അനുനയിപ്പിക്കാൻ ഇല്ല; സുധാകരനെ കാണാതെ മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങി

ആലപ്പുഴ: പാർട്ടി നേതൃത്വവുമായി അഭിപ്രായവ്യത്യാസം നിലനിൽക്കുന്ന മുതിർന്ന സിപിഐഎം നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയില്ല. പെരുമ്പളം പാലം ഉദ്ഘാടന ചടങ്ങിലേക്ക് പോകുന്നതിനിടെ സുധാകരന്റെ വീടിന് സമീപംകൂടെയാണ് മുഖ്യമന്ത്രി യാത്ര ചെയ്തതെങ്കിലും അദ്ദേഹത്തെ കാണാൻ തയ്യാറായില്ല എന്നാണ് ലഭിക്കുന്ന വിവരം.

പെരുമ്പളം പാലം ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങളാൽ എത്താനാവില്ലെന്ന് സുധാകരൻ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ചടങ്ങിന്റെ ലൈവ് സ്ട്രീം തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചത് പിന്നീട് അദ്ദേഹം നീക്കം ചെയ്തു. അനുമതിയില്ലാതെ സിപിഐഎം ജില്ലാ കമ്മിറ്റിയിലെ അഡ്മിൻ ലിങ്ക് പങ്കുവെച്ചതാണെന്നാണ് ആരോപണം.

പാലം ഉദ്ഘാടനത്തിന് അല്പസമയം മുൻപാണ് സുധാകരന്റെ ഫേസ്ബുക്ക് പേജിൽ ചടങ്ങിന്റെ ലൈവ് സംപ്രേഷണം പ്രത്യക്ഷപ്പെട്ടത്. പാർട്ടിയുമായി അഭിപ്രായവ്യത്യാസം നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ നീക്കം രാഷ്ട്രീയവൃത്തങ്ങളിൽ ശ്രദ്ധ നേടി.

മുമ്പ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് സുധാകരനെ ചടങ്ങിലേക്ക് നേരിട്ട് ക്ഷണിച്ചിരുന്നു. എന്നാൽ അനാരോഗ്യം കാരണം പങ്കെടുക്കാൻ കഴിയില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. ചടങ്ങിന്റെ നോട്ടീസിലും സുധാകരന്റെ പേരും ചിത്രവും ഉൾപ്പെടുത്തിയിരുന്നു.

അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് ജാഗ്രത നിർദേശം

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരളത്തിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ നാളെയും തിങ്കളാഴ്ചയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

അതേസമയം, ഇന്ന് കേരള–കർണാടക–ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പ്രത്യേക തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് പൊതുവേ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. ശക്തമായ ചൂടും ഇടിമിന്നലോടുകൂടിയ മഴയും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

ഡോ. വന്ദന ദാസ് കൊലക്കേസ്; വിധി മാർച്ച് 17ന്

കൊല്ലം: ഡോ. വന്ദനദാസ് വധക്കേസിൽ വിധി മാർച്ച് 17ന്. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക.

കേസിൽ അന്തിമ വാദം പൂർത്തിയായി.കേസിൽ 70 ൽ അധികം സാക്ഷികളെ വിസ്തരിച്ചു. 22 തൊണ്ടി മുതലുകളും 207 രേഖകളും ഹാജരാക്കി.

അതേസമയം, 2023 മെയ് 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ഡോ. വന്ദനാ ദാസ് കൊല്ലപ്പെടുന്നത്.

ആലപ്പുഴയിൽ ധൻബാദ് എക്സ്പ്രസിന്‍റെ കോച്ചിന് അടിയിൽ അറ്റ നിലയിൽ മനുഷ്യന്‍റെ കൈ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്ന് പുറപ്പെടാനിരുന്ന ധൻബാദ് എക്സ്പ്രസിന്‍റെ കോച്ചിന് താഴെ മനുഷ്യന്റെ കൈ കണ്ടെത്തി. ട്രെയിനിന്‍റെ എസ് അഞ്ച് കോച്ചിനടിയിലാണ് അറ്റ നിലയിൽ മനുഷ്യന്‍റെ കൈ കണ്ടെത്തിയത്.

