തിരുവനന്തപുരം: ഭൂരിപക്ഷ വർഗീയതയെ ചെറുക്കാൻ ന്യൂനപക്ഷ വർഗ്ഗീയതക്ക് കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇരുട്ടിനെ നേരിടേണ്ടത് വെളിച്ചം കൈണ്ടാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സമസ്തയിൽ ജനാധിപത്യ ഇടമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘സമസ്ത ചരിത്രം: ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് തയ്യാറാക്കിയ കോഫി ടേബിൾ ബുക്ക്’ പ്രകാശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമം സമുദായത്തിന് എതിരല്ല ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും എതിരാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
സമസ്ത എന്താണെന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുത്തേണ്ടത് തിരുത്തി ഇനിയും മുന്നോട്ടുപോകാൻ സമസ്തയ്ക്ക് കഴിയണം. സർക്കാരിൽ നിന്നും ദുരനുഭവം സമസ്തക്കും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വർഗീയത ഉള്ള കാലം ആണിതെന്നും അവിടെ സമസ്തയുടെ സാന്നിധ്യം ആശ്വാസകരമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സമസ്തയുടെ സാന്നിധ്യം ഇല്ലാത്ത കേരളത്തെ ചിന്തിക്കാൻ കഴിയില്ലെന്നും ഒരു സമൂഹത്തെ വിദ്യാഭ്യാസപരമായി മുന്നോട്ട് എത്തിക്കാൻ സമസ്തയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ‘സമസ്ത പൊതു വിദ്യാഭ്യാസ രംഗത്ത് ഉണ്ടാക്കിയ മാറ്റം വലുതാണ്. ചില സമുദായസംഘടന എരിതീയിൽ എണ്ണ ഒഴിക്കും. പക്ഷെ ഒരു സമുദായസംഘടന എങ്ങനെ ആവണം എന്നതിന് ഉദാഹരണമാണ് സമസ്ത’- വി ഡി സതീശൻ പറഞ്ഞു. ചിലർ മലപ്പുറത്തെക്കുറിച്ചും മലബാറിനെ കുറിച്ചും പലതും പറഞ്ഞിട്ടുണ്ടെന്നും ഈ സന്ദർഭത്തിൽ അതൊന്നും പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമസ്ത ഒരു തുറന്ന പുസ്തകമാണ് എന്നായിരുന്നു സംഘടനയുടെ പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങൾ പറഞ്ഞത്. സമസ്തയുടെ പേരിൽ ഒരു പെറ്റി കേസ് പോലും ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തീവ്രവാദം, ഭീകരവാദം എന്ന് ആക്ഷേപിക്കുന്ന സംഘടനകൾ ഉണ്ടെന്നും വർഗീയ കലാപമോ അനൈക്യമുണ്ടാക്കാനായുള്ള പ്രവർത്തനമോ സമസ്തയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂൾ സമയമാറ്റത്തെയും സമസ്ത പ്രസിഡന്റ് വിമർശിച്ചു. മത പഠനം നടത്തുന്ന കുട്ടികളെ ഇത് ബാധിക്കുമെന്നും ബുദ്ധിമുട്ട് മനസ്സിലാക്കിയുള്ള മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട സമസ്ത മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

