കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പനി ബാധിച്ച് ചികിത്സക്കെത്തിയ ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും അന്നശ്ശേരി സ്വദേശിയായ യുവാവിനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരുടെയും വീടുകളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി ജലത്തിന്‍റെ സാംപിളുകൾ ശേഖരിച്ചു. മൂന്ന് മാസം പ്രായമുള്ള കുട്ടിയുടെ രോഗകാരണമായ ജലസ്രോതസ് വീട്ടിലെ കിണര്‍ ആണെന്ന് സ്ഥിരീകരിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജിലാണ് കുട്ടി ചികിത്സയില്‍ കഴിയുന്നത്. ചതുപ്പ് നിലത്തോട് ചേർന്ന സ്ഥലത്താണ് കിണർ സ്ഥിതി ചെയ്യുന്നത്. നിലവില്‍ വീട്ടിലെ കിണർ വറ്റിച്ചിട്ടുണ്ട്. സമീപത്തെ കിണറുകളിലെ ജലം പരിശോധനയ്ക്കയച്ചു.
വെള്ളിയാഴ്ചയാണ് താമരശ്ശേരിയിൽ നാലാം ക്ലാസുകാരി അനയ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. ഈ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കുട്ടി നീന്തൽ പരിശീലിച്ച കുളത്തിൽ ഉൾപ്പെടെ ആരും ഇറങ്ങരുതെന്നാണ് നിർദേശം.

