ലഖ്നൗ: പതിനൊന്നുമാസം പ്രായമുള്ള പെൺകുട്ടിയെ പതിനഞ്ചുകാരൻ ബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ ബാഗ്പത്തിലാണ് സംഭവം. അയൽവാസിയായ പെൺകുട്ടിയെയാണ് പ്രായപൂർത്തിയാകാത്ത ബാലൻ പീഡനത്തിനിരയാക്കിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് പതിനഞ്ചുകാരൻ പെൺകുട്ടിയെ കളിക്കാൻ കൂടെകൂട്ടുകയാണെന്നും പറഞ്ഞ് തന്റെ വീട്ടിലേക്ക് കൊണ്ടുപോയത്.
വീടിനു സമീപത്ത് ചെറിയ പലചരക്ക് കട നടത്തുകയാണ് പെൺകുട്ടിയുടെ അച്ഛൻ. വീട്ടുകാർക്ക് പരിചിതനായ പ്രതി കുട്ടിയോടൊപ്പം കളിക്കാനായി ഇടക്കിടെ വീട്ടിൽ എത്താറുണ്ടായിരുന്നു. വ്യാഴാഴ്ച കുട്ടിയെ കളിക്കാൻ കൂടെക്കൂട്ടുകയാണെന്നും പറഞ്ഞ് പ്രതി സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. വീട്ടിലെ സ്ഥിരം സന്ദർശകനായതിനാൽ മാതാപിതാക്കളും എതിർത്തില്ല.
എന്നാൽ പിന്നാലെ പെൺകുട്ടിയുടെ തുടർച്ചയായ കരച്ചിൽകേട്ട് മാതാപിതാക്കൾ പതിനഞ്ചുകാരന്റെ വീട്ടിലേക്കു ചെല്ലുകയായിരുന്നു. സ്ഥലത്തെത്തിയപ്പോൾ പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നതാണ് മാതാപിതാക്കൾ കണ്ടത്. ഇവർ ബഹളം വച്ചതിന് പിന്നാലെ സമീപ പ്രദേശത്തുള്ളവരും സ്ഥലത്തെത്തി. എല്ലാവരും ചേർന്ന് പ്രതിയെ സംഭവസ്ഥലത്ത് വെച്ച് തന്നെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
പെൺകുഞ്ഞിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ വ്യക്തമാക്കി. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പതിനഞ്ചുകാരനെ അറസ്റ്റ് ചെയ്തു. ബിഎൻഎസ് സെക്ഷൻ 65 (ബലാത്സംഗം), പോക്സോ നിയമത്തിലെ സെക്ഷൻ 5/6 എന്നിവ പ്രകാരമാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

