ഇന്നത്തെ കാലത്ത് നിരവധി ആളുകൾ വിമാനയാത്രകൾ തിരഞ്ഞെടുക്കാറുണ്ട്. വിമാനയാത്രയിൽ ഏറ്റവും വലിയ പ്രശ്നം ഫ്ലൈറ്റിനായുള്ള കാത്തിരിപ്പാണ് അല്ലെ? എന്നാൽ നിങ്ങൾ പൂനെ വിമാനത്താവളത്തിൽ പോയാൽ കാത്തിരുന്ന് മുഷിയേണ്ടി വരില്ല. ഇഷ്ടമുള്ള പുസ്തകങ്ങൾ ഒക്കെ വായിച്ച് സുഖമായി ഫ്ലൈറ്റ് കാത്തിരിക്കാം. പൂനെ എയർപോർട്ടിൽ ഒരു ചെറു വായനശാല തന്നെ സ്ഥാപിച്ചിരിക്കുകയാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ.
ടെർമിനലിന്റെ കാത്തിരിപ്പ് കേന്ദ്രത്തിന്റെ അടുത്തായാണ് ചെറിയ ലൈബ്രറി ഉള്ളത്. ഫിക്ഷൻ, നോൺ ഫിക്ഷൻ, യാത്ര, ജീവചരിത്രം തുടങ്ങി എല്ലാ വിധത്തിലുള്ള പുസ്തകങ്ങളും ഇവിടെ ലഭിക്കും. മെമ്പർഷിപ്പോ റെജിസ്ട്രേഷനോ ഒന്നും ആവശ്യമില്ല. എല്ലാവർക്കും ഇഷ്ടാനുസരണം പുസ്തകം വായിക്കാം. രാജ്യത്ത് ആദ്യമായാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഒരു വിമാനത്താവളത്തിൽ ലൈബ്രറി തുടങ്ങുന്നത്. വിജയമായാൽ മറ്റ് വിമാനത്താവളങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

