മോസ്കോ: റഷ്യയുടെ മുൻ ഗതാഗതമന്ത്രി ആത്മഹത്യ ചെയ്തു. പ്രസിഡന്റ് വ്ലാഡ്മിർ പുടിൻ അധികാരത്തിൽ നിന്നും പുറത്താക്കിയതിന് പിന്നാലെയാണ് മുൻ ഗതാഗതമന്ത്രി റൊമാൻ സ്റ്ററോവോയിറ്റ് (53) ജീവനൊടുക്കിയത്. കാറിനുള്ളിൽവെച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. യുക്രൈൻ ഡ്രോൺ ആക്രമണ ഭീഷണിയെ തുടർന്ന് മുന്നൂറോളം വിമാനങ്ങൾ റദ്ദാക്കിയ നടപടി റഷ്യയിൽ വൻ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് പുടിൻ ഗതാഗതമന്ത്രിയായിരുന്ന റൊമാനെ മാറ്റി നൊവ്‌ഗൊരോഡ് മേഖലയുടെ ഗവർണറായിരുന്ന ആൻഡ്രി നികിറ്റിനെ ഇടക്കാല ഗതാഗത മന്ത്രിയായി നിയമിച്ചത്.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിനിടെ ഡ്രോൺ ആക്രമണ ഭീഷണി നിലനിന്നിരുന്നു. ഇതേത്തുടർന്ന് ജൂലൈ അഞ്ച്, ആറ് തീയതികളിൽ മുന്നൂറോളം റഷ്യൻ വിമാനങ്ങൾ റദ്ധാക്കി. ഇതോടെ രാജ്യത്ത് യാത്രാ ബുദ്ധിമുട്ടുകൾ നേരിട്ടെന്ന പേരിലാണ് റൊമാൻ സ്റ്ററോവോയിറ്റിനെ തൽസ്ഥാനത്ത് നിന്ന് പുട്ടിൻ നീക്കം ചെയ്തത് എന്നാണ് റിപ്പോർട്ട്.
റഷ്യയുടെ വ്യോമയാന മേഖലയ്ക്ക് പുറമെ ഷിപ്പിങ് മേഖലകളിലെ പ്രശ്‌നങ്ങളും റൊമാന്റെ മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നതിനു കാരണമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം, കുർസ്‌കിലെ അഴിമതിയുമായി ബന്ധപ്പെട്ട കാരണങ്ങളാണ് റൊമാന് മന്ത്രിസ്ഥാനം നഷ്ടമായതെന്നും വാദങ്ങളുണ്ട്.
2024 മേയിലാണ് റൊമാൻ സ്റ്ററോവോയിറ്റ് റഷ്യയുടെ ഗതാഗത മന്ത്രിയായി അധികാരത്തിലെത്തിയത്. ഗതാഗത മന്ത്രിയായി സ്ഥാനമേൽക്കുന്നതിന് മുൻപ് അഞ്ചുവർഷത്തോളം കുർസ്‌കിലെ ഗവർണറായിരുന്നു റൊമാൻ. മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കി മണിക്കൂറുകൾക്കുള്ളിലാണ് റൊമാൻ ജീവനൊടുക്കിയത്. റൊമാനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നുവെന്നുളള ഉത്തരവ് റഷ്യയുടെ ലീഗൽ ഇൻഫർമേഷൻ പോർട്ടലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ, ഈ ഉത്തരവിൽ അദ്ദേഹത്തെ നീക്കം ചെയ്യാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല.

