ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ബോംബുകൾ വെണ്ണപോലെ കടന്നുപോയെന്ന് ട്രംപ്; ഇറാന്റെ ആണവ പദ്ധതികളെ തകർക്കാൻ കഴിഞ്ഞെന്നും അമേരിക്കൻ പ്രസിഡന്റ്

0

വാഷിം​ഗ്ടൺ: ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെ കുറിച്ച് വിശദീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ ബി–2 സ്റ്റെൽത്ത് വിമാനങ്ങൾ തൊടുത്തുവിട്ട ബോംബുകൾ ‘‘വെണ്ണ പോലെ’ കടന്നുപോയെന്നായിരുന്നു ട്രംപിന്റെ പരാമർശം. ഇറാന്റെ ആണവ പദ്ധതികളെ തകർക്കാൻ അമേരിക്കയുടെ ഈ ആക്രമണത്തിന് കഴിഞ്ഞെന്നും അദ്ദേഹം അവകാശപ്പെട്ടു. ജൂൺ 22നാണ് ഇറാന്റെ കനത്ത സുരക്ഷയുള്ള ഫൊർദോ ഉൾപ്പെടെയുള്ള ആണവ കേന്ദ്രങ്ങളെ അമേരിക്ക ആക്രമിച്ചത്. ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം.

ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ എന്ന പേരിലായിരുന്നു അമേരിക്ക ജൂൺ 22ന് ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയത്. ‘‘ബോംബ് പ്രവേശിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലെ പ്രവേശനകവാടങ്ങൾ എല്ലാം അടയ്ക്കാൻ അവർ ശ്രമിച്ചു. പക്ഷേ, ബോംബുകളെല്ലാം വെണ്ണയിലെന്ന പോലെ ആണവ കേന്ദ്രങ്ങളിലേക്ക് കടന്നുപോയി’’ ഡോണൾഡ് ട്രംപ് പറഞ്ഞു. ഫൊർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണം ഇറാന്റെ ആണവ പദ്ധതികളെ തകർത്തു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമണത്തിന് മുൻപ് സമ്പുഷ്ടീകരിച്ച യുറേനിയം ഈ കേന്ദ്രങ്ങളിൽ നിന്നു നീക്കം ചെയ്തിരുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഇറാൻ– ഇസ്രയേൽ സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് അമേരിക്ക ഇറാനെ ആക്രമിച്ചത്. ജൂൺ 13 മുതൽ ഇരു രാജ്യങ്ങളും ആക്രമണം തുടരുകയായിരുന്നു. ഇറാനോട് യുറേനിയം സമ്പുഷ്ടീകരണം നിർത്താൻ യുഎസ് അവശ്യപ്പെട്ടിരുന്നു. എന്നാൽ ഇറാൻ ‌ഇതിനു തയ്യാറാകാത്തതിനെ തുടർന്നാണ് ബങ്കർ ബസ്റ്റർ ബോംബുകളും ക്രൂസ് മിസൈലുകളും ഉപയോഗിച്ച് യുഎസ് ആക്രമണം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here