ഇന്നലെ രാത്രിയാണ് ധൻബാദിൽ നിന്ന് ട്രെയിൻ ആലപ്പുഴയിലെത്തിയത്. ഇന്ന് ട്രെയിൻ പുറപ്പെടാനിരിക്കെയാണ് കൈ കണ്ടെത്തിയത്. സംഭവത്തെതുടര്‍ന്ന് എസ് 5 കോച്ച് മാത്രം പിടിച്ചിട്ടശേഷം ട്രെയിൻ യാത്ര പുറപ്പെടുകയായിരുന്നു.

അതേസമയം, ട്രെയിൻ തട്ടി മരിച്ച ആരുടെയോ ആണെന്നാണ് പ്രാഥമിക നിഗമനം.സംഭവവുമായി ബന്ധപ്പെട്ട്  ആര്‍പിഎഫ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ധൻബാദ് എക്സ്പ്രസ് പോകുന്ന പാതയിൽ ആരെങ്കിലും ട്രെയിൻ തട്ടി മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നോയെന്ന കാര്യമടക്കം റെയിൽവെ പരിശോധിക്കുന്നുണ്ട്.

ആലപ്പുഴയിൽ ധൻബാദ് എക്സ്പ്രസിന്‍റെ കോച്ചിന് അടിയിൽ അറ്റ നിലയിൽ മനുഷ്യന്‍റെ കൈ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്ന് പുറപ്പെടാനിരുന്ന ധൻബാദ് എക്സ്പ്രസിന്‍റെ കോച്ചിന് താഴെ മനുഷ്യന്റെ കൈ കണ്ടെത്തി. ട്രെയിനിന്‍റെ എസ് അഞ്ച് കോച്ചിനടിയിലാണ് അറ്റ നിലയിൽ മനുഷ്യന്‍റെ കൈ കണ്ടെത്തിയത്.

ഇന്നലെ രാത്രിയാണ് ധൻബാദിൽ നിന്ന് ട്രെയിൻ ആലപ്പുഴയിലെത്തിയത്. ഇന്ന് ട്രെയിൻ പുറപ്പെടാനിരിക്കെയാണ് കൈ കണ്ടെത്തിയത്. സംഭവത്തെതുടര്‍ന്ന് എസ് 5 കോച്ച് മാത്രം പിടിച്ചിട്ടശേഷം ട്രെയിൻ യാത്ര പുറപ്പെടുകയായിരുന്നു.

അതേസമയം, ട്രെയിൻ തട്ടി മരിച്ച ആരുടെയോ ആണെന്നാണ് പ്രാഥമിക നിഗമനം.സംഭവവുമായി ബന്ധപ്പെട്ട്  ആര്‍പിഎഫ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ധൻബാദ് എക്സ്പ്രസ് പോകുന്ന പാതയിൽ ആരെങ്കിലും ട്രെയിൻ തട്ടി മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നോയെന്ന കാര്യമടക്കം റെയിൽവെ പരിശോധിക്കുന്നുണ്ട്.

കുരുക്ക് മുറുകുന്നു; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണം: ആദ്യ പരാതിക്കാരി സുപ്രീം കോടതിയിൽ

ദില്ലി: രാഹുൽ മാങ്കൂട്ടത്തിലിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യ പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി ജാമ്യം അനുവദിച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്.

ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഹൈക്കോടതി കേസിന്‍റെ മിനി ട്രയൽ നടത്തിയെന്നും ഇത് നിയമവിരുദ്ധമാണെന്നും ഹര്‍ജിയിൽ ആരോപിക്കുന്നു. കേസ് അന്വേഷണ ഘട്ടത്തിലാണെന്നും പരാതിക്കാരിക്കെതിരായ പരാമര്‍ശങ്ങള്‍ അനുചിതവും നിയമവിരുദ്ധമാണെന്നും ഇത് റദ്ദാക്കണമെന്നും ഹര്‍ജിയിൽ ആവശ്യപ്പെടുന്നുണ്ട്.

