രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ നീക്കം; കൂടിക്കാഴ്ചയ്ക്ക് സതീശനും കെ.സി. വേണുഗോപാലും

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി പ്രകടിപ്പിച്ച് മാറിനിൽക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമം ശക്തമായതായി റിപ്പോർട്ട്. ചെന്നിത്തലയുടെ പിണക്കം മാറ്റുന്നതിനായി ജോസഫ് വാഴയ്ക്കനെയും അൻവർ സാദത്തിനെയും വി.ഡി. സതീശൻ ചുമതലപ്പെടുത്തിയതായാണ് സൂചന.

ചെന്നിത്തലയെ മന്ത്രിസഭയിലേക്ക് എത്തിക്കണമെന്ന ആവശ്യം ഇരുനേതാക്കളും മുന്നോട്ടുവെക്കുമെന്നാണ് വിവരം. മുൻ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചതിന് ശേഷം വി.ഡി. സതീശൻ നേരിട്ട് ചെന്നിത്തലയെ കാണാനെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. കേരളത്തിലേക്ക് എത്തുന്ന കെ.സി. വേണുഗോപാലും ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തും. അദ്ദേഹത്തിന്റെ അതൃപ്തി പരിഹരിക്കാനായാണ് ഈ നീക്കം.

ചെന്നിത്തലയുമായി സംസാരിക്കാനുള്ള ചുമതല ഹൈക്കമാൻഡ് കെ.സി. വേണുഗോപാലിന് നൽകിയതായും വിവരമുണ്ട്. അതേസമയം, രമേശ് ചെന്നിത്തല മന്ത്രിസഭയിൽ ചേരുമോ എന്നത് അദ്ദേഹം തന്നെ തീരുമാനിക്കേണ്ട കാര്യമാണെന്ന് ജോസഫ് വാഴയ്ക്കൻ പ്രതികരിച്ചു. “സതീശനുമായും ചെന്നിത്തലയുമായും ആത്മബന്ധമുണ്ട്. ആരുടേയും ദൂതനായല്ല ഞാൻ എത്തിയിരിക്കുന്നത്,” എന്നും അദ്ദേഹം പറഞ്ഞു.

ഗ്രൂപ്പ് രാഷ്ട്രീയം മറികടന്ന് വി.ഡി. സതീശൻ മുഖ്യമന്ത്രിയായി; യുഡിഎഫ് വിജയത്തിന്റെ നായകൻ ഇനി ഭരണത്തലപ്പത്ത്




തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിലെ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് കോൺഗ്രസ് ഹൈക്കമാൻഡ് V. D. Satheesanനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ശക്തമായ ചർച്ചകൾക്കും ഗ്രൂപ്പ് സമ്മർദങ്ങൾക്കും ഒടുവിലായാണ് അന്തിമ തീരുമാനം പുറത്തുവന്നത്.
പ്രതിപക്ഷ നേതാവായി കഴിഞ്ഞ അഞ്ച് വർഷം സർക്കാരിനെതിരെ ശക്തമായ പോരാട്ടം നയിച്ച സതീശന്റെ പ്രവർത്തനങ്ങൾ യുഡിഎഫിന്റെ തിരിച്ചുവരവിൽ നിർണായകമായെന്നാണ് കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നത്. നിയമസഭയ്ക്കകത്തും പുറത്തും സർക്കാരിനെതിരെ കടുത്ത നിലപാട് സ്വീകരിച്ച അദ്ദേഹം, മുന്നണിയെ “ടീം യുഡിഎഫ്” എന്ന നിലയിൽ ഒരുമിപ്പിക്കാനും ശ്രദ്ധിച്ചിരുന്നു.
മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചർച്ചകളിൽ K. C. Venugopal, Ramesh Chennithala എന്നിവരുടെ പേരുകളും സജീവമായിരുന്നെങ്കിലും, പൊതുസമൂഹത്തിലെ സ്വീകാര്യതയും എംഎൽഎമാരുടെ പിന്തുണയും സതീശന് അനുകൂലമായി.
മന്ത്രി പദം വഹിക്കാതെയാണ് സതീശൻ നേരിട്ട് മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത് എന്നതും ശ്രദ്ധേയമാണ്. കോൺഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തെ മറികടന്ന് യുവതലമുറയുടെ പിന്തുണ നേടിയ നേതാവെന്ന വിശേഷണവും അദ്ദേഹത്തിനുണ്ട്.
1996-ൽ ആദ്യമായി പറവൂരിൽ നിന്ന് മത്സരിച്ച സതീശൻ പിന്നീട് മണ്ഡലത്തെ കോൺഗ്രസിന്റെ ശക്തികേന്ദ്രമാക്കി മാറ്റി. കുടിവെള്ള പദ്ധതി, വിദ്യാഭ്യാസ വികസനം, മുസിരിസ് പൈതൃക പദ്ധതി തുടങ്ങിയ വികസന പ്രവർത്തനങ്ങളിലൂടെ മണ്ഡലത്തിൽ വ്യക്തമായ സാന്നിധ്യം ഉറപ്പിച്ചു.
പ്രതിപക്ഷ നായകനിൽ നിന്ന് ഭരണനായകനിലേക്കുള്ള മാറ്റത്തിലാണ് ഇനി കേരള രാഷ്ട്രീയം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. Pinarayi Vijayanക്കെതിരെ അഞ്ച് വർഷം ശക്തമായ പ്രതിപക്ഷ പോരാട്ടം നടത്തിയ സതീശൻ ഇനി മുഖ്യമന്ത്രിയായി കേരളത്തെ എങ്ങനെ നയിക്കുമെന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ പ്രധാന ചർച്ച.
English Summary
Congress high command has announced V. D. Satheesan as the new Chief Minister of Kerala, ending days of political uncertainty. Satheesan, who led the UDF’s aggressive opposition campaign against the LDF government over the past five years, emerged as the consensus choice despite internal group equations and leadership debates.
Known for his strong legislative interventions and organizational leadership, Satheesan played a key role in reviving the UDF in Kerala. Notably, he becomes Chief Minister without previously serving as a minister. Political observers are now closely watching how he transitions from opposition leader to head of government.

