വ്യാപക ആക്രമണം; ഒറ്റ രാത്രികൊണ്ട് കൊല്ലപ്പെട്ടത് 92 പേര്‍, ഗാസയിൽ നരഹത്യ തുടര്‍ന്ന് ഇസ്രായേൽ

0

ടെൽ അവിവ്: ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. ഇന്നലെ നടന്ന ആക്രമണത്തിൽ 92 പേര്‍ കൊല്ലപ്പെട്ടു. അഭയാർത്ഥി ക്യാമ്പിലെ വാട്ടർ ടാങ്കറിന് സമീപം വെള്ളം നിറക്കാൻ ക്യൂ നിന്നവർക്ക് നേരെ ഇസ്രായേൽ കഴിഞ്ഞ ദിവസം ആക്രണം നടത്തിയിരുന്നു. വ്യാപക ആക്രമണം തുടരുന്നതിനിടെയും ദോഹ ചർച്ചയിൽ പ്രതീക്ഷയർപ്പിച്ച്​ അമേരിക്ക. കരാറുമായി മുന്നോട്ടു പോയാൽ മന്ത്രിസഭയിൽ നിന്ന്​ രാജിവയ്ക്കുമെന്ന്​ തീ​വ്ര വലതുപക്ഷ മന്ത്രിമാർ പ്രഖ്യാപിച്ചു.

ദോഹ ചർച്ച വഴിമുട്ടിയെങ്കിലും ഗാസയിൽ വെടിനിർത്തൽ വൈകില്ലെന്ന്​ അമേരിക്കയുടെ പശ്​ചിമേഷ്യൻ ദൂതൻ സ്റ്റിവ്​ വിറ്റ്​കോഫ് അറിയിച്ചു​. മധ്യസ്ഥ രാജ്യങ്ങളുമായി ആശയവിനിമയം നടക്കുന്നതായും അദ്ദേഹം പ്രതികരിച്ചു. തീവ്ര വലതുപക്ഷ മന്ത്രിമാരായ ബെൻ ഗവിർ, സ്​മോട്രിക്​ എന്നിവരുമായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു ഇന്നലെ വിശദമായ ചർച്ച നടത്തി. യുദ്ധവിരാമവുമായി ബന്​ധപ്പെട്ട ഉറപ്പ്​ നൽകാതെ താൽക്കാലിക വെടിനിർത്തലിന്​ ഹമാസ്​ സന്നദ്ധമാകില്ലെന്ന്​ നെതന്യാഹു ഇവരെ അറിയിച്ചതായാണ്​ റിപ്പോർട്ട്​. കരാറിൽ ഒപ്പുവെച്ചാൽ മന്ത്രിസഭയിൽ നിന്ന്​ രാജി വെക്കുമെന്ന്​ ഇരു മന്ത്രിമാരും നെതന്യാഹുവിനെ അറിയിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു.

എന്നാൽ സർക്കാറിനുള്ള പിന്തുണ ഇവർ പിൻവലിക്കാൻ ഇടയില്ലെന്ന പ്രതീക്ഷയിലാണ്​ നെതന്യാഹു. ഫലസ്തീൻ ജനതയുടെ ലക്ഷ്യവും അഭിലാഷവും മുൻനിർത്തിയുള്ള കരാറിന്​ മാത്രമേ വഴങ്ങൂ എന്ന്​ ഹമാസും ഇസ്‍ലാമിക്​ ജിഹാദും വ്യക്​തമാക്കി. തെൽ അവീവിൽ നെതന്യാഹുവിന്‍റെ ഓഫീസിനു മുമ്പാകെ ഉടൻ വെടിനിർത്തൽ കരാർ വേണമെന്നാവശ്യപ്പെട്ട്​ ആയിരങ്ങൾ റാലി നടത്തി.

അതേസമയം ഗാസയിൽ വ്യാപക വ്യോമാക്രമണങ്ങളിലൂടെയും മറ്റുമായി 92 പേരെയാണ്​ ഇസ്രായേൽ സേന ഇന്നലെ വധിച്ചത്​. അൽ അഹ്‍ലി അറബ് ആശുപത്രിയിലെ ജനറൽ സർജൻ ഡോ. അഹ്മദ് ഖൻദീലും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. പിന്നിട്ട 24 മണിക്കൂറിനുള്ളിൽ 150 വ്യോമാക്രമണങ്ങളാണ്​ ഗാസക്ക്​ നേരെ ഉണ്ടായത്​.

ഗസ്സയിൽ അഭയാർത്ഥി ക്യാമ്പിലെ വാട്ടർ ടാങ്കറിന് സമീപം വെള്ളം നിറക്കാൻ ക്യൂ നിന്നവർക്ക് നേരെ ഇസ്രായേലി​ന്റെ ഡ്രോൺ ആക്രമണം നടന്നിരുന്നു. ആറ് കുട്ടികൾ ഉൾപ്പെടെ പത്ത് പേർ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി അടിയന്തര സേവന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ഇവരുടെ മൃതദേഹങ്ങൾ നുസൈറത്തിലെ അൽ-ഔദ ആശുപത്രിയിലേക്ക് അയച്ചതായും ഏഴ് കുട്ടികൾ ഉൾപ്പെടെ 16 പേർ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സിയിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

അൽ-നുസൈറാത്ത് അഭയാർത്ഥി ക്യാമ്പിലെ വാട്ടർ ടാങ്കറിന് സമീപം ഒഴിഞ്ഞ ജെറി ക്യാനുകളുമായി ക്യൂ നിന്ന ജനക്കൂട്ടത്തിന് നേരെയാണ് ഡ്രോൺ മിസൈൽ പ്രയോഗിച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. കഴിഞ്ഞ ആറ് ആഴ്ചക്കുള്ളിൽ തെക്കൻ ഗസ്സയിലെ റാഫ ഫീൽഡ് ആശുപത്രിയിൽ കൂടുതൽ കൂട്ട മരണ കേസുകൾ ചികിത്സിച്ചതായി അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റി അറിയിച്ചു.

മധ്യ ഗസ്സയിലും ഗസ്സ സിറ്റിയിലും റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് നേരെ ഞായറാഴ്ച നടന്ന മൂന്ന് വ്യത്യസ്ത ആക്രമണങ്ങളിൽ 19 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗസ്സ സിവിൽ ഡിഫൻസ് ഏജൻസി വക്താവ് പറഞ്ഞു. സഹായം സ്വീകരിക്കുന്നതിന് വേണ്ടി വരിനിൽകുന്ന ആളുകൾക്ക് നേരെയുള്ള ആക്രമങ്ങൾ ഇസ്രായേൽ പതിവാക്കിയിരിക്കുകയാണ്. ഇത്തരത്തിൽ നടന്ന ആക്രമണങ്ങളിൽ 789 പേർ കൊല്ലപ്പെട്ടതായി യുഎൻ മനുഷ്യാവകാശ ഓഫീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here