കൊളംബോ: ശ്രീലങ്കയിൽ വീണ്ടും കമ്മ്യൂണിസ്റ്റ് മുന്നേറ്റം. രാജ്യത്തെ മുനിസിപ്പൽ കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് അനുര കുമര ദിസനായകെയുടെ കമ്മ്യൂണിസ്റ്റ് പാർട്ടി(ജനത വിമുക്തി പെരുമന) ഉൾപ്പെടുന്ന നാഷണൽ പീപ്പിൾസ് പവർ സഖ്യം വൻ വിജയമാണ് നേടിയത്. 339 ൽ 265 മുനിസിപ്പൽ കൗൺസിലിലും എൻപിപി ഭൂരിപക്ഷം സീറ്റുകളും നേടി അധികാരം ഉറപ്പിച്ചു. അതേസമയം, തലസ്ഥാനമായ കൊളംബോയിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ സഖ്യത്തിന് കഴിഞ്ഞില്ല.
രാജ്യത്തെ ആകെ വോട്ടർമാരിൽ 43 ശതമാനത്തിൻ്റെ പിന്തുണയാണ് തെരഞ്ഞെടുപ്പിൽ നാഷണൽ പീപ്പിൾസ് പവർ കരസ്ഥമാക്കിയത്. 45 ലക്ഷത്തിലേറെ വോട്ടുകളാണ് എൻപിപി നേടിയത്. കഴിഞ്ഞ വർഷം നവംബറിൽ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ 68 ശതമാനം വോട്ട് എൻപിപി നേടിയിരുന്നു. അതിന് തൊട്ടുമുൻപ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലും വൻ വിജയമാണ് ഇവർ കരസ്ഥമാക്കിയത്.
21 ശതമാനം വോട്ട് നേടിയ സമഗി ജന ബലവെഗയയാണ് പ്രധാന പ്രതിപക്ഷ കക്ഷി. 14 മുനിസിപ്പൽ കൗൺസിലുകളിൽ ഇവരാണ് ഒന്നാമത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2023 ൽ മാറ്റിവച്ച മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പാണ് ഇപ്പോൾ നടത്തിയത്. കൊളംബോ മുനിസിപ്പൽ കൗൺസിലിലേക്ക് 117 സീറ്റിൽ 48 ൽ മാത്രമാണ് എൻപിപി വിജയിച്ചത്. പ്രതിപക്ഷ കക്ഷികൾ ഒന്നുചേർന്ന് എൻപിപിയെ ഭരണത്തിൽ നിന്ന് അകറ്റി നിർത്താൻ പല കൗൺസിലുകളിലും ശ്രമം തുടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
ഇപ്പോഴത്തെ ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ ചെറുപ്പകാലത്ത് തീവ്ര കമ്യൂണിസ്റ്റ് ചായ്‌വുള്ള പാർട്ടിയായിരുന്നു ജനത വിമുക്തി പെരമുന എന്ന ജെവിപി. പിന്നീട് പലകാരണങ്ങൾ കൊണ്ടും ആ തീവ്രത ഉപേക്ഷിച്ചു. സ്കൂൾ കാലം മുതൽ ജെവിപിയുടെ ആശങ്ങളിൽ ആകൃഷ്ടനായിരുന്നു ദിസനായകെ. വിദ്യാഭ്യാസ കാലമാണ് അദ്ദേഹത്തിലെ രാഷ്ട്രീയക്കാരനെ പുറത്തു കൊണ്ടുവന്നത്. 1995 ൽ പാർട്ടി പോളിറ്റ്ബ്യൂറോയിൽ എത്തി. 2000മുതൽ പാർലമെന്റ് അംഗം കൂടിയാണ്. 2014 ൽ പതിനേഴാം പാർട്ടികോൺഗ്രസോടെയാണ് നേതൃത്വത്തിന്റെ തലപ്പത്തേക്ക് അദ്ദേഹം എത്തിയത്.
