വളപട്ടണം: കണ്ണൂരിൽ പതിനേഴുകാരി പ്രസവിച്ച സംഭവത്തിൽ ഭർത്താവ് പോക്സോ കേസിൽ അറസ്റ്റിൽ. തമിഴ്നാട് സേലം സ്വദേശിയായ 34-കാരനാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലാണ് പതിനേഴുകാരി കുഞ്ഞിന് ജന്മം നൽകിയത്. ഇരുവരും നിയപരമായി വിവാഹിതരാണെന്ന് ബന്ധുക്കൾ പറഞ്ഞു. സേലത്തുവെച്ചാണ് ഇവർ വിവാഹം കഴിച്ചത്. യുവതിയും സേലം സ്വദേശിനിയാണ്.
എന്നാൽ ഇവർ പാപ്പിനിശ്ശേരിയിൽ താമസമാക്കുകയായിരുന്നു. ആശുപത്രി അധികൃതർ ഭാര്യയുടെ വയസ്സ് ചോദിച്ചപ്പോൾ 17 എന്ന് പറഞ്ഞതിന് പിന്നാലെ അധിക്യതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെ പരാതിപ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർചെയ്തത്. വളപട്ടണം ഇൻസ്പെക്ടർ വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തി പോക്സോ കേസ് പ്രകാരം ഭർത്താവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ റിമാൻഡ് ചെയ്തു.
മറ്റൊരു സംഭവത്തിൽ കഴിഞ്ഞ ദിവസം കാസർഗോഡ് പീഡനത്തിനിരയായ പതിനേഴുകാരി പ്രസവിച്ച സംഭവത്തിൽ ബന്ധുവായ യുവാവ് അറസ്റ്റിലായി. രഹസ്യമായി കുഞ്ഞിനെ അനാഥ മന്ദിരത്തിൽ കൈമാറാനുള്ള ശ്രമത്തിനിടെയാണ് സംഭവം പുറത്തറിഞ്ഞത്. ബദിയഡുക്ക പൊലീസാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. പ്ലസ് ടു കഴിഞ്ഞ പെൺകുട്ടിക്ക് വീട്ടിൽ വച്ചാണ് യുവാവിൽനിന്ന് പീഡനം ഉണ്ടായത്. വയറുവേദനയെ തുടർന്ന് പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് ഗർഭിണിയാണെന്ന് വ്യക്തമായത്.

