ആലുവ: ആലിൻ ജോസ് പെരേരക്കെതിരെ പരാതിയുമായി യുവാവ്. കാറിന്റെ സ്റ്റിയറിങ് പിടിച്ചുതിരിച്ച് അപകടമുണ്ടാക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. ആലിൻ ജോസ് പെരേര ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് ആരോപിച്ച് പെരുമ്പാവൂർ മുടിക്കൽ സ്വദേശി ആഷിഷ് എ.കെയാണ് പരാതി നൽകിയത്.
ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നതിങ്ങനെ: കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ രാമ്പനെടി എന്ന സ്ഥലത്തുകൂടി തന്റെ KL 40 Q 3613 നമ്പർ കാറിൽ യാത്ര ചെയ്യുകയായിരുന്നു. ഈ സമയം വാഹനത്തിലുണ്ടായിരുന്ന ആലിൻ ജോസ് പെരേര യാതൊരു പ്രകോപനവുമില്ലാതെ സ്റ്റിയറിങ് ബലമായി പിടിച്ചുതിരിക്കാൻ ശ്രമിച്ചു.
ഇതേത്തുടർന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും വലിയൊരു അപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയുമായിരുന്നു.
സംഭവത്തിന് ശേഷം കാറിന്റെ ഡോർ ശക്തിയായി അടിച്ചു തകർക്കാൻ ശ്രമിച്ച ആലിൻ, കാർ കത്തിച്ചുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഈ സംഭവത്തിന് ദൃക്‌സാക്ഷികളുണ്ടെന്നും പരാതിയിൽ പറയുന്നു.
അതിക്രമത്തിനു ശേഷം ആലിൻ ജോസ് പെരേര സമൂഹമാധ്യമങ്ങളിലൂടെ താൻ ആക്രമിക്കപ്പെട്ടു എന്ന തരത്തിൽ വ്യാജ പ്രചാരണം നടത്തുകയും ചെയ്തു.
ഇത് തന്റെ വ്യക്തിപരമായ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്നും ആഷിഷ് പരാതിയിൽ ചൂണ്ടിക്കാട്ടി. വിഷയത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

