി അനുകൂല നിലപാടിലേക്ക് യു.ഡി.എഫ് എത്തിയത് എന്ത് ഡീലിന്റെ ഭാഗമായാണെന്ന് സിപിഐഎം ചോദിച്ചു.
സംഘപരിവാർ നിർദേശിക്കുന്ന ആളുകളെയാണോ വഖഫ് ബോർഡിൽ നിയമിക്കാൻ പോകുന്നത് എന്നാണ് ഇനി അറിയാനുള്ളത്. സർവ്വകലാശാലകളിൽ ഗവർണർ നിർദേശിക്കുന്നവരെ വൈസ് ചാൻസലർമാരായും, സിൻഡിക്കേറ്റ് അംഗങ്ങളായും യു.ഡി.എഫ് സർക്കാർ നിയമിക്കുന്നു. പി.എം ശ്രീയിലും ബി.ജെ.പിക്ക് വഴങ്ങുന്നു. ദേവസ്വം കേസുകൾ കൈകാര്യം ചെയ്യാനെന്ന പേരിൽ ആർ.എസ്.എസുകാരനെ പ്ലീഡർ ആക്കുന്നു. മറ്റ് നിയമകാര്യ തസ്‌തികകളിലും ബി.ജെ.പിക്കാർക്ക് യഥേഷ്ടം അവസരം നൽകുന്നു. `കേരളം ഭരിക്കുന്നത് ബി.ജെ.പിയാണോ’ എന്ന ഐ.എ.സി.സി നേതാവിന്റെ ചോദ്യം അനുദിനം അന്വർഥമാക്കുകയാണ് വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ. വർഗ്ഗീയതയ്‌ക്ക് സാഷ്ടാംഗം കീഴടങ്ങുന്ന യു.ഡി.എഫ് സർക്കാർ വഖഫ് ബോർഡ് നിലപാടിലൂടെ ജനങ്ങൾക്കിടയിൽ കൂടുതൽ തുറന്നുകാട്ടപ്പെട്ടുവെന്നും സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.

