മെഡിസെപ്പിൽ പ്രീമിയം വർധിക്കും; സർക്കാർ ജീവനക്കാരെ പിണക്കാതിരിക്കാൻ മറ്റൊരു തന്ത്രവും

0

തിരുവനന്തപുരം: സർക്കാർജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള സംസ്ഥാന സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം കൂട്ടാനുള്ള ശുപാർശ സർക്കാരിന്റെ സജീവ പരി​ഗണനയിൽ. ധനവകുപ്പ് വിദഗ്ധസമിതിയാണ് മെഡിസെപ്പിന്റെ പ്രീമിയം വർധിപ്പിക്കാനുള്ള ശുപാർശ സമർപ്പിച്ചത്. പ്രീമിയം 500 രൂപയിൽനിന്ന്‌ 750 രൂപയാക്കാനാണ് ധനവകുപ്പ് വിദഗ്ധസമിതിയുടെ ശുപാർശ. അതേസമയം, ആനുകൂല്യങ്ങളിലും വർധനവ് വരുത്തണമെന്നും സമിതി ശുപാർശ ചെയ്യുന്നു.

ധനവകുപ്പിനാണ് വിദ​ഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിപ്പോർട്ട് ധനവകുപ്പ് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ജീവനക്കാരെ നീരസപ്പെടുത്താതെ മെഡിസെപ്പ് നടപ്പാക്കാനുള്ള നീക്കത്തിലാണ് സംസ്ഥാന സർക്കാർ. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സർക്കാർ ജീവനക്കാരെ പിണക്കുന്നത് ബുദ്ധിയല്ലെന്ന നിലപാടിലാണ് സിപിഎമ്മും സർക്കാരും.

നിലവിൽ മൂന്നുലക്ഷം രൂപവരെയാണ് മെഡിസെപ്പിൽ ചികിത്സാസഹായം. ഇത് അഞ്ചുലക്ഷം രൂപയാക്കി ഉയർത്താനാണ് നിർദേശം. പ്രീമിയം കൂട്ടി നിലവിലുള്ള ആനുകൂല്യംമാത്രം തുടർന്നാൽ ജീവനക്കാരുടെ ഭാഗത്തുനിന്ന് എതിർപ്പുണ്ടാകാൻ സാധ്യതയുണ്ട് എന്നതിനാലാണ് പ്രീമിയത്തിനൊപ്പം കവറേജും വർധിപ്പിക്കാൻ സമിതി ശുപാർശ ചെയ്തത്.

ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്കാണ് നിലവിൽ ചുമതല. കരാർകാലാവധി ധനവകുപ്പ് മൂന്നുമാസത്തേക്കുകൂടി നീട്ടിയിട്ടുണ്ട്. മൂന്നുവർഷത്തെ മെഡിസെപ്പ് കാലാവധി ഈ മാസം അവസാനിക്കാനിരിക്കെയാണ് സംസ്ഥാന സർക്കാർ കാലാവധി നീട്ടിനൽകിയത്. അടുത്തഘട്ടം നടത്തിപ്പിന് ടെൻഡർ വിളിച്ച് കമ്പനിയെ നിശ്ചയിച്ച് കരാറിൽ ഏർപ്പെടാൻ സമയമെടുക്കും എന്നതിനാലാണ് കാലാവധി മൂന്നുമാസത്തേക്കുകൂടി നീട്ടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here