തന്റെ സമ്മതമില്ലാതെ പലതവണ തന്നെ ബലാത്സംഗം ചെയ്തതായും, ഗർഭിണിയായിരുന്ന സമയത്ത് ഒരിക്കൽ പോലും സമ്മതം നൽകിയിരുന്നില്ലെന്നും അതിജീവിത വ്യക്തമാക്കുന്നു. ഭീഷണിപ്പെടുത്തിയാണ് തന്നെ അബോർഷന് വിധേയയാക്കിയത്. രാഹുൽ ഒരു ‘സൈക്കോപാത്ത്’ ആണെന്നും, പ്രായപൂർത്തിയാകാത്ത ഇര ഉൾപ്പെടെ പത്തോളം പേരെ ഇയാൾ പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.

സാമൂഹ്യവിരുദ്ധ സംഘങ്ങളുമായി ബന്ധമുള്ള രാഹുലിന് ജാമ്യം നൽകിയത് തന്റെ ജീവന് ഭീഷണിയാണെന്നും അതിജീവിത ഹര്‍ജിയിൽ ചൂണ്ടിക്കാട്ടി.

പശ്ചിമേഷ്യൻ സംഘർഷം; ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി

ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി. 60 രൂപയാണ് കൂടിയത്. വിലവർധന ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് വിലവർധനവ്. മാർച്ച് ഒന്നിന് വാണിജ്യ സിലിണ്ടറിന്റെ വില 29 രൂപ വർദ്ധിപ്പിച്ചിരുന്നു. വാണിജ്യ സിലിണ്ടറിന് വീണ്ടും വിലകൂടി. 115 രൂപയാണ് വർദ്ധിച്ചത്.

പശ്ചിമേഷ്യൻ സംഘർഷം കണക്കിലെടുത്ത് എണ്ണക്കമ്പനികൾ ഊർജ്ജ വില വർദ്ധിപ്പിച്ചതിനെത്തുടർന്നാണ് വിലവർധനവ് ഉണ്ടായിരിക്കുന്നത്. 11 മാസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് വില വർധിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് അവസാനമായി വില 50 രൂപ വർദ്ധിപ്പിച്ചത്. ഐഒസി വെബ്‌സൈറ്റ് പ്രകാരം, മുംബൈയിൽ സബ്‌സിഡിയില്ലാത്ത എൽപിജിയുടെ വില ഇപ്പോൾ 912.50 രൂപയും കൊൽക്കത്തയിൽ 939 രൂപയും ചെന്നൈയിൽ 928.50 രൂപയുമാണ്.

പ്രാദേശിക വിൽപ്പന നികുതി അല്ലെങ്കിൽ വാറ്റ് ബാധകമാകുന്നതിനെ ആശ്രയിച്ച് നിരക്കുകൾ സംസ്ഥാനം അനുസരിച്ച് വ്യത്യാസപ്പെടുന്നു. ദരിദ്രർക്ക് നൽകുന്ന 10 കോടിയിലധികം കണക്ഷനുകളായ ഉജ്ജ്വലയുടെ വിലകളിൽ മാറ്റമില്ല. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, എച്ച്പിസിഎൽ, ബിപിസിഎൽ തുടങ്ങിയ ഇന്ത്യൻ ഓയിൽ മാർക്കറ്റിങ് കമ്പനികളാണ് എൽപിജി വില നിശ്ചയിക്കുന്നത്.

നഴ്‌സുമാരുടെ  അടിസ്ഥാന ശമ്പളം 28,000 രൂപ ആക്കാൻ തീരുമാനം, ഉത്തരവിറക്കി തൊഴിൽ വകുപ്പ്

തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ  അടിസ്ഥാന ശമ്പളം 28,000 രൂപ ആക്കാൻ തീരുമാനം.

800 കിടക്കകള്‍ക്ക് മുകളിലുള്ള ആശുപത്രികളില്‍ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കും. ഇതുസംബന്ധിച്ച് തൊഴില്‍ വകുപ്പ് ഉത്തരവ് ഇറക്കി. നഴ്‌സുമാര്‍ക്ക് പ്രത്യേക അലവന്‍സ് അനുവദിക്കും.

തുല്യ ജോലിക്ക് തുല്യ വേതനം ഉള്‍പ്പടെ നിരവധി ആവശ്യങ്ങള്‍ ഉയര്‍ത്തി സെക്രട്ടറിയേറ്റിലേക്ക് ആയിരത്തോളം വരുന്ന നഴ്സുമാർ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.