‘പി ജയരാജന്റെ പുസ്തകം പുറത്തിറക്കിയാല്‍ കൊന്നുകളയും’; ചിന്ത പബ്ലിഷേഴ്‌സ് മാര്‍ക്കറ്റിങ് മാനേജര്‍ക്ക് വധഭീഷണി

തിരുവനന്തപുരം: ചിന്ത പബ്ലിഷേഴ്‌സ് മാര്‍ക്കറ്റിങ് മാനേജര്‍ക്ക് വധഭീഷണി. ‘സനാതനികളുടെ ഹിന്ദുത്വ വഴികള്‍’ എന്ന പി ജയരാജന്റെ പുസ്തകം പുറത്തിറക്കിയാല്‍ കൊന്നുകളയുമെന്നാണ് ഭീഷണി.

മാര്‍ക്കറ്റിങ് മാനേജര്‍ സി പി രമേശന്‍ കന്റോണ്‍മെന്റ് പൊലീസില്‍ പരാതി നല്‍കി.കഴിഞ്ഞ ദിവസം രാത്രി ഫോണിലൂടെയായിരുന്നു രമേശന് ഭീഷണി വന്നത്.

പുസ്തക വില്‍പ്പന പോലും അനുവദിക്കില്ലെന്നും ഭീഷണി മുഴക്കിയതായും രമേശന്‍ പറഞ്ഞു. സംഘപരിവാര്‍ സംഘടനകളാണ് ഭീഷണിക്ക് പിന്നിലെന്ന് പി ജയരാജന്‍ പറഞ്ഞു.

ഒരു പുസ്തകത്തെ പോലും സംഘപരിവാര്‍ ഭയപ്പെടുകയാണ്. പുസ്തക വില്‍പ്പന പോലും അനുവദിക്കില്ല എന്നാണ് നിലപാട്. ഇത്തരത്തിലുള്ള നീക്കത്തെ പൊതുസമൂഹം അപലപിക്കണമെന്നും പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. ഈ മാസം 20നാണ് ജയരാജന്റെ പുസ്തക പ്രകാശനം തീരുമാനിച്ചിരിക്കുന്നത്.

തീയതിയിൽ മാറ്റം; ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം മെയ് 26ന്

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപന തീയതിയിൽ മാറ്റം. ഫലപ്രഖ്യാപനം മെയ് 26 ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

മെയ് 22ന് പ്രഖ്യാപിക്കും എന്നായിരുന്നു നേരത്തെ അറിയിച്ചത്. അതേസമയം, സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. വൈകീട്ട് മൂന്നിന് വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രഖ്യാപനം നടത്തും.

കഴിഞ്ഞ ദിവസം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 85.20% ആണ് ഈ വർഷത്തെ ആകെ വിജശതമാനം. കഴിഞ്ഞ വർഷം ഇത് 88.39% ആയിരുന്നു. മേഖലാടിസ്ഥാനത്തിൽ 95.62 % വിജയം നേടി തിരുവനന്തപുരമാണ് ഒന്നാമത്.

