മുക്കുപണ്ടം പണയംവച്ചു തട്ടിപ്പു നടത്തി‌; രക്ഷപെടാനായി സ്വയം മരണവാർത്ത പത്രങ്ങൾക്ക് നൽകി; എന്നിട്ടും യുവാവ് കുടുങ്ങിയത് ഇങ്ങനെ..

0

കോട്ടയം: മുക്കുപണ്ടം പണയംവച്ചു തട്ടിപ്പു നടത്തിയശേഷം മരിച്ചെന്ന് പത്രവാർത്ത നൽകി മുങ്ങിയ പ്രതി പിടിയിൽ. കുമാരനല്ലൂരിൽ വാടകയ്ക്കു താമസിച്ചിരുന്ന കൊച്ചി സ്വദേശിയായ നാൽപ്പത്തൊന്നുകാരനാണ് പിടിയിലായത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ വിവിധ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയംവെച്ച ശേഷം താൻ മരിച്ചെന്ന് സ്വയം പത്രവാർത്ത നൽകുകയും ചെയ്തിരുന്നു. കോട്ടയം ​ഗാന്ധിന​ഗർ പൊലീസാണ് ഇയാളെ കൊടൈക്കനാലിൽ നിന്നും പിടികൂടിയത്.

ഇയാളുടെ ആധാർ കാർഡിൽ എം.ആർ.സജീവ് എന്ന പേരും എറണാകുളം ഇടപ്പള്ളിയിലെ വിലാസവുമാണ്; വോട്ടർ ഐഡി കാർഡിൽ കുമാരനല്ലൂരിലെ വിലാസവും. 2023ലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പനമ്പാലം, കുടമാളൂർ ശാഖകളിൽനിന്ന് അഞ്ചു ലക്ഷം രൂപയാണ് ഇയാൾ മുക്കുപണ്ടം പണയംവച്ചു തട്ടിയെടുത്തതെന്നു പൊലീസ് പറയുന്നു. അന്വേഷിച്ചപ്പോൾ ഇയാൾ ചെന്നൈയിൽ വെച്ച് മരിച്ചെന്നു വിവരം ലഭിച്ചു. തുടർന്നു പൊലീസിൽ പരാതിപ്പെട്ടു. മറ്റൊരു പത്രത്തിന്റെ ചരമവാർത്തകളുടെ പേജിൽ ഇയാളുടെ ഫോട്ടോ അടക്കം വാർത്ത വന്നതായി കണ്ടെത്തി. ചെന്നൈ അഡയാറിൽ സംസ്കാരം നടക്കുമെന്നും വാർത്തയിലുണ്ട്. അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമാണു മരണവാർത്തയെന്ന് സംശയം തോന്നി. തുടർന്നാണ് കൊടൈക്കനാൽ ഉൾപ്പെടെ മറ്റു സ്ഥലങ്ങളിലേക്കും പൊലീസ് അന്വേഷണമെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here