ന്യൂഡൽഹി: പാകിസ്ഥാന്റെ പ്രകോപനങ്ങൾക്ക് ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയതോടെ നടുങ്ങിവിറച്ച് പാകിസ്ഥാൻ. ജമ്മുവിൽ പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തിയതിന് പിന്നാലെ തലസ്ഥാനമായ ഇസ്‌ലാമാബാദിലും തുറമുഖനഗരമായ കറാച്ചിയിലും ഉൾപ്പെടെയുള്ള പാക് നഗരങ്ങളിൽ ശക്തമായ ആക്രമണമാണ് ഇന്ത്യൻ സൈന്യം നടത്തിയത്. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ വസതിക്കു കിലോമീറ്ററുകൾ മാത്രം അകലെയും സ്ഫോടനമുണ്ടായി. ഇതിന് പിന്നാലെ ഷഹബാസ് ഷരീഫിനെ ഇവിടെ നിന്നും മറ്റൊരു സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്.
ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനു മറുപടിയെന്നോണമാണ് പാക് സൈന്യം ജമ്മുവിൽ ഇന്നലെ രാത്രി ആക്രമണത്തിന് ശ്രമിച്ചത്. എന്നാൽ, പാക് സൈന്യത്തിന്റെ ആക്രമണ ശ്രമങ്ങളെ ചെറുത്ത ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു. ഇന്ത്യയുടെ വിമാനവാഹിനി ഐഎൻഎസ് വിക്രാന്തിൽനിന്ന് കറാച്ചിയിലേക്കു കനത്ത മിസൈൽ ആക്രമണമുണ്ടായെന്നാണ് സൂചന. കറാച്ചി തുറമുഖത്തുനിന്ന് തുടർസ്ഫോടനങ്ങൾ കേട്ടതായി മാധ്യമ റിപ്പോർട്ടുകളുണ്ട്.
ഇന്ത്യൻ വ്യോമസേനയും കറാച്ചിയിൽ ആക്രമണം നടത്തിയതായാണ് വിവരം. കറാച്ചിയിലെ പാക്ക് നാവികസേനാ താവളത്തിനു കനത്ത നാശനഷ്ടമുണ്ടായി. സിയാൽക്കോട്ടിലും ലഹോറിലും റാവൽപിണ്ടിയിലും കനത്ത വ്യോമാക്രമണം നടന്നതായും റിപ്പോർട്ടുണ്ട്. പാക് തലസ്ഥാനമായ ഇസ്‌ലാമാബാദിലേക്ക് ഇന്ത്യ ശക്തമായ മിസൈൽ ആക്രമണം നടത്തിയെന്നാണു വിവരം.

