തിരുവനന്തപുരം: കേരളത്തിൽ ദിനംപ്രതി രൂക്ഷമായിക്കൊണ്ടിരിക്കുന്ന തെരുവുനായ ശല്യത്തിനെതിരെ സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധം. കുട്ടികളുടെ അടക്കം നിരവധി ജീവനുകൾ പൊലിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ല. കുളിപ്പിച്ച് കുളിപ്പിച്ച് കുഞ്ഞില്ലാണ്ടായി എന്ന് പറഞ്ഞപോലെയാണ് എ.ബി.സി നിയമമെന്ന് ബിജു പ്രഭാകർ ഐഎഎസ് ( റിട്ട) പ്രതിഷേധത്തിൽ ആരോപിച്ചു. സർക്കാർ ഇതൊന്നും കാണുന്നിലെയെന്നും പ്രതിഷേധക്കാർ ചോദിച്ചു.
ചില വാക്സിൻ കമ്പനികളുടെ ലോബി സുപ്രീംകോടതിയിൽ വരെ വക്കീലന്മാരെ നിയമിച്ചിരിക്കുന്നു. ആൻ്റി റാബിസ് വാക്സിൻ ലോബി കേരളത്തിലും പ്രവർത്തിക്കുന്നു. പൈസ മുടക്കിയാൽ ഗോവിന്ദച്ചാമിക്ക് വരെ വക്കീലിനെ കിട്ടുന്ന നാടാണ് കേരളം. വിചാരണ തടവുകാർ ഇന്ത്യയിലെ ജയിലുകളിൽ പെരുകുകയാണ് ഇവർക്ക് വേണ്ടി സംസാരിക്കാൻ വക്കീലമാരില്ല, പക്ഷേ പട്ടിക്കുവേണ്ടി സംസാരിക്കാൻ ആളുണ്ടെന്നും അദ്ദേഹം പരിഹസിച്ചു
ഡൽഹിയിലെ തെരുവുനായ്ക്കളെയെല്ലാം എട്ടാഴ്ചയ്ക്കുള്ളിൽ പിടികൂടി ഷെൽട്ടറുകളിലേക്കു മാറ്റണമെന്ന ഉത്തരവിനെതിരായ ഹർജികൾ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് വിധി പറയാനായി മാറ്റി. സ്റ്റേ ആവശ്യം ഉന്നയിച്ചുള്ള ഹർജികളാണ് വിധി പറയാൻ മാറ്റിയത്. തെരുവുനായ് ശല്യം പരിഹരിക്കാൻ പാർലമെന്‍റ് നിയമങ്ങളും ചട്ടങ്ങളുമുണ്ടാക്കുന്നുണ്ടെങ്കിലും അവ നടപ്പാക്കുന്നില്ല. ചെയ്യേണ്ട കാര്യങ്ങൾ അധികൃതർ ചെയ്യുന്നില്ല.
അതിന്‍റെ ഉത്തരവാദിത്തം അവർ ഏറ്റെടുക്കുക തന്നെ വേണമെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേഹ്ത, എൻവി അഞ്ജാരിയ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. കോടതി ഉത്തരവിനെതിരെ ഉയർന്ന പ്രതിഷേധങ്ങളിലും വിമർശനങ്ങളിലും കോടതി അതൃപ്തി രേഖപ്പെടുത്തി. തെരുവുനായ്ക്കളെയെല്ലാം എട്ടാഴ്ചയ്ക്കുള്ളിൽ പിടികൂടി ഷെൽട്ടറുകളിലേക്കു മാറ്റണമെന്ന കർശന നിർദേശം ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ഓഗസ്റ്റ് 11നാണ് നൽകിയത്.