ജീവിതച്ചെലവ് കുതിച്ചുയരുന്ന കാലത്ത് കാലികമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് അടിസ്ഥാന വേതനം പുതുക്കി നിശ്ചയിക്കണമെന്നായിരുന്നു ആവശ്യം. 

ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള മാലിന്യ വിവാദം: മേയർക്ക് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള മാലിന്യ വിവാദത്തിൽ മേയർക്ക് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി.

പൊങ്കാല കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും ശുചീകരണവുമായി ബന്ധപ്പെട്ട് സിപിഎം-ബിജെപി വാക്കുതർക്കം രൂക്ഷമാവുന്നതിനിടെയാണ് ഈ വാദ പ്രതിവാദവും.

കോർപ്പറേഷന് മുകളിലാണ് സർക്കാരെന്നും ഇടപെടേണ്ട കാര്യങ്ങളിൽ ഇടപെടുമെന്നും ശിവൻകുട്ടി പറഞ്ഞു. മന്ത്രി സ്വന്തം വകുപ്പ് നോക്കിയാൽ മതിയെന്ന് വിവി രാജേഷ് പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് മന്ത്രി നൽകിയത്.

ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം പല സ്ഥലങ്ങളിലും മാലിന്യം കുന്നുകൂടി കിടക്കുന്നുണ്ടെന്നും എന്താണ് സംഭവിച്ചത് എന്നതിൽ അന്വേഷണത്തിന് നിർദ്ദേശം നൽകിയെന്നും ശിവൻകുട്ടി പ്രതികരിച്ചിരുന്നു. ചിലയാളുകൾ ഫോണിൽ വിളിച്ച് പരാതി പറഞ്ഞു, മാധ്യമങ്ങളിൽ വാർത്ത കണ്ടു.

സർക്കാരിന് എല്ലാ ജോലിയും ചെയ്യാൻ ഉത്തരവാദിത്വം ഉണ്ട്. അക്കാര്യത്തിൽ തർക്കത്തിന് വരേണ്ട. ഏതെല്ലാം കാര്യങ്ങളിൽ ഇടപെടണമെന്ന് സർക്കാരിന് ബോധ്യം ഉണ്ട്. സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കാൻ ബോധപൂർവം ശ്രമം നടന്നിട്ടുണ്ടോ എന്ന് അറിയണമെന്നും മന്ത്രി പറഞ്ഞു.

സർക്കാരിന് തിരിച്ചടി, ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ ഇടപെട്ട് സിഎടി; അജിത് കുമാറിന്‍റെ എക്സൈസ് കമ്മീഷണർ സ്ഥാനവും തെറിക്കും

ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ ഇടപെട്ട് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ. 2014 ലെ കേഡർ നിയമങ്ങൾ പാലിച്ചു വേണം സ്ഥലംമാറ്റം നടത്താൻ. ബി അശോക് കുമാറിന്റെ മൂന്ന് സ്ഥലം മാറ്റങ്ങൾ കോടതി റദ്ദാക്കി. എം ആർ അജിത് കുമാറിന്റെ എക്സൈസ് കമ്മീഷണർ സ്ഥാനവും തെറിക്കും. എക്സൈസ് കമ്മീഷണർ സ്ഥാനം ഐ എ എസ് കേഡർ തസ്തികയാണെന്നും അവിടെ ഐ എ എസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്നും ട്രിബ്യൂണൽ നിരീക്ഷിച്ചു.

ഇതോടെ അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് നീക്കം ചെയ്യേണ്ടി വരും. കില (KILA), ഐ എം ജി (IMG) ഡയറക്ടർ സ്ഥാനങ്ങളും ഐ എ എസ് കേഡർ തസ്തികകളാണെന്നും സി എ ടി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.ഐ എ എസ് ഉദ്യോഗസ്ഥരുടെ സേവന വ്യവസ്ഥകളിലും സ്ഥലംമാറ്റങ്ങളിലും രാഷ്ട്രീയ താൽപ്പര്യങ്ങൾ കടന്നുകൂടുന്നത് തടയുന്നതാണ് ഈ ഉത്തരവെന്നാണ് സി എ ടി വ്യക്തമാക്കുന്നത്. കേഡർ നിയമങ്ങൾ ലംഘിച്ചുള്ള നിയമനങ്ങൾ സർക്കാരിന്റെ അധികാരപരിധിക്ക് പുറത്താണെന്നും ട്രിബ്യൂണൽ ഓർമ്മിപ്പിച്ചു.