താൻ പിന്തുണയ്ക്കുന്നവരുടെ കൊള്ളരുതായ്മകൾക്കെതിരെ വടിയെടുക്കാനും ദിസനായകെ മടികാണിച്ചില്ല. 1994ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ചന്ദ്രിക കുമാരതുംഗയെയാണ് അദ്ദേഹവും പാർട്ടിയും പിന്തുണച്ചത്. എന്നാൽ അധികം വൈകാതെ തന്നെ ഭരണകൂടത്തിന്റെ കടുത്ത വിമർശകനായി അദ്ദേഹം മാറുകയും ചെയ്തു.
തുടക്കത്തിൽ ശ്രീലങ്കയിൽ ജെവിപി. അധികാരം പിടിക്കാൻ രണ്ടുതവണയാണ് കലാപത്തിന് ശ്രമിച്ചത്. പക്ഷേ, ആസൂത്രണത്തിലെ പിഴവടക്കം പല കാരണങ്ങൾ കൊണ്ടും രണ്ടുതവണയും വിപ്ലവം പൊളിഞ്ഞു. റഷ്യയിലെ ലുമുംബ സർവകലാശാലയിൽ നിന്നുള്ള മെഡിക്കൽ വിദ്യാർത്ഥിയായ റൊഹാന വിജവീരയാണ് ജനതാ വിമുക്തി പെരുമുനയ്ക്ക് തുടക്കമിട്ടത്. സ്‌കോളർഷിപ്പോടെ സോവിയറ്റ് യൂണിയനിൽ മെഡിക്കൽ പഠനത്തിന് അവസരം ലഭിച്ചതാണ് വിജവീരയെ കമ്യൂണിസവുമായി അടുപ്പിച്ചത്. സായുധ കലാപത്തിന്റെ കടുത്ത ആരാധകനായിരുന്നു വിജവീര.
വിമർശനങ്ങൾ അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. തന്റെ ആശയങ്ങൾ നടപ്പാക്കാൻ അദ്ദേഹം മുൻതൂക്കം നൽകിയിരുന്നു. അതിൽ പ്രധാനമായതാണ് സായുധ വിപ്ലവത്തിനുള്ള ശ്രമം. പക്ഷേ, ഭരണകൂടം വിപ്ളവശ്രമം തകർത്തു. പല നേതാക്കളും പിടിയിലായി. വിപ്ലവം ഉപേക്ഷിച്ച് ബാലറ്റിലൂടെ അധികാരത്തിലെത്താൻ തുടർന്ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും വൻ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. ചെഗുവേരയുടെ കടുത്ത ആരാധകനായിരുന്നു അദ്ദേഹം. വേഷത്തിലും ഭാവത്തിലുമെല്ലാം ചെയെ അനുകരിക്കാനും ശ്രമിച്ചിരുന്നു.
രണ്ടാമത്തെ സായുധ വിപ്ലവത്തിനുള്ള ശ്രമം 1989 ലായിരുന്നു. അതും വൻ പരാചയമായിരുന്നു. മുൻ കലാപസമയത്തെക്കാൾ തീവ്രമായിട്ടായിരുന്നു ഭരണകൂടം ഇത്തവണ ജെവിപിയെ നേരിട്ടത്. പാർട്ടിയെ പിന്തുണച്ച പലരും കൊല്ലപ്പെട്ടു. വിജവീരയും അറസ്റ്റിലായി. കുറച്ചുനാൾക്കകം അദ്ദേഹം കൊല്ലപ്പെട്ടു. കസ്റ്റഡിയിലിരിക്കെ അപ്രതീക്ഷിതമായി മരണം സംഭവിച്ചെന്നായിരുന്നു ഔദ്യോഗിക ഭാഷ്യം. ശരിക്കും തീ കൊളുത്തി കൊല്ലുകയായിരുന്നു എന്നാണ് ജെവിപി ആരോപിക്കുന്നത്. രണ്ടുതവണ ശ്രമിച്ചിട്ടും വിപ്ലവത്തിലൂടെ അധികാരം പിടിക്കാൻ ജെവിപിക്ക് ആയില്ല. എന്നാൽ, പിന്നീട് ശ്രീലങ്കയിൽ ബാലറ്റിലൂടെ അധികാരം പിടിക്കാൻ ഈ കമ്മ്യൂണിസ്റ്റു പാർട്ടിക്ക് കഴിഞ്ഞു.