കേന്ദ്രത്തിൽ നിന്നുള്ള വാദങ്ങൾ മാത്രമേ കേൾക്കൂ എന്നും നായ പ്രേമികളുടെയോ മറ്റേതെങ്കിലും കക്ഷിയുടെയോ ഹർജികൾ ഈ വിഷയത്തിൽ പരിഗണിക്കില്ലെന്നും കോടതി പറഞ്ഞിരുന്നതാണ്. പൊതുതാൽപ്പര്യത്തിന് വേണ്ടിയാണ് ചെയ്യുന്നത്. അതിനാൽ, ഒരു തരത്തിലുള്ള വികാരങ്ങളും ഇതിൽ ഉൾപ്പെടരുത്. എത്രയും വേഗം നടപടിയെടുക്കണമെന്നും ജസ്റ്റിസ് പർദിവാല പറഞ്ഞിരുന്നു. എല്ലാ പ്രദേശങ്ങളിൽ നിന്നും നായ്ക്കളെ പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്റുക. തൽക്കാലം, നിയമങ്ങൾ മറക്കണമെന്നും തെരുവ് നായ്ക്കളുടെ ശല്യം പരിഹരിക്കാൻ സ്വീകരിക്കാവുന്ന നടപടികൾ നിർദ്ദേശിച്ച അമിക്കസ് ക്യൂറി ഗൗരവ് അഗർവാലയോട് അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തിൽ ജസ്റ്റിസ് പർദിവാല സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ അഭിപ്രായം തേടി. തെരുവ് നായ്ക്കളെ മാറ്റിപ്പാർപ്പിക്കുന്നതിനായി ഡൽഹിയില്‍ ഒരു സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു, എന്നാൽ മൃഗാവകാശ പ്രവർത്തകർ സ്റ്റേ ഓർഡർ നേടിയതിനെത്തുടർന്ന് പദ്ധതി സ്തംഭിച്ചു.
ഈ മൃഗസംരക്ഷണ പ്രവർത്തര്‍ക്ക് പേവിഷബാധയ്ക്ക് ഇരയായവരെ തിരികെ കൊണ്ടുവരാൻ കഴിയുമോ? തെരുവുകളെ നായ്ക്കളിൽനിന്ന് പൂർണ്ണമായും മുക്തമാക്കണമെന്നും തെരുവ് നായ്ക്കളെ ദത്തെടുക്കാൻ അനുവദിക്കില്ലെന്നും ബെഞ്ച് കൂട്ടിച്ചേർത്തു. ആളുകൾ നായയെ കുറച്ച് ദിവസത്തേക്ക് ദത്തെടുത്ത ശേഷം വീണ്ടും പുറത്തു വിടുമോ എന്ന ആശങ്ക സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഉന്നയിച്ചു.
ഡൽഹി എൻസിആർ മേഖലയിലെ ദേശീയ തലസ്ഥാനമായ നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലെ പൗര അധികാരികളോട് ഉടൻ തന്നെ നായ സംരക്ഷണ കേന്ദ്രങ്ങൾ നിർമ്മിക്കാനും തെരുവ് നായ്ക്കളെ മാറ്റാനും കോടതിയെ അറിയിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ഈ അഭയകേന്ദ്രങ്ങളിൽ നായ്ക്കളെ കൈകാര്യം ചെയ്യാനും വന്ധ്യംകരണവും പ്രതിരോധ കുത്തിവയ്പ്പും നടത്താനും കഴിയുന്ന പ്രൊഫഷണലുകൾ ഉണ്ടായിരിക്കണമെന്നും നായ്ക്കളെ പുറത്തുവിടരുതെന്നും കോടതി പറഞ്ഞിരുന്നു.
ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം, ഈ വർഷം ജനുവരി മുതൽ ജൂൺ വരെ ദേശീയ തലസ്ഥാനത്ത് ആകെ 49 റാബിസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഈ കാലയളവിൽ തലസ്ഥാനത്ത് 35,198 മൃഗങ്ങളുടെ കടിയേറ്റ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. എല്ലാ വർഷവും ഏകദേശം 60,000 പേരുടെ ജീവൻ റാബീസ് അപഹരിക്കുന്നു.

