വിവാഹ മോചനം നേടിയാൽ കെട്ടേണ്ടി വരുമോ എന്ന ചിന്ത; കടം വാങ്ങിയ പണം തിരികെ ചോദിച്ചതിലെ പക; കറുകച്ചാലിൽ യുവതിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

0

കറുകച്ചാൽ: യുവതി വാഹനാപകടത്തിൽ മരിച്ച സംഭവം മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകം തന്നെ. കൂത്രപ്പള്ളി പുതുപ്പറമ്പിൽ നീതു ആർ.നായർ (35) കാറിടിച്ച് മരിച്ച സംഭവത്തിൽ യുവതിയു‌ടെ കാമകൻ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിലായി. കാഞ്ഞിരപ്പള്ളി മേലാറ്റുതകിടി അമ്പഴത്തിനാൽ അൻഷാദ് കബീർ (37), സഹായിച്ച കാഞ്ഞിരപ്പള്ളി ചാവടിയിൽ ഉജാസ് അബ്ദുൽ സലാം (35) എന്നിവർ അറസ്റ്റിലായി. കറുകച്ചാൽ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് നീതു കാറിടിച്ച് ‌കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 8.45നു വെട്ടിക്കാവുങ്കൽ–പൂവൻപാറപ്പടി റോഡിലായിരുന്നു സംഭവം. ചങ്ങനാശേരിക്കുള്ള ബസിൽ കയറാൻ നടന്നുപോകുമ്പോഴാണു കാറിടിച്ചത്. ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന നീതു വെട്ടിക്കാവുങ്കൽ പൂവൻപാറയിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു.

സാമ്പത്തിക ഇടപാടുകളാണു കൊലയ്ക്കു പിന്നിലെന്നാണ് പൊലീസ് പറയുന്നത്. അൻഷാദ് നൽകിയ തുക തിരികെക്കൊടുക്കാത്തതു സംബന്ധിച്ച തർക്കമാണു കൊലപാതകത്തിലേക്കു നയിച്ചത്. ഓട്ടോ ഡ്രൈവറായ അൻഷാദ്, സുഹൃത്തായ ഉജാസുമായി ചേർ‌ന്നു കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഉജാസും ഓട്ടോ ഡ്രൈവറാണ്.

നീതു പോകുന്ന വഴി കൃത്യമായി അറിയാവുന്ന അൻഷാദ് പൊൻകുന്നത്തുനിന്നു കാർ വാടകയ്ക്കെടുത്താണു കൊല നടത്തിയത്. ഉജാസും ഈ സമയം കാറിലുണ്ടായിരുന്നു. നീതുവിനെ ഇടിച്ചിട്ട ശേഷം ഏതാനും മീറ്റർ നിരക്കി നീക്കിയെന്നു ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തി. സമീപത്തെ വൈദ്യുത പോസ്റ്റിൽ കാർ തട്ടിയതിനെ തുടർന്നു മുൻവശത്തെ ബംപറിന്റെ ഭാഗം ഇളകിവീണു. തകർന്ന മുൻഭാഗവുമായി കാർ പോകുന്ന സിസിടിവി ദൃശ്യങ്ങളും കണ്ടെത്തിയിരുന്നു. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും.

കൂത്രപ്പള്ളി സ്വദേശിനിയായ നീതു വിവാഹിതയായിരുന്നു. നീതുവും അൻഷാദും തമ്മിലുള്ള ബന്ധത്തെ തുടർന്ന് ഇവരുടെ ഭർത്താവ് ഡൈവോഴ്സിന് കേസ് നൽകിയിരുന്നു. ഈ കേസ് കോടതിയിൽ പുരോഗമിക്കുകയാണ്. ഇതിനിടെ നീതുവുമായുള്ള ബന്ധത്തെ തുടർന്ന് അൻഷാദിന്റെ ഭാര്യയും ഡൈവോഴ്സ് കേസ് ഫയൽ ചെയ്തിരുന്നു.

ഇതേ തുടർന്ന് അൻഷാദ് കറുകച്ചാലിൽ വാടകയ്ക്ക് എടുത്തു നൽകിയിരുന്ന വീട്ടിലാണ് നീതു താമസിച്ചിരുന്നത്. ഇതിനിടെ നീതുവും അൻഷാദും തമ്മിൽ തർക്കമുണ്ടായി. സാമ്പത്തിക തർക്കത്തെ തുടർന്ന് നീതു അൻഷാദിൽ നിന്നും അകന്നു. ഇതിനിടെ അൻഷാദ് മറ്റൊരു സ്ത്രീയുമായി അടുക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. തുടർന്ന്, അൻഷാദ് നീതുവിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. വിവാഹ മോചനം കിട്ടിയാൽ നീതുവിനെ വിവാഹം കഴിക്കേണ്ടി വരുമോ എന്ന ചിന്തയാണ് കൊലയ്ക്ക് കാരണമെന്നാണ് പറയപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here