ഇതിന് തൊട്ട് പിന്നാലെ ചെന്നൈ (93.84%), ബെംഗളൂരു (93.19 %) എന്നീ മേഖലകളാണ് ഉള്ളത്. ഡൽഹി വെസ്റ്റ് (92.34 %), ഡൽഹി ഈസ്റ്റ് (91.73 %) എന്നീ മേഖലകളും മികച്ച വിജയം രേഖപ്പെടുത്തി. 72.43% വിജയം മാത്രമുള്ള പ്രയാഗ്‌രാജ് ആണ് പട്ടികയിൽ ഏറ്റവും പിന്നിലുളളത്.

നിലവിലെ പ്രതിസന്ധി വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും, വിദ്യാഭ്യാസ മേഖലയെ അനാഥമാക്കരുത്; വി. ശിവൻകുട്ടി

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയെ അനാഥമാക്കരുതെന്ന് മുൻ മന്ത്രി വി. ശിവൻകുട്ടി. മന്ത്രിസഭ രൂപീകരിക്കാത്തത് വകുപ്പിൻ്റെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിസന്ധിയുണ്ടായി എന്നും ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു. നിലവിലെ പ്രതിസന്ധി വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും വി. ശിവൻകുട്ടി വ്യക്തമാക്കി.

എസ്എസ്എൽസി ഫല പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങളെയും ശിവൻകുട്ടി ചൂണ്ടിക്കാട്ടി. ലക്ഷക്കണക്കിന് വിദ്യാർഥികളും രക്ഷിതാക്കളും കാത്തിരിക്കുന്ന ഈ പ്രക്രിയയിൽ വ്യക്തമായ തീരുമാനങ്ങൾ എടുക്കാൻ മന്ത്രിയുടെ അഭാവം തടസമായി.

അതുപോലെ തന്നെ, അധ്യയന വർഷം ആരംഭിക്കാൻ ഇരിക്കെ സ്കൂളുകളുടെ ഫിറ്റ്നസ് ഉറപ്പാക്കുന്ന പ്രവർത്തനങ്ങളും ഇപ്പോൾ അവതാളത്തിൽ ആയിരിക്കുകയാണ് എന്നും ശിവൻകുട്ടി പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിസന്ധിയാണ് നിലവിൽ സംജാതമായിരിക്കുന്നത്. സംസ്ഥാനത്ത് വോട്ടെണ്ണൽ കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും പുതിയ മന്ത്രിസഭ നിലവിൽ വരാത്തത് വിദ്യാഭ്യാസ വകുപ്പിൻ്റെ സുഗമമായ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണ്. വകുപ്പിൻ്റെ ഓരോ ഘട്ടത്തിലും കൃത്യമായ മന്ത്രിതലത്തിലുള്ള ഇടപെടലുകൾ അനിവാര്യമായ സമയമാണിത്.

എസ്എസ്എൽസി ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ആശയക്കുഴപ്പങ്ങളാണ് നിലനിന്നത്. ലക്ഷക്കണക്കിന് വിദ്യാർഥികളും രക്ഷിതാക്കളും കാത്തിരിക്കുന്ന ഈ പ്രക്രിയയിൽ വ്യക്തമായ തീരുമാനങ്ങൾ എടുക്കാൻ മന്ത്രിയുടെ അഭാവം തടസമായി. അതുപോലെ തന്നെ, അധ്യയന വർഷം ആരംഭിക്കാൻ ഇരിക്കെ സ്കൂളുകളുടെ ഫിറ്റ്നസ് ഉറപ്പാക്കുന്ന പ്രവർത്തനങ്ങളും ഇപ്പോൾ അവതാളത്തിലായിരിക്കുകയാണ്.

