ടെഹ്റാൻ: ഇസ്രയേൽ – ഇറാൻ യുദ്ധം രൂക്ഷമാകുന്നു. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേൽ ശക്തമായ വ്യോമാക്രമണമാണ് നടത്തുന്നത്. ടെഹ്റാനിൽ നിന്നും ജനങ്ങൾ ഒഴിഞ്ഞു പോകണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആക്രമണം കടുപ്പിച്ചത്. ടെഹ്റാന്റെ വ്യോമ മേഖല പൂർണമായും തങ്ങളുടെ അധീനതയിലാണെന്ന് ഇസ്രയേൽ സൈന്യവും അവകാശപ്പെട്ടിരുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ വധിക്കുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വെല്ലുവിളി.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ ഇല്ലാതാക്കിയാൽ സംഘർഷം അവസാനിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഇറാന്റെ ഏകാധിപതിയെ എല്ലായിടത്തും ആക്രമിക്കുമെന്നും അദ്ദഹം വ്യക്തമാക്കി. അതേസമയം, ആയത്തുല്ല ഖമനയി കുടുംബവുമൊത്ത് ഭൂഗർഭ ബങ്കറിലേക്ക് മാറിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
ടെഹ്റാന്റെ പടിഞ്ഞാറൻ, കിഴക്കൻ ഭാഗങ്ങളിൽ നിരവധി സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകളുണ്ട്. ടെഹ്‌റാനിലെ ഒരു സൈനിക താവളത്തിൽ ഇസ്രയേൽ ആക്രമണം നടത്തിയതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാനിലെ ആസാദി സ്‌ക്വയറിലും ഇസ്രയേൽ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ഇറാന്റെ യുദ്ധവിമാനങ്ങൾ മിസൈൽ ആക്രമണത്തിൽ തകർത്തെന്നും പടിഞ്ഞാറൻ ഇറാനിലെ മിസൈൽ സംഭരണകേന്ദ്രം തകർത്തെന്നും ഇസ്രയേൽ അവകാശപ്പെട്ടു.
ഇറാൻ ദേശീയ ടെലിവിഷൻ ആസ്ഥാനത്തും ഇസ്രയേൽ ആക്രമണം നടത്തി. തൽസമയ സംപ്രേഷണത്തിനിടെ ആയിരുന്നു മിസൈൽ ആക്രമണം. സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിച്ചത് കൊണ്ടാണ് ദേശീയ ടെലിവിഷൻ ആസ്ഥാനം ആക്രമിച്ചതെന്ന് ഇസ്രയേൽ പ്രതികരിച്ചു. വൈകാതെ ടെലിവിഷൻ ചാനലിന്റെ സംപ്രേഷണം പുനരാരംഭിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണമാണെന്ന് പറഞ്ഞ അവതാരക സഹർ ഇമാമി, വീണ്ടും ആക്രമണം നടത്താൻ ഇസ്രയേലിനെ വെല്ലുവിളിച്ചു. നിരവധി ജീവനക്കാർ കൊല്ലപ്പെട്ടെന്നും സ്റ്റുഡിയോ ഇല്ലെങ്കിലും സംപ്രേക്ഷണം തുടരുമെന്നും ഇറാൻ ദേശീയ ടെലിവിഷൻ അറിയിച്ചു.
ഇസ്രയേലിനെ അമേരിക്ക സഹായിക്കുന്നുണ്ടെന്ന് ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഇസ്രയേലിനാണ് തങ്ങളുടെ പിന്തുണയെന്ന് അമേരിക്കൻ പ്രതിസിഡന്റ് ഡൊണാൾഡ് ട്രംപും വ്യക്തമാക്കിയിട്ടുണ്ട്. ഇറാന് യുദ്ധം ജയിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏറെ വൈകും മുൻപ് ഇറാൻ ചർച്ചയ്‌ക്കു തയാറാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഇസ്രയേൽ – ഇറാൻ സംഘർഷം അവസാനിപ്പിക്കണമെന്ന ജി7 പ്രസ്താവനയിൽ ഒപ്പിടാൻ ട്രംപ് തയാറായില്ല. അതേസമയം വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ഗൾഫ് കോർപറേഷൻ കൗൺസിൽ(ജിസിസി) രംഗത്തെത്തി. ഇറാന് മേലുള്ള ആക്രമണങ്ങളെ ജിസിസി മന്ത്രിതല സമിതി അപലപിക്കുകയും ചെയ്തു.

