ആലപ്പുഴ: ‘അളിയാ കയറല്ലേയെന്ന്’ പറഞ്ഞാൽ കടൽ കയറാതിരിക്കുമോ എന്ന ചോദ്യവുമായി മന്ത്രി സജി ചെറിയാൻ. മത്സ്യഫെഡിന്റെ വിദ്യാഭ്യാസ അവാർഡ് വിതരണച്ചടങ്ങിൽ സംസാരിക്കവെയാണ് മന്ത്രിയുടെ പരാമർശം. കടൽക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ചെല്ലാനത്ത് യൂത്ത് കോൺഗ്രസ് മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. കടൽക്ഷോഭം രൂക്ഷമായ തീരപ്രദേശങ്ങളിൽ സർക്കാരിന്റെ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്നാരോപിച്ചായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. ഇതിനോട് പ്രതികരിക്കവെയാണ് കടൽ കയറുമ്പോൾ ‘അളിയാ കയറല്ലേയെന്ന്’ പറഞ്ഞാൽ കടൽ കയറാതിരിക്കുമോയെന്ന ചോദ്യം മന്ത്രി ഉയർത്തിയത്.
കടലിൽ വിവിധ പ്രതിഭാസങ്ങൾ സംഭവിക്കുകയാണെന്നാണു പഠനങ്ങൾ തെളിയിക്കുന്നത്. അപ്പോൾ കടൽ കയറ്റമുണ്ടാകും– മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളി മേഖലയിലേക്കു തിരിഞ്ഞു നോക്കാത്തവരാണ് ഇപ്പോൾ കൊടിയുമായി ഇറങ്ങിയിട്ടുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കരിങ്കൊടി കാണിക്കുന്നവർക്ക് ഈ മേഖലയെപ്പറ്റി യാതൊരു ധാരണയുമില്ല. ചെല്ലാനത്തു കരിങ്കൊടി കാണിക്കാനെത്തിയവരെ കണ്ടപ്പോൾ പാർട്ടിക്കാരായി തോന്നിയില്ല. ഗുണ്ടകളായിട്ടാണു തോന്നിയത്. പത്രം വായിച്ചപ്പോഴാണ് അവർ പാർട്ടിക്കാരാണെന്നു മനസ്സിലായത്. ഇവർ പാർട്ടിക്കാരാണെങ്കിൽ ആ പാർട്ടിയുടെ ഭാവി എന്താകുമെന്ന് പറയാൻ കഴിയില്ലെന്നും മന്ത്രി പരിഹസിച്ചു.