പാഠപുസ്തകങ്ങളുടെ അച്ചടി കൃത്യസമയത്ത് പൂർത്തിയാക്കി വിതരണം ചെയ്യുന്നതിന് മന്ത്രിതലത്തിൽ നിരന്തരമായ നിരീക്ഷണവും ഏകോപനവും ആവശ്യമാണ്. എന്നാൽ അത്തരം ഇടപെടലുകൾ ഇല്ലാത്തത് വരും ദിവസങ്ങളിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

അധ്യാപക പരിശീലനത്തിൻ്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. കേന്ദ്ര സർക്കാർ എസ്എസ്കെയ്ക്കുള്ള ഫണ്ട് നിർത്തലാക്കിയിട്ട് വർഷങ്ങളായി. മുമ്പ് മന്ത്രിതലത്തിലുള്ള സജീവമായ ഇടപെടലുകൾ വഴി സംസ്ഥാന സർക്കാരിൽ നിന്ന് പ്രത്യേകമായി പണം ലഭ്യമാക്കിയാണ് അധ്യാപക പരിശീലനവും എസ്എസ്കെ ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മുടങ്ങാതെ ഉറപ്പാക്കിയിരുന്നത്. ഭരണപരമായ നേതൃത്വത്തിന്റെ അഭാവം ഇപ്പോൾ ഈ മേഖലയെയും നിശ്ചലമാക്കിയിരിക്കുകയാണ്.

മികച്ച രീതിയിലുള്ള മുന്നൊരുക്കങ്ങളിലൂടെയും ചിട്ടയായ പ്രവർത്തനങ്ങളിലൂടെയുമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ കാലങ്ങളിൽ മുന്നോട്ട് പോയിരുന്നത്. എന്നാൽ വോട്ടെണ്ണൽ കഴിഞ്ഞ് ഇത്രയും കാലമായിട്ടും വകുപ്പിനെ നയിക്കാൻ ഒരാളില്ലാത്തത് വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ പിന്നോട്ടടി നൽകും എന്ന കാര്യത്തിൽ തർക്കമില്ല. വകുപ്പിൻ്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ അടിയന്തരമായ ഇടപെടലുകൾ ഉണ്ടായേ മതിയാകൂ.

സർക്കാർ രൂപീകരണം; സണ്ണി ജോസഫ് ഇന്ന് ഗവർണറെ കാണും, കൂടിക്കാഴ്ച 3 മണിയ്ക്ക്

സർക്കാർ രൂപികരണത്തിന് അവകാശവാദം ഉന്നയിക്കുന്നതിനായി കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കാണും. ഇന്ന് വൈകിട്ട് മൂന്ന് മണിയ്ക്ക് ശേഷം ഗവർണറെ കാണും. ഉച്ചയ്ക്ക് നടക്കുന്ന നിയമസഭാ കക്ഷിയോഗത്തിനും യുഡിഎഫ് യോഗത്തിനും ശേഷമായിരിക്കും ഗവർണറെ കാണുക. 102 എംഎൽഎമാരുടെ പിന്തുണയാണ് യുഡിഎഫിന് ലഭിച്ചിട്ടുള്ളത് ഇക്കാര്യം ഗവർണറെ അറിയിക്കും. സത്യപ്രതിജ്ഞയ്ക്കായുള്ള ഒരുക്കത്തിലേക്ക് കോൺഗ്രസ് കടക്കുകയാണ് അതിന്റെ ആദ്യ പടിയായാണ് ലോക്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തുന്നത്.

ദിവസങ്ങള്‍ നീണ്ട മുഖ്യമന്ത്രി ചർച്ചയില്‍ ഇന്ന് നിര്‍ണായകമാണ്. ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് കോൺഗ്രസ് നിയസഭ കക്ഷി യോഗം ചേരുമെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് അറിയിച്ചു. കെപിസിസി ആസ്ഥാനത്തായിരിക്കും യോഗം ചേരുക. കോണ്‍ഗ്രസ് എംഎല്‍എമാരോട് തലസ്ഥാനത്ത് എത്താൻ നിർദേശം നല്‍കി. ആദ്യം 11 മണിക്ക് യോഗം നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും എംഎൽഎമാർക്ക് തിരുവനന്തപുരത്ത് എത്താനുള്ള അസൗകര്യം കണക്കിലെടുത്താണ് യോഗം ഒരു മണിയിലേക്ക് മാറ്റിയത്. വി ഡി സതീശൻ പുലർച്ചെ തന്നെ തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ടു. കെ സി വേണുഗോപാൽ ഡൽഹിയിൽ തന്നെ തുടരുകയാണ്. രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വസതിയിൽ ആണ്.

ദീപ ദാസ് മുൻഷിയും യോഗത്തില്‍ പങ്കെടുക്കും. മുകൾ വാസ്നിക്, അജയ് മാക്കൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കാനായി എത്തുമെന്നാണ് സൂചന. ഘടകകക്ഷി എംഎൽഎമാരോടും തിരുവനന്തപുരത്തേക്ക് എത്താൻ നിർദേശം നല്‍കിയിട്ടുണ്ട്. കേരള കോൺഗ്രസ് ഉൾപ്പെടെയുള്ള ഘടകകക്ഷി നേതാക്കൾ ഇന്ന് തിരുവനന്തപുരം എത്തും.

