വെള്ളിക്കുളങ്ങര ഹാരിസന്‍ എസ്‌റ്റേറ്റിലെ ബംഗ്ലാവിന് നേരെ കാട്ടാന ആക്രമണം; അടുക്കള ഗ്രില്ല് തകര്‍ത്തു, അകത്തുണ്ടായിരുന്ന സാധന സാമഗ്രികൾ നശിപ്പിച്ചു

0

തൃശൂർ: വെള്ളിക്കുളങ്ങര ഹാരിസന്‍ എസ്‌റ്റേറ്റിൽ കാട്ടാന ആക്രമണം. ചൊക്കന ഹാരിസന്‍ എസ്‌റ്റേറ്റിലെ മാനേജരുടെ ബംഗ്ലാവിന് നേരെയായിരുന്നു കാട്ടാന ആക്രമണമുണ്ടായത്. ബംഗ്ലാവിന് പുറകിലെ അടുക്കളുടെ ഭിത്തിയിലുള്ള ഗ്രില്ല് ആന തകർക്കുകയും അടുക്കളയിൽ ഉണ്ടായിരുന്ന സാധനസാമഗ്രികള്‍ തുമ്പിക്കൈ കൊണ്ട് വലിച്ചു പുറത്തിടുകയും നശിപ്പിക്കുകയും ചെയ്തു. ഇന്നലെ രാത്രിയാണ് ബംഗ്ലാവിന് നേരെ ആനയുടെ ആക്രമണമുണ്ടായത്.

ചൊക്കന എസ്റ്റേറ്റിലെ അസിസ്റ്റന്റ് മാനേജര്‍ താമസിക്കുന്ന ബംഗ്ലാവില്‍ ആണ് ആനയുടെ ആക്രമണമുണ്ടായത്. ഗ്രില്ല് തകര്‍ത്ത ശേഷം തുമ്പിക്കൈ അകത്തിട്ട് അടുക്കളയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍, പലവ്യഞ്ജനങ്ങള്‍ തുടങ്ങിയവ ആന പുറത്തേക്ക് വലിച്ചിട്ടു. അടുക്കളയിലുണ്ടായിരുന്ന മേശയും പുറത്തേക്ക് വലിച്ചിട്ടു. സംഭവസമയത്ത് ബംഗ്ലാവില്‍ ആരുമില്ലാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്.

അതേസമയം, മൂന്നാറിൽ ഉണ്ടായ മറ്റൊരു സംഭവത്തിൽ കാട്ടാനക്കൂട്ടം സ്കൂൾ തകർത്തു. കന്നിമല ഈസ്റ്റ് ഡിവിഷനിൽ പ്രവർത്തിക്കുന്ന എൽ.പി സ്കൂളിന് നേരെയാണ് കാട്ടാന കൂട്ടത്തിന്‍റെ ആക്രമണം. സ്കൂളി​ന്റെ ജനൽ ചില്ലുകൾ തകർത്തു. തുടർന്ന് സ്റ്റോർ റൂമിന്‍റെ ഭിത്തി തകർക്കുകയും കുട്ടികളുടെ ഉച്ചഭക്ഷണത്തിനായുള്ള അരി ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കൾ അകത്താക്കുകയും ചെയതു. മൂന്ന് ആനകളാണ് പ്രദേശത്ത്​ നാശം വിതച്ചത്. 15 ദിവസത്തേക്ക് കരുതിയിരുന്ന ഭക്ഷ്യസാധനങ്ങളാണ് കാട്ടാനകൾ പൂർണമായും നശിപ്പിച്ചത്.

പ്രഥമാധ്യാപകന്‍റെ ക്വാർട്ടേഴ്‌സിനും കേടുപാടുവരുത്തി. മൂന്നാറിൽനിന്ന് ആർ.ആർ.ടി സംഘമെത്തി പരിശോധന നടത്തി. മുമ്പും സ്കൂളിനു നേരെ കാട്ടാന ആക്രമണം നടന്നിരുന്നു. പടയപ്പയെന്ന കാട്ടാനയും ശല്യം തുടരുന്നുണ്ട്. ചെണ്ടുവര ഈസ്റ്റ്​ ഡിവിഷനിലാണ് പടയപ്പ ഇറങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here