ന്യൂഡൽഹി: ആഭ്യന്തര ക്രിക്കറ്റ് നിയമത്തിൽ നിർണായക മാറ്റത്തിനൊരുങ്ങി ബിസിസിഐ. മത്സരത്തിനിടെ താരങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റാൽ പകരക്കാരെ ഇറക്കുന്നതിനാണ് പുതിയ നിയമം. വരാനിരിക്കുന്ന ആഭ്യന്തര സീസണിൽ ഇത് നടപ്പിലാക്കിയേക്കും എന്നാണ് സൂചന. ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റർ ക്രിക്കറ്റ് ടെസ്റ്റിൽ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് കാൽപാദത്തിന് പരിക്കേറ്റ് പുറത്തായ പശ്ചാത്തലത്തിലാണ് നിർണായക മാറ്റത്തിന് തയാറെടുക്കുന്നത്. രഞ്ജി ട്രോഫി, ദുലീപ് ട്രോഫി ടൂർണമെന്റുകളിലാകും പുതിയ നിയമം ആവിഷ്‌കരിക്കുക. മുഷ്താഖ് അലി ട്രോഫി ടി20, വിജയ് ഹസാരെ ഉൾപ്പെടെയുള്ള ഒരു ദിവസം കൊണ്ട് പൂർത്തിയാവുന്ന മത്സരങ്ങളിൽ ഇത്തരത്തിൽ പകരം കളിക്കാരെ ഇറക്കാനാവില്ല. ഐപിഎല്ലിലും ഇത്തരമൊരു നിയമം നടപ്പിലാക്കില്ല.
കളിക്കിടയിലോ കളി നടക്കുന്ന ഗ്രൗണ്ടിലോ വെച്ചുണ്ടാകുന്ന ഗുരുതര പരിക്കുകൾക്ക് മാത്രമായിരിക്കും പകരം കളിക്കാരെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്താൻ അനുമതിയുണ്ടാകുകയെന്നാണ് റിപ്പോർട്ട്. പരിക്കേറ്റ് പുറത്ത് പോയത് ബാറ്ററാണെങ്കിൽ പകരം ബാറ്ററെ മാത്രമാകും സബ്സ്റ്റിറ്റിയൂട്ടായി കളിപ്പിക്കാനാകുക. സമാനമായി ബൗളർമാരെയും വിക്കറ്റ് കീപ്പറേയും ഉൾപ്പെടുത്താം. ഇവർക്ക് ബാറ്റ്,ബൗൾ ചെയ്യാനാകും