ഡല്‍ഹിയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തിലേക്ക്; നാല് മണിക്ക് നേതാക്കളെത്തും; പ്രഖ്യാപനം അതിനുശേഷം?

ഡല്‍ഹിയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തിലേക്ക്. വൈകീട്ട് നാല് മണിക്ക് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും കേരളത്തിലെ സാഹചര്യങ്ങള്‍ മനസിലാക്കിയ നിരീക്ഷകരുമായ മുകുള്‍ വാസ്‌നിക്കും അജയ് മാക്കനും ദീപാദാസ് മുന്‍ഷിയും എത്തുക. നേതാക്കള്‍ കൂടി കേരളത്തിലേക്ക് എത്തിയ ശേഷമാകും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.

തിരുവനന്തപുരത്ത് ചാര്‍ട്ടേഡ് വിമാനം ലാന്‍ഡ് ചെയ്യാനുള്ള അനുമതി സിവില്‍ ഏവിയേഷന്‍ അധികൃതരോട് കോണ്‍ഗ്രസ് തേടിയിട്ടുണ്ട്. ഒരു മണിക്കാണ് നിയമസഭാ കക്ഷിയോഗം നടക്കുക. ഇതിന് ശേഷം മുഖ്യമന്ത്രിയാരെന്ന് പ്രഖ്യാപിക്കും എന്നാണ് കരുതപ്പെടുന്നത്. ചാര്‍ട്ടേഡ് വിമാനത്തില്‍ കെ സി വേണുഗോപാലും ഉണ്ടോ എന്നത് മറ്റൊരു ആകാംഷയാണ്. നേതാക്കള്‍ വന്നതിന് ശേഷമാകും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദവുമായി ഗവര്‍ണറെ കാണാനെത്തുന്നത്. ഇതുനമുമ്പുള്ള അവസാനഘട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍.

മുന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കുടുംബവും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടുവെന്നാണ് വിവരം. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ സസ്‌പെന്‍സ് തുടരുകയാണ്. കെ സി വേണുഗോപാല്‍ രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ കൂടിക്കാഴ്ചയ്ക്കായി എത്തി. മുഖ്യമന്ത്രി തീരുമാനം ഇന്ന് പ്രഖ്യാപിക്കാന്‍ ഇരിക്കെയാണ് കൂടിക്കാഴ്ച. എന്തിനാകും രാഹുല്‍ ഗാന്ധി കെ സിയെ വിളിപ്പിച്ചത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ആണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. നാളെ എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശനിയാഴ്ച തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മേയ് 13 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും കാറ്റോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

അതേസമയം, ഈ ആഴ്ച അവസാനത്തോടെ കാലവർഷം എത്താനിടയുണ്ടെന്ന സൂചനയും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ മാസം 16 ഓടെ തെക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലേക്ക് കാലവർഷം എത്താൻ അനുകൂല സാഹചര്യമാണ് നിലവിലുള്ളതെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്.

ഇടിമിന്നൽ ജാഗ്രതാ നിർദേശം

– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

– അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.

– ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.

– മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

– കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.

– ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

– ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.

– പട്ടം പറത്തുന്നത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത്‌ ടെറസിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.

– വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.

– അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല, കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.

– ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.

– മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാൽ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.

വ്യാപക വിമര്‍ശനം; ജ്യോതിഷിയുടെ നിയമനം റദ്ദാക്കി ഉത്തരവിറക്കി TVK

ചെന്നൈ: തന്റെ വിജയം പ്രവചിച്ച ജ്യോതിഷി റിക്കി രാധര്‍ പണ്ഡിറ്റിനെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കി ടിവികെ. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്‌പെഷല്‍ ഡ്യൂട്ടി ഓഫീസറായിട്ടായിരുന്നു രാധന്‍ പണ്ഡിറ്റിനെ ചൊവ്വാഴ്ച നിയമിച്ചത്. നടപടിക്കെതിരെ വിമര്‍ശനം വ്യാപകമായതോടെയാണ് പിന്നോട്ട് പോക്ക്.

