ന്യൂഡല്‍ഹി: ഡല്‍ഹി സീലംപുരില്‍ നാലുനിലക്കെട്ടിടം ഇടിഞ്ഞ് വീണ് വലിയ അപകടം. നിരവധി ആളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരം. നിലവിൽ നാല് പേരെ പുറത്തെടുത്തതായി അഗ്നിരക്ഷാസേന അറിയിച്ചു.
ശനിയാഴ്ച രാവിലെയാണ് ഏഴ് മണിയോടെയാണ് കെട്ടിടം തകര്‍ന്നുവീഴുന്നത്. വലിയ ശബ്ദം കേട്ട് നോക്കിയപ്പോള്‍ തകര്‍ന്നുവീണ കെട്ടിടമാണ് കണ്ടതെന്ന് പ്രദേശവാസി പിടിഐയോട് പ്രതികരിച്ചു. തകര്‍ന്ന കെട്ടിടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രദേശവാസികള്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കി തിരച്ചില്‍ നടത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
പുറത്തെടുത്ത നാല് പേരെയും ആശുപത്രിയിൽ എത്തിച്ചു. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. 42 ഓളം അഗ്നിശമന സേനാംഗങ്ങൾ ഉൾപ്പെടുന്ന ഏഴ് ഫയർ ടെൻഡറുകളുമായി സ്ഥലത്തെത്തിയിട്ടുണ്ട്.കൂടുതൽപ്പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം. പത്ത് പേരടങ്ങുന്ന ഒരു കുടുംബം കെട്ടിടത്തിൽ താമസിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു.

