മതപരിവർത്തനം തടയാൻ കർശന നിയമം; ‘മതം മാറാന്‍ ആഗ്രഹിക്കുന്നവര്‍ രണ്ട് മാസം മുന്‍പ് പ്രാദേശിക അധികൃതര്‍ക്ക് നോട്ടീസ് നൽകണമെന്ന വ്യവസ്ഥ വന്നേക്കും’; ഛത്തീസ്ഗഡ് സർക്കാർ

0

റായ്പൂര്‍: മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം തടയുന്നതിനുള്ള നിയമം കൂടുതല്‍ കടുപ്പിക്കാന്‍ ഒരുങ്ങി ഛത്തീസ്ഗഡ് സര്‍ക്കാര്‍. മതപരിവർത്തനം തടയുന്നതിനായി കർശനമായ നിയമം കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നും വരുന്ന നിയമസഭാ ശീതകാല സമ്മേളനത്തിൽ ഇക്കാര്യത്തിൽ ഒരു നിയമനിർമ്മാണം നടത്തുമെന്നും ആഭ്യന്തര വകുപ്പ് വഹിക്കുന്ന ഛത്തീസ്ഗഢ് ഉപമുഖ്യമന്ത്രി വിജയ് ശർമ്മ പറഞ്ഞു. മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ പശ്ചാത്തലത്തിലാണ് നീക്കം.

നിലവിലുള്ള ഛത്തീസ്ഗഢ് മതസ്വാതന്ത്ര്യ നിയമം കൂടുതൽ കർശനമാക്കുന്നതിനുള്ള പദ്ധതിയിൽ സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും ഇതിനായി ഇതുവരെ 52 യോഗങ്ങൾ നടന്നിട്ടുണ്ടെന്നും ശർമ്മ പറഞ്ഞു. “സംസ്ഥാനത്ത് മതപരിവർത്തനം തടയുന്നതിന് നിലവിലുള്ള നിയമത്തിന് കൂടുതൽ ശക്തി നൽകുന്നതിനായി നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ നിയമനിർമ്മാണം നടത്താൻ ഞങ്ങൾ പദ്ധതിയിടുന്നു”, അദ്ദേഹം പറഞ്ഞു.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് കൂടുതല്‍ ശിക്ഷ ലഭിക്കുന്ന ചട്ടങ്ങള്‍ പുതിയ ഭേദഗതിയില്‍ വന്നേക്കും. മതം മാറാന്‍ ആഗ്രഹിക്കുന്നവര്‍ രണ്ട് മാസം മുന്‍പ് പ്രാദേശിക അധികൃതര്‍ക്ക് നോട്ടീസ് നല്‍കണമെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭേദഗതി പ്രാബല്യത്തില്‍ വരുന്ന പക്ഷം മതപരിവര്‍ത്തനത്തിന്റെ പേരില്‍ സംസ്ഥാനത്തെ ക്രൈസ്തവ മിഷണറികള്‍ക്കെതിരെ പൊലീസ് നടപടികള്‍ കൂടുതല്‍ ശക്തമാകും. വെറും വാക്കുകളുടെ പേരില്‍ പോലും പലരും സംശയത്തിന്റെ നിഴലിലാകും. മതപരിവര്‍ത്തന നിയമ ഭേദഗതിക്കുള്ള രൂപരേഖ തയ്യാറാക്കിവരികയാണെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി വിജയ് ശര്‍മ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

നിര്‍ബന്ധിത മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയായിരുന്നു മലയാളികളായ കന്യാസ്ത്രീകള്‍ പ്രീതി മേരിയേയും വന്ദന ഫ്രാന്‍സിസിനേയും പൊലീസ് അറസ്റ്റ് ചെയ്ത്. ഇവര്‍ക്കൊപ്പം ഛത്തീസ്ഗഡ് നാരായണ്‍പുര്‍ സ്വദേശിയായ ആദിവാസി 19കാരന്‍ സുഖ്മായിയേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ പരാതിയിലായിരുന്നു നടപടി. ആദ്യം റെയില്‍വേ പൊലീസ് എടുത്ത കേസ് നിലവില്‍ എന്‍ഐഎയില്‍ എത്തിനില്‍ക്കുകയാണ്.

കന്യാസ്ത്രീകള്‍ നിര്‍ബന്ധിത പരിവര്‍ത്തനം നടത്തിയെന്നായിരുന്നു തുടക്കം മുതല്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ വാദിച്ചത്. ഇതിന് തെളിവുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കവെ മജിസ്‌ട്രേറ്റ്, സെഷന്‍സ്, എന്‍ഐഎ കോടതികളില്‍ സര്‍ക്കാര്‍ നിലപാട് തുടര്‍ന്നു. എന്നാല്‍ എന്‍ഐഎ കോടതി കന്യാസ്ത്രീകള്‍ക്ക് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. കേസ് എന്‍ഐഎയാണ് നിലവില്‍ അന്വേഷിക്കുന്നത്. കന്യാസ്ത്രീകള്‍ക്കെതിരെ കേസ് റദ്ദാക്കണമെന്ന ആവശ്യം ശക്താണ്.

LEAVE A REPLY

Please enter your comment!
Please enter your name here