നിയമന നടപടിക്കെതിരെ മദ്രാസ് ഹൈക്കോടതിയില്‍ അഭിഭാഷകനായ കൃഷ്ണമൂര്‍ത്തി ഹര്‍ജി സമര്‍പ്പിക്കുകയുണ്ടായി. റിക്കി രാധര്‍ പണ്ഡിറ്റ് വെട്രിവേലിനെ വിജയ് നിയമ വിരുദ്ധമായി നിയമിക്കുകയായിരുന്നു എന്നാണ് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയത്. ദീര്‍ഘകാലമായി തന്റെ വ്യക്തിഗത ജ്യോതിഷിയായി ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കിയ റിക്കി രാധര്‍ പണ്ഡിറ്റ് വെട്രിവേലിനെയാണ് വിജയ് തന്റെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായി നിയമിച്ചത്.

തമിഴ്‌നാട്ടിലെ തന്നെ പ്രമുഖനായ ജ്യോത്സ്യനും ആത്മീയ ഉപദേഷ്ടാവുമാണ് പണ്ഡിറ്റ് വെട്രിവേല്‍. തെരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് തന്നെ വെട്രിവേല്‍ വിജയ്യുടെ വിജയം പ്രവചിച്ചിരുന്നു. 40 വര്‍ഷമായി ജ്യോത്സനായി പ്രവര്‍ത്തിക്കുന്നയാളാണ് വെട്രിവേല്‍.

കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധി രാഷ്ട്രീയ നേതാക്കള്‍ വെട്രിവേലിന്റെ ഉപദേശം തേടിയിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി ജയലളിത പല രാഷ്ട്രീയ തീരുമാനങ്ങളും വെട്രിവേലിന്റെ ഉപദേശപ്രകാരമാണ് സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മുഖ്യമന്ത്രി തീരുമാനം ഇന്ന് ഉണ്ടായേക്കും; പി കെ കുഞ്ഞാലിക്കുട്ടി

മുഖ്യമന്ത്രി തീരുമാനം വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തി മുസ്ലിം ലീഗ് നേതൃയോഗം. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പ്രഖ്യാപനം വൈകുന്നത് ശരിയല്ലല്ലോ, റെസ്പോൺസബിൾ മാറ്ററല്ലേ. വേഗത്തിൽ തീരുമാനം ഉണ്ടാകേണ്ടതുണ്ട്. തീരുമാനം വൈകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈക്കമാൻഡ് തീരുമാനത്തിനായി കാത്തിരിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സോണിയ ഗാന്ധി ലീഗ് നേതൃത്വവുമായി സംസാരിച്ചിട്ടില്ല. ഹൈക്കമാൻഡ് തീരുമാനം വന്നാൽ ഉടൻ യുഡിഎഫ് ചർച്ച. ലീഗിന്റെ മന്ത്രിമാർ ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കാൻ സാദിഖലി തങ്ങളെ ചുമതലപ്പെടുത്തി. ഹൈക്കമാന്റ് തീരുമാനം വന്നാൽ മാധ്യമങ്ങളെ കാണും. ലീഗിന്റെ മന്ത്രിമാർ ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കാൻ സാദിഖലി തങ്ങളെ ചുമതലപ്പെടുത്തി. സംസ്ഥാനത്ത് ഭരണ സ്തംഭനം ഇല്ല. ഭരിക്കാൻ പോകുന്നത് യുഡിഎഫ് ആണെന്ന് ഉദ്യോഗസ്ഥർക്ക് അറിയാമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

അതേസമയം 102 സീറ്റുകളുമായി വലിയ വിജയം നേടിയിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ വൈകുന്നതില്‍ ലീഗിന് കടുത്ത അതൃപ്തിയുണ്ട്. ജനവികാരം മാനിക്കാതെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് വലിയ പ്രാധാന്യം ലഭിക്കുന്നതില്‍ ലീഗില്‍ അതൃപ്തിയുണ്ടെന്നാണ് സൂചന. യുഡിഎഫ് വിജയത്തിന് ചുക്കാൻ പിടിച്ച വിഡി സതീശനെയാണ് ലീഗ് പിന്തുണയ്ക്കുന്നത്.

മുഖ്യമന്ത്രി പ്രഖ്യാപനത്തിനു ശേഷം പാർട്ടി നേതൃയോഗം ചേരാനാണ് ലീഗ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ മുഖ്യമന്ത്രി പ്രക്യാപനം നീണ്ടുപോകുന്നതിനാൽ‌, അതിനു കാത്തുനിൽക്കാതെ അടിയന്തര യോഗം ചേരാൻ തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രിയെ സംബന്ധിച്ച തീരുമാനം വൈകുന്നത് തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ ആഹ്ലാദ പ്രകടനത്തിനു പോലും മങ്ങലേൽപ്പിച്ചതായി ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ് അഭിപ്രായപ്പെട്ടിരുന്നു.

