കണ്ണൂർ: കുളത്തിൽ വീണ കുട്ടിയുമായി ആശുപത്രിയിലെത്താൻ പായുന്ന ആംബുലൻസിന് വഴിമുടക്കി ബൈക്ക് യാത്രികൻ. പഴയങ്ങാടിയിൽ നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന ആംബുലൻസിന് മുന്നിലായിരുന്നു യുവാവിന്റെ അഭ്യാസപ്രകടനം. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസിനാണ് ബൈക്ക് യാത്രികൻ തടസം സൃഷ്‌ടിച്ചത്.
താഴെ ചൊവ്വ മുതൽ കാൾടെക്സ് ജംങ്ഷൻ വരെയാണ് ബൈക്ക് ആംബുലൻസിന് മുന്നിൽ വഴി മുടക്കി സഞ്ചരിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ നില ഗുരുതരമാണെന്നാണ് ലഭ്യമാകുന്ന വിവരം. ആംബുലൻസിന് മുന്നിൽ ബൈക്ക് യാത്രികകൻ അഭ്യാസ പ്രകടനം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ അടക്കം പുറത്ത് വന്നിട്ടുണ്ട്. ബൈക്ക് യാത്രക്കാരനെതിരെ നടപടിയുണ്ടായേക്കും എന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

