ന്യൂഡൽഹി: ജമ്മു കശ്മീരിലെ കുൽഗാമിലെ ഗുഡാറിലെ വനമേഖലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ ഒരു ഇന്ത്യൻ ആർമി ജവാന് പരിക്കേറ്റതായാണ് റിപ്പോർട്ട്. ജമ്മു കശ്മീർ പോലീസ്, ഇന്ത്യൻ ആർമി, സിആർപിഎഫ് എന്നിവയിലെ ഉദ്യോഗസ്ഥർ സംയുക്ത ഓപ്പറേഷനിൽ ഉൾപ്പെട്ടിരുന്നുവെന്ന് കശ്മീർ സോൺ പോലീസ് എക്‌സിൽ പോസ്റ്റ് ചെയ്തു.
ഇന്ന് രാവിലെയാണ് ഇവിടെ ഏറ്റുമുട്ടൽ ആരംഭിച്ചത്. ജമ്മു കശ്‌മീർ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചതിന് പിന്നാലെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ജമ്മു കശ്മീർ പൊലീസും സൈന്യവും സിആർപിഎഫും ചേർന്നാണ് പ്രദേശത്ത് തിരച്ചിൽ തുടങ്ങിയത്. ഈ ഘട്ടത്തിൽ ഭീകരരുടെ ഭാഗത്ത് നിന്നാണ് ആദ്യം ആക്രമണം ഉണ്ടായത്.
തുടർന്ന് സൈനിക സംഘവും പ്രത്യാക്രമണം നടത്തി. രണ്ടോ മൂന്നോ ഭീകരർ ഇപ്പോഴും വനമേഖലയിൽ ഒളിച്ചിരിക്കുന്നതായാണ് വിവരം. സ്ഥലത്തേക്ക് കൂടുതൽ സൈനികരെ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഏറ്റുമുട്ടൽ തുടരുകയാണ്. പരിക്കേറ്റ സൈനികനെ ആശുപത്രിയിലേക്ക് മാറ്റിതായാണ് വിവരം. ഇദ്ദേഹത്തിൻ്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വ്യക്തമായ വിവരം പുറത്തുവന്നിട്ടില്ല.
നേരത്തെ, ജമ്മു കശ്മീരിലെ ഗുരേസ് സെക്ടറിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടിരുന്നു. അവരിൽ ഒരാൾ ‘മനുഷ്യ ജിപിഎസ്’ എന്നറിയപ്പെടുന്ന ബാഗു ഖാൻ ആണെന്ന് തിരിച്ചറിഞ്ഞു. 1995 മുതൽ 100-ലധികം നുഴഞ്ഞുകയറ്റ ശ്രമങ്ങളിൽ ഉൾപ്പെട്ടതിനാൽ പതിറ്റാണ്ടുകളായി സുരക്ഷാ സേന തിരയുന്നയാളായിരുന്നു അദ്ദേഹം. എല്ലാ നുഴഞ്ഞുകയറ്റ വഴികളും അയാൾക്ക് അറിയാമായിരുന്നുവെന്നും പിടിക്കപ്പെടാതെ അവർക്ക് സൗകര്യമൊരുക്കിയിരുന്നെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