CBSE പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 82.50 % വിജയം, മുന്നിൽ തിരുവനന്തപുരം

ഈ വർഷത്തെ സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. cbse.gov.in results, cbse.nic.in വെബ്സൈറ്റിലൂടെ ഫലം ലഭ്യമാണ്. 82.50 % വിജയം. മുന്നിൽ തിരുവനന്തപുരം മേഖല. കഴിഞ്ഞ തവണത്തേക്കാൾ വിജയ ശതമാനം ഇക്കൊല്ലം കുറഞ്ഞു. വിജയശതമാനത്തിൽ മുന്നിൽ പെൺകുട്ടികളാണ് 88.86 ശതമാനം ആണ് വിജയം.

ഫെബ്രുവരി 17 മുതൽ ഏപ്രിൽ 10 വരെ നടന്ന പ്ലസ്ടു പരീക്ഷയിൽ 18,59,551 വിദ്യാർഥികളാണ് പങ്കെടുത്തത്. കഴിഞ്ഞ വർഷം മെയ് 13നായിരുന്നു പ്ലസ്ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്.

cbse.gov.in, results.cbse.nic.in, cbseresults.nic.in, digilocker.gov.in എന്നീ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ പരീക്ഷാ ഫലം പരിശോധിക്കാം. കൂടാതെ, UMANG ആപ്ലിക്കേഷൻ മുഖേനയും പരീക്ഷാ ഫലം പരിശോധിക്കാം. റോൾ നമ്പർ, സ്കൂൾ നമ്പർ, ജനനത്തീയതി, അഡ്മിറ്റ് കാർഡ് ഐഡി എന്നിവ പരീക്ഷാ ഫലം പരിശോധിക്കാനായി നൽകേണ്ടതുണ്ട്.

രാജ്യത്ത് കഴിഞ്ഞ വർഷം സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ 88.39 ശതമാനമായിരുന്നു വിജയം. പെൺകുട്ടികൾക്കായിരുന്നു കൂടുതൽ വിജയശതമാനം. പരീക്ഷയെഴുതിയ 91.64 ശതമാനം പെൺകുട്ടികൾ വിജയിച്ചപ്പോൾ, ആൺകുട്ടികളുടെ വിജയശതമാനം 85.70 ആയിരുന്നു. വിജയവാഡ (99.60), തിരുവനന്തപുരം (99.32), ചെന്നൈ (97.39) എന്നിങ്ങനെയായിരുന്നു മേഖല തിരിച്ചുള്ള വിജയശതമാനം.

EV ചാർജിങ് സംവിധാനങ്ങൾക്കായി ഒറ്റ ആപ്പ്: ഏകീകൃത ദേശീയ പ്ലാറ്റ്‌ഫോം പുറത്തിറക്കാൻ കേന്ദ്ര സർക്കാർ

ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജിംഗ് ശൃംഖലകൾ സംയോജിപ്പിക്കാൻ കേന്ദ്രം ഏകീകൃത ദേശീയ പ്ലാറ്റ്ഫോം പുറത്തിറക്കാൻ ഒരുങ്ങുന്നു. വാഹന നിർമ്മാതാക്കൾ, എണ്ണ വിപണന കമ്പനികൾ, സ്വകാര്യ ചാർജ് പോയിൻ്റ് ഓപ്പറേറ്റർമാർ എന്നിവർ പ്രവർ‌ത്തിപ്പിക്കുന്ന ചാർജിങ് സംവിധാനങ്ങൾക്കായാണ് ഏകീകൃത പ്ലാറ്റ്ഫോം പുറത്തിറക്കുന്നത്. മൊബൈൽ ആപ്പ് ഉടൻ എത്തുമെന്നാണ് വിവരം. ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയത്തിന്റെ യൂണിഫൈഡ് ഭാരത് ഇ-ചാർജ് (UBC) സംരംഭത്തിന്റെ ഭാഗമായിരിക്കും ഇത്.

മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ചാർജ്ജോൺ, ബോൾട്ട് എർത്ത് തുടങ്ങിയ കമ്പനികൾ നടത്തുന്ന ചാർജിംഗ് നെറ്റ്‌വർക്കുകൾ ഡിജിറ്റൽ ആർച്ച്, ബോൾട്ട് തുടങ്ങിയവ യൂണിഫൈഡ് ഭാരത് ഇ-ചാർജിന് കീഴിൽ വരും.

