ഓപ്പറേഷൻ സിന്ദൂർ രണ്ടാം ഘട്ടം? ഇനിയും തകർക്കാനുള്ളത് 12 ഭീകര ക്യാമ്പുകൾ; പാകിസ്ഥാന്റെ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ മടിക്കില്ലെന്നും ഇന്ത്യ

0

ന്യൂഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തിന്റെ മറുപടി ഒറ്റ രാത്രിയിലെ ഓപ്പറേഷൻ സിന്ദൂർ കൊണ്ട് അവസാനിക്കില്ലെന്ന് സൂചന. ഓപ്പറേഷന്‍ സിന്ദൂരിന് രണ്ടാം ഘട്ടമുണ്ടാകും എന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. പാകിസ്ഥാനിൽ 21 ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇതിൽ ഒമ്പത് കേന്ദ്രങ്ങൾ മാത്രമാണ് ഇന്നലെ പുലർച്ചെ ഇന്ത്യയുടെ സംയുക്ത സൈന്യം തകർത്തത്. അവശേഷിക്കുന്ന ഭീകര ക്യാമ്പുകളിലും ഇന്ത്യ ആക്രമണം നടത്തുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ഇന്നലെ പുലർച്ചെ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനിൽ 31 പേര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു. 41 പേര്‍ക്ക് പരിക്കേറ്റു. ഇനിയും പാക് പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കാനാണ് ഇന്ത്യയുടെ തീരുമാനം. സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ മടിക്കില്ലെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നിയന്ത്രണ രേഖയിലെ സാധാരണക്കാർക്ക് നേരെയുള്ള നടപടിക്ക് തക്കതായ തിരിച്ചടി നൽകാൻ കേന്ദ്രസർക്കാർ സൈന്യത്തിന് സ്വാതന്ത്ര്യം നൽകി. അതിനിടെ അടിയന്തിര സാഹചര്യം പരിഗണിച്ച് നേപ്പാൾ പാക്കിസ്ഥാൻ അതിർത്തിയിലുള്ള സംസ്ഥാനങ്ങൾ അവശ്യ വസ്തുക്കൾ ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിര്‍ദേശിച്ചു. ദുരന്ത നിവാരണ സേന, സിവിൽ ഡിഫൻസ്, ഹോം ​ഗാർഡുകൾ, എന്നിവർ ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജരാകണമെന്നാണ് നിർദ്ദേശം.

അതേസമയം, അതിർത്തിയിൽ പാക് പ്രകോപനം തുടരുകയാണ്. പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ സൈനികൻ വീരമൃത്യു വരിച്ചു. ലാൻസ് നായിക് ദിനേഷ്‌കുമാറാണ് വീരമൃത്യു വരിച്ചത്. പൂഞ്ച് രജൗരി മേഖലകളിലുണ്ടായ പാകിസ്ഥാൻ നട‌ത്തിയ ഷെല്ലാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് ദിനേഷ് കുമാർ മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ മറ്റൊരു ജവാൻ ചികിത്സയിലാണ്.

ഷെൽ ആക്രമണത്തിൽ പ്രദേശവാസികളായ 15 പേർ കൊല്ലപ്പെട്ടിരുന്നു. 57 പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മരിച്ചവരിൽ സഹോദരങ്ങളടക്കം നാലു കുട്ടികളുമുണ്ട്.

ഷൈല്ലാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനായി ശ്രീനഗറിലെ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെനേതൃത്വത്തിൽ 10 ജില്ലകളിലായി കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. ഷെല്ലാക്രമണത്തിന് കനത്ത തിരിച്ചടി നൽകാൻ കേന്ദ്രം സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകി.

ഷെല്ലാക്രമണത്തിനു പിന്നാലെ ജമ്മു കശ്മീരിലെ അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ അധികൃതർ നിർദേശം നൽകി. ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്ന് ലഫ്.ഗവർണർ മനോജ് സിൻഹ ഡെപ്യൂട്ടി കമ്മിഷണർമാർക്ക് നിർദേശം നൽകി. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഏതു സാഹചര്യത്തെയും നേരിടാൻ പൂർണ സജ്ജമാണെന്നും സിൻഹ പറഞ്ഞു. ആക്രമിച്ചാൽ തിരിച്ചടിക്കാൻ മടിക്കില്ലെന്ന് പാക്കിസ്ഥാന് ഇന്ത്യ മുന്നറിയിപ്പ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here