സർക്കാരിന് തിരിച്ചടി, ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ ഇടപെട്ട് സിഎടി; അജിത് കുമാറിന്‍റെ എക്സൈസ് കമ്മീഷണർ സ്ഥാനവും തെറിക്കും

ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ ഇടപെട്ട് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ. 2014 ലെ കേഡർ നിയമങ്ങൾ പാലിച്ചു വേണം സ്ഥലംമാറ്റം നടത്താൻ. ബി അശോക് കുമാറിന്റെ മൂന്ന് സ്ഥലം മാറ്റങ്ങൾ കോടതി റദ്ദാക്കി. എം ആർ അജിത് കുമാറിന്റെ എക്സൈസ് കമ്മീഷണർ സ്ഥാനവും തെറിക്കും. എക്സൈസ് കമ്മീഷണർ സ്ഥാനം ഐ എ എസ് കേഡർ തസ്തികയാണെന്നും അവിടെ ഐ എ എസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്നും ട്രിബ്യൂണൽ നിരീക്ഷിച്ചു.

ഇതോടെ അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് നീക്കം ചെയ്യേണ്ടി വരും. കില (KILA), ഐ എം ജി (IMG) ഡയറക്ടർ സ്ഥാനങ്ങളും ഐ എ എസ് കേഡർ തസ്തികകളാണെന്നും സി എ ടി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.ഐ എ എസ് ഉദ്യോഗസ്ഥരുടെ സേവന വ്യവസ്ഥകളിലും സ്ഥലംമാറ്റങ്ങളിലും രാഷ്ട്രീയ താൽപ്പര്യങ്ങൾ കടന്നുകൂടുന്നത് തടയുന്നതാണ് ഈ ഉത്തരവെന്നാണ് സി എ ടി വ്യക്തമാക്കുന്നത്. കേഡർ നിയമങ്ങൾ ലംഘിച്ചുള്ള നിയമനങ്ങൾ സർക്കാരിന്റെ അധികാരപരിധിക്ക് പുറത്താണെന്നും ട്രിബ്യൂണൽ ഓർമ്മിപ്പിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പ്; തൃശൂരില്‍ വിഎസ് സുനില്‍കുമാറിനെ പരിഗണിക്കാതെ സിപിഐ

പൂരം കലക്കല്‍ വിവാദത്തിലെ പ്രതികരണത്തിന് പിന്നാലെ പാര്‍ട്ടി ശാസന നേരിട്ട വി എസ് സുനില്‍ കുമാറിനെ സ്ഥാനാര്‍ഥിയായി പരിഗണിക്കാതെ സിപിഐ. തൃശൂര്‍ മണ്ഡലത്തില്‍ പി ബാലചന്ദ്രന്‍ മാറുകയാണെങ്കില്‍ വിഎസ് പ്രിന്‍സിന്റെ പേരിലാണ് പ്രധാന പരിഗണന.

ശക്തമായ ത്രികോണ മത്സരം വന്നാല്‍ തൃശൂര്‍ മണ്ഡലത്തില്‍ ഏറ്റവും അധികം വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെട്ടിരുന്നത് മുന്‍ മന്ത്രി കൂടിയായ വിഎസ് സുനില്‍കുമാറിനെ ആയിരുന്നു. എന്നാല്‍ സുനില്‍കുമാറിന്റെ പേര് പരിഗണിക്കാതെയാണ് സിപിഐയുടെ പ്രാഥമിക പട്ടിക. മുന്‍ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ് തൃശൂരില്‍ നിലവില്‍ പരിഗണിക്കപ്പെട്ടിരിക്കുന്ന വിഎസ് പ്രിന്‍സ്. ഒരു വനിതാ നേതാവിന്റെ പേരും മണ്ഡലത്തിലേക്ക് പറഞ്ഞു കേള്‍ക്കുന്നുണ്ട്.

