മലപ്പുറം: കുറ്റിപ്പുറം പള്ളിപ്പടിയിൽ കൈലാസ് ഓഡിറ്റോറിയത്തിന് സമീപം വിവാഹ പാർട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് വൻ അപകടം. വേഗതയിലെത്തിയ ബസ് കാറിൽ ഇടിച്ച് റോഡ് വീതി കുറയുന്ന സ്ഥലത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 12മണിയോടെ ദേശീയപാതയിൽ നിര്‍മാണം നടക്കുന്ന സ്ഥലത്താണ് കോട്ടക്കൽ ഭാഗത്ത് നിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും നില ഗുരുതരമല്ലെന്നാണ് വിവരം.
ബസ് വേഗതയിലായിരുന്നുവെന്നും നിയന്ത്രണം വിട്ടാണ് ഡിവൈഡറിലും കാറിലുമിടിച്ച് മറിഞ്ഞതെന്നുമാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ദേശീയപാത നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാൽ തന്നെ റോഡിൽ പലയിടത്തായി കുഴികളുണ്ടെന്നും സ്ഥിരം അപകടമേഖലയാണെന്നും മുന്നറിയിപ്പ് ബോര്‍ഡുകളോ മറ്റു സുരക്ഷാ സംവിധാനമോ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. അപകടത്തെതുടര്‍ന്ന് റോഡിൽ ഗതാഗത തടസം നേരിടുകയാണ്. നിലവിൽ ക്രെയിൻ ഉപയോഗിച്ച് ബസ് റോഡിൽ നിന്ന് മാറ്റിയിട്ടുണ്ട്.

