ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യക്ക് യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന ഇന്ത്യയുടെ പ്രതിരോധ അറ്റാഷെയുടെ വെളിപ്പെടുത്തൽ വലിയ വിവാദമാകുന്നു. ഇന്തൊനീഷ്യയിലെ ഇന്ത്യയുടെ പ്രതിരോധ അറ്റാഷെയും നാവികസേനാ ക്യാപ്റ്റനുമായ ശിവ് കുമാറാണ് പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ ഇന്ത്യാ – പാക് സംഘർഷത്തിനിടെ ഇന്ത്യക്ക് യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന് വെളിപ്പെടുത്തിയത്. രാജ്യത്തെ രാഷ്ട്രീയ നേതൃത്വം സൃഷ്ടിച്ച പരിമിതികളാണ് അതിനു കാരണമായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്തൊനീഷ്യയിലെ സൂര്യദർമ സർവകലാശാലയുടെ പ്രതിരോധ വിശകലന പരിപാടിയിൽ അവതരിപ്പിച്ച 35 മിനിറ്റ് പ്രസന്റേഷനിടെയാണ് ശിവ് കുമാർ വിവാദ പരാമർശം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം പത്തിനായിരുന്നു ഈ പരിപാടി നടന്നത്.
ക്യാപ്റ്റൻ ശിവ് കുമാറിന്റെ പരാമർശം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതോടെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമുയർത്തി കോൺഗ്രസ് രംഗത്തെത്തി. ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച് രാജ്യത്തെ മോദി സർക്കാർ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്ന് കോൺഗ്രസ് ആരോപിച്ചു. പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന ആവശ്യം തള്ളിയതിന്റെ കാരണം ഇപ്പോൾ വ്യക്തമായെന്നും കോൺഗ്രസ് നേതാക്കൾ കൂട്ടിച്ചേർത്തു.
കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശും മാധ്യമവിഭാഗം മേധാവി പവൻ ഖേരയുമാണ് വിമർശനങ്ങൾ ഉന്നയിച്ചത്. മേയ് 7 രാത്രി പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിൽ നടത്തിയ ആക്രമണങ്ങൾക്കിടെ ഇന്ത്യൻ വ്യോമസേനയ്ക്ക് യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന ശിവ് കുമാറിന്റെ പരാമർശം സംബന്ധിച്ച വാർത്ത പങ്കുവച്ചായിരുന്നു ഇരുവരുടെയും വിമർശനം.
നഷ്ടങ്ങൾ സൈനികനടപടിയുടെ ഭാഗമാണെന്ന് ഡയറക്ടർ ജനറൽ എയർ ഓപറേഷൻസ് എയർ മാർഷൽ അവധേഷ് കുമാർ ഭാരതി നേരത്തേ ചോദ്യങ്ങൾക്കു മറുപടിയായി പറഞ്ഞിരുന്നു. പിന്നീട് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ സിംഗപ്പൂരിൽ ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ, യുദ്ധവിമാനം നഷ്ടമായെന്ന് പരോക്ഷമായി സമ്മതിച്ചു. അതിനു പിന്നാലെയാണ് അറ്റാഷെയുടെ നേരിട്ടുള്ള വെളിപ്പെടുത്തൽ. ഇന്ത്യയുടെ 6 യുദ്ധവിമാനങ്ങൾ വീഴ്ത്തിയെന്ന് നേരത്തേ പാകിസ്ഥാൻ അവകാശപ്പെട്ടിരുന്നു.