അതേസമയം, പീരുമേട്ടില്‍ സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലീം കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. സംസ്ഥാന നേതൃത്വം ഔദ്യോഗികമായി സലിംകുമാറിന്റെ പേര് പ്രഖ്യാപിക്കും. റോയ് കെ പൗലോസ്, സിപി മാത്യു സിറിയക് തോമസ് എന്നിവരെയാണ് യുഡിഎഫ് പീരുമേട്ടില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്.

അതേസമയം, നെന്മാറ എംഎല്‍എ കെ ബാബുവിന് ടേം വ്യവസ്ഥയില്‍ ഇളവ് നല്‍കില്ല. ഏരിയ സെക്രട്ടറി കെ പ്രേമന്‍ ആയിരിക്കും ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ആലത്തൂരിലേക്ക് സിപിഐഎം ജില്ലാ സെക്രട്ടറി അംഗമായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി എം ശശിയുടെ പേരാണ് പാര്‍ട്ടി നേതൃത്വത്തിന് മുന്നിലുള്ളത്.

സിപിഐഎം തിരുവന്തപുരം ജില്ലാ സെക്രട്ടറിയുടെ ചുമതല എ.എ.റഹീമിന്; ജില്ലാ കമ്മിറ്റിയിലും അംഗീകാരം

സിപിഐഎം തിരുവന്തപുരം ജില്ലാ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതലക്കാരനായി എ.എ.റഹീം എംപിയെ തിരഞ്ഞെടുത്തു. റഹീമിന് ചുമതല നല്‍കാനുള്ള സെക്രട്ടേറിയറ്റ് നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു. നിലവിലുളള ജില്ലാ സെക്രട്ടറി വി.ജോയി വര്‍ക്കലയില്‍ വീണ്ടും മത്സരിക്കുന്ന സാഹചര്യത്തിലാണ് രഹീമിന് താല്‍ക്കാലിക ചുമതല ലഭിക്കുന്നത്.

നേരത്തെ, വി ജോയിയുടെ വര്‍ക്കലയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. ജില്ലാ സെക്രട്ടറിയായതിനാല്‍ ജോയി മത്സരിക്കേണ്ട എന്നായിരുന്നു തുടക്കത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം. എന്നാല്‍ ജോയി മത്സരിച്ചില്ലെങ്കില്‍ വര്‍ക്കല സീറ്റ് നിലനിര്‍ത്താന്‍ ആകില്ലെന്ന് ജില്ലാ നേതൃത്വം നിലപാട് എടുക്കുകയായിരുന്നു.

‘സിപിഐഎം ബന്ധം ഉപേക്ഷിക്കില്ല, പാർട്ടി അംഗത്വം തത്കാലം പുതുക്കില്ല’; നിലപാട് മയപ്പെടുത്തി ജി സുധാകരൻ

സിപിഐഎം നേതൃത്വവുമായി ഇടഞ്ഞ ജി സുധാകരൻ നിലപാട് മയപ്പെടുത്തുന്നു. പാർട്ടി ബന്ധം ഉപേക്ഷിക്കില്ലെന്ന് ജി സുധാകരൻ വ്യക്തമാക്കി. പാർട്ടി അംഗത്വം തത്കാലം പുതുക്കില്ല. അനുഭാവിയായി തുടരും. സി എസ് സുജാത നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മഞ്ഞുരുക്കം. ഈ മാസം 31 വരെ മെമ്പർഷിപ്പ് പുതുക്കാൻ സമയമുണ്ട്.

പാർട്ടി അനുനയം തുടർന്നേക്കും. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹരിശങ്കർ, സിഎസ് സുജാത എന്നിവർ ഇന്ന് ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തി. സുധാകരന്റെ വീട്ടിലെത്തിയാണ് സിഎസ് സുജാത സംസാരിക്കുന്നത്.

അതിനിടെ, നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പെരുമ്പളം പാലം ഉദ്ഘാടനത്തിന്റെ നോട്ടീസിൽ ജി സുധാകരനെ ഉൾപ്പെടുത്തി. മുഖ്യാതിഥിയായാണ് ജി സുധാകരന് ക്ഷണം ലഭിച്ചിരിക്കുന്നത്.