ഏകീകൃത പ്ലാറ്റ്‌ഫോം ഇവി ഉപയോക്താക്കളെ നെറ്റ്‌വർക്കുകളിലുടനീളമുള്ള ചാർജിംഗ് സ്റ്റേഷനുകൾ പരിധിയില്ലാതെ കണ്ടെത്താനും ബുക്ക് ചെയ്യാനും ആക്‌സസ് ചെയ്യാനും ഓപ്പറേറ്റർമാരുടെ സഹായമില്ലാതെ തന്നെ ചാർജർ ലഭ്യത, പ്രവർത്തന സമയം, ചാർജിംഗ് വേഗത, താരിഫുകൾ എന്നിവയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ നൽകാനും അനുവദിക്കും.

വിവിധ ചാർജിംഗ് നെറ്റ്‌വർക്കുകൾ ആക്‌സസ് ചെയ്യുന്നതിന് ഒന്നിലധികം ആപ്പുകളും ക്രെഡൻഷ്യലുകളും പേയ്‌മെൻ്റ് സംവിധാനങ്ങളും ഉപയോഗിക്കേണ്ടതിൻ്റെ ആവശ്യകത കുറക്കാൻ ഈ സംരംഭം വഴി കഴിയും. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് നികത്തുന്നതിനായി രാജ്യത്തുടനീളം ഏകദേശം 72,300 പൊതു ഇ.വി. ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനായി 2,000 കോടി രൂപ വകയിരുത്തി പ്രധാനമന്ത്രി ഇ-ഡ്രൈവ് പദ്ധതിക്ക് കീഴിൽ സർക്കാർ നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്.

പവന് ഒറ്റയടിക്ക് പതിനായിരത്തിലേറെ രൂപ കൂടി

ഇറങ്കുമതി തീരുവ ഉയര്‍ത്തിയതിന് പിന്നാലെ സംസ്ഥാനത്തെ സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഒറ്റദിവസം കൊണ്ട് മാത്രം പതിനായിരം രൂപയിലേറെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സ്വര്‍ണവില 1,20000 രൂപ കടന്നു.

ഒരു പവന്‍ സ്വര്‍ണത്തിന് 10,200 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,23,120 രൂപയായി. ഗ്രാമിന് 1275 രൂപയും കൂടി. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 15,390 രൂപയായി. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,12,960 രൂപയായിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് 960 രൂപ ഉയര്‍ന്നതിന് ശേഷം ഇന്നലെ രാവിലെ പവന് 400 രൂപ കൂടി കൂടിയതിന് ശേഷമാണ് ഇന്ന് വീണ്ടും സ്വര്‍ണവില നിലവിട്ട് ഉയര്‍ന്നിരിക്കുന്നത്. പവന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

പശ്ചിമേഷ്യന്‍ അനിശ്ചിതത്വം നിക്ഷേപകരില്‍ ഏറെ ആശങ്കയുണ്ടാക്കുന്ന കാഴ്ചയാണ് വിപണികളില്‍. ബ്രെന്റ് ക്രൂഡ് വില ബാരലിന് 105 ഡോളറിന് മുകളിലെത്തിയതോടെ രൂപയുടെ മൂല്യം സര്‍വകാല താഴ്ചയിലേക്കെത്തുകയായിരുന്നു. സ്വര്‍ണവില മാത്രമല്ല ഇന്ധനവിലയും ഗ്യാസ് വിലയും പിടിച്ചുനിര്‍ത്താനാകാത്ത സാഹചര്യം നിലവിലുണ്ടെന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍.

പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും; ആഹ്വാനം ഏറ്റെടുത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍

ചെലവ് ചുരുക്കലിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് നീക്കം. പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ചെലവുചുരുക്കല്‍ നടപടികള്‍ തുടങ്ങി. ഇതിനിടെ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ഇന്ത്യ ഉയര്‍ത്തി.

ഔദ്യോഗിക വാഹനങ്ങളുടെ എണ്ണം കുറയ്ക്കാന്‍ യോഗി ആദിത്യനാഥും ഉത്തരവിട്ടു. ഇന്ധന ഉപഭോഗംകുറയ്ക്കണമെന്ന് പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്താണ് ഉത്തരവ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഔദ്യോഗിക വാഹനങ്ങളുടെ എണ്ണം 50 ശതമാനമായി കുറയ്ക്കാനാണ് നിര്‍ദ്ദേശം.

പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന്റെ ഭാഗമായി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് കോണ്‍വോയ് വാഹനങ്ങള്‍ കുറച്ചു. 13 ല്‍ നിന്ന് എട്ട് ആക്കിയാണ