തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കാനുള്ള സമയപരിധി നീട്ടി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചതനുസരിച്ച്, ഓഗസ്റ്റ് 12 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാനും നിലവിലെ വിവരങ്ങളിൽ മാറ്റങ്ങൾ വരുത്താനും അവസരമുണ്ട്.
നേരത്തെ, ഓഗസ്റ്റ് 8 ആയിരുന്നു സമയപരിധി. കൂടുതൽ ആളുകൾക്ക് അവസരം നൽകുന്നതിനു വേണ്ടിയാണ് ഈ സമയപരിധി നീട്ടിയത്. കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ വർഷം അവസാനത്തോടെ കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുമെന്നതിനാൽ വോട്ടർപട്ടിക പുതുക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർണായകമായി കാണുന്നു.