ജി സുധാകരനെ മന്ത്രി പി എ മുഹമ്മദ്‌ റിയാസ് ഫോണിൽ വിളിച്ചു. ഉദ്ഘാടനത്തിൽ പങ്കെടുക്കണമെന്ന് അറിയിച്ചു. ആരോഗ്യപ്രശ്നങ്ങൾ കാരണം പങ്കെടുക്കില്ലെന്ന് അറിയിച്ചു. നടക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്നും ജി സുധാകരൻ റിയാസിനോട് പറഞ്ഞു. പിന്നാലെയാണ് സി എസ് സുജാത നേരിട്ട് വീട്ടിൽ എത്തിയത്.

മലയാളിയായ എസ് ശ്രുതിക്ക് 18-ാം റാങ്ക്; സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു, ഒന്നാം റാങ്ക് അനുജ് അഗ്നിഹോത്രിക്ക്

2025 ലെ സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു. അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്. രാജേശ്വരി സുവേക്ക് രണ്ടാം റാങ്ക്. അഖൻഷ് ദള്ളിന് മൂന്നാം റാങ്ക്. ആദ്യ പത്തിൽ മലയാളികളില്ല. മലയാളിയായ എസ് ശ്രുതി 18ാം റാങ്ക് നേടി. മലയാളിയായ സിദ്ധാര്‍ത്ഥ എം ജോയി 271ാം റാങ്കും നേടി. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിൽ സിദ്ധാര്‍ത്ഥ് രണ്ടാം റാങ്ക് നേടിയിരുന്നു. 958 പേർ സിവിൽ സർവീസ് യോഗ്യത നേടി. 180 പേർക്ക് IAS. 55 പേർക്ക് IFS. 150 പേർക്ക് ഐപിഎസ് നേടി. അനുജ് അഗ്നിഹോത്രി രാജസ്ഥാൻ സ്വദേശിയാണ്.

ഐഎഎസും ഐഎഫ്എസും ഐപിഎസും അടക്കം 23 പോസ്റ്റുകളിലേക്കാണ് നിയമനം. 958 പേരാണ് ആകെ ഇത്തവണ സിവിൽ സര്‍വീസിന് പരീക്ഷയിൽ വിജയിച്ച് അന്തിമ പട്ടികയിൽ ഇടംപിടിച്ചത്. മലയാളിയായ അതിഥി കൃഷ്ണദേവ് 451ാം റാങ്കും കരസ്ഥമാക്കി. തിരുവനന്തപുരം നാരുവാമൂട് സ്വദേശി ജെഎസ് ശ്രീജ 57ാം റാങ്കും കോഴിക്കോട് സ്വദേശി അജയ് ആര്‍ രാജ് 109ാം റാങ്കും നേടി. ജന്മനാ കാഴ്ചാപരിമിതിയുള്ള ഭിന്നശേഷി വിദ്യാര്‍ത്ഥിയായ അജയ് ആര്‍ രാജിന്‍റേത് തിളക്കമുള്ള നേട്ടമായി മാറി.

പ്രിലിമിനറി, മെയിൻ, പേഴ്സണാലിറ്റി ടെസ്റ്റ് എന്നീ മൂന്ന് ഘട്ടങ്ങൾക്കും ശേഷം രാജ്യമെമ്പാടുമുള്ള ഉദ്യോഗാർത്ഥികൾ അന്തിമ റാങ്ക് ലിസ്റ്റിനായി കാത്തിരിപ്പിലായിരുന്നു. കമ്മീഷന്‍റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ upsc.gov.in, upsconline.nic.in എന്നിവയിൽ ഫലം പരിശോധിക്കാൻ കഴിയും. 2025 മെയ് 25 ന് നടന്ന പ്രിലിമിനറി പരീക്ഷയോടെയാണ് പരീക്ഷാ പ്രക്രിയ ആരംഭിച്ചത്. ഓഗസ്റ്റ് 22 മുതൽ ഓഗസ്റ്റ് 31 വരെ മെയിൻ പരീക്ഷ നടന്നു. അവസാന ഘട്ടമായ പേഴ്സണാലിറ്റി ടെസ്റ്റ് അഥവാ അഭിമുഖം ഈ വർഷം ഫെബ്രുവരി 27 ന് അവസാനിച്ചു.