കൊച്ചി: ചലച്ചിത്ര-മിമിക്രി താരം കലാഭവൻ നവാസിന്റെ മരണത്തിൽ ഞെട്ടിയിരിക്കുകയാണ് സിനിമാലോകം. വെള്ളിയാഴ്ച്ച രാത്രി 9:10 ഓടെയാണ് 51 വയസുകാരനായ കലാഭവൻ നവാസ് ഹോട്ടൽ മുറിയിൽ മരിച്ചുകിടക്കുന്നതായി ചോറ്റാനിക്കരയിലെ ഹോട്ടൽ റൂംബോയ് കണ്ടത്. ഹോട്ടൽ ജീവനക്കാർ വാതിൽ തുറന്നു അകത്ത് കയറിയപ്പോൾ നവാസ് നിലത്തു കിടക്കുന്ന നിലയിലായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ചോറ്റാനിക്കരയിൽ എത്തിയതായിരുന്നു. ഹൃദയാഘാതമാണ് നവാസിന്റെ മരണത്തിനിടയാക്കിയതെന്ന് അദ്ദേഹവുമായി അടുപ്പമുള്ള സുഹൃത്തുക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ അക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
നാടനും നാടക കലാകാരനുമായിരുന്ന അബൂബക്കർ ആണ് നവാസിന്റെ പിതാവ്. മിമിക്രി വേദികളിലൂടെ മലയാളികൾക്ക് സുപരിചിതനായ നവാസ് കലാഭവൻ മിമിക്രി ട്രൂപ്പിൽ അംഗമായിരുന്നു. സഹോദരൻ നിയാസ് ബക്കറിനൊപ്പവും അദ്ദേഹം നിരവധി ഷോകളുടെ ഭാഗമായിട്ടുണ്ട്. മിമിക്രി വേദികളിൽ നിന്നും അദ്ദേഹം സിനിമാമേഖലയിലും ടെലിവിഷൻ രംഗത്തും സജീവമായി. 1995-ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ജൂനിയർ മാൻഡ്രേക്ക്, അമ്മ അമ്മായിയമ്മ, മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടി മച്ചാൻ, ചന്ദാമാമ, മൈ ഡിയർ കരടി, വൺമാൻ ഷോ, വെട്ടം, ചട്ടമ്പിനാട്, കോബ്ര, എബിസിഡി, മൈലാഞ്ചി മൊഞ്ചുള്ള വീട്, മേരാ നാം ഷാജി എന്നിവയാണ് പ്രധാന ചിത്രങ്ങൾ. ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ആണ് അവസാനമായി തിയേറ്ററിലെത്തിയ ചിത്രം.
നടി രഹ്ന നവാസ് ആണ് ഭാര്യ. 2002-ലാണ് ഇരുവരും വിവാഹിതരാകുന്നത്.

