കാഠ്മണ്ഡു: നേപ്പാളിൽ കമ്മ്യൂണിസ്റ്റു പാർട്ടികളുടെ ഏകീകരണത്തിന് തുടക്കമാകുന്നു. നേപ്പാൾ മുൻ പ്രധാനമന്ത്രി മാധവ് കുമാർ നേപ്പാളും മുൻ ഉപപ്രധാനമന്ത്രി ബാംദേവ് ഗൗതമും തമ്മിൽ നടന്ന ചർച്ചയിലാണ് തങ്ങളുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ലയനത്തിന് ധാരണയായത്. ഈ മാസം പതിനെട്ടിനാണ് സി.പി.എൻ (യൂണിഫൈഡ് സോഷ്യലിസ്റ്റ്), സി.പി.എൻ ഏകത രാഷ്ട്രീയ അഭിയാൻ എന്നീ പാർട്ടികളുടെ ലയന പ്രഖ്യാപനം നടക്കുക.
രാജ്യത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഐക്യത്തിനു വേണ്ടിയുള്ള ശ്രമം എന്നാണ് മാധവ് കുമാർ നേപ്പാളും ബാംദേവ് ഗൗതമും സംയുക്ത പ്രസ്താവനയിൽ ലയനത്തെ കുറിച്ച് പറഞ്ഞത്. ജൂലൈ 18ന് കാഠ്മണ്ഡുവിലെ നാഷനൽ അസംബ്ലി ഹാളിലാണ് ലയനസമ്മേളനമെന്നും അവർ വ്യക്തമാക്കി.
സി.പി.എൻ-യൂനിഫൈഡ് സോഷ്യലിസ്റ്റ് ചെയർമാനായ മാധവ് കുമാർ നേപ്പാളിനെതിരെ കഴിഞ്ഞ മാസം ഭൂമി ദുരുപയോഗ കേസിൽ അഴിമതി വിരുദ്ധ ഏജൻസി കേസെടുത്തിരുന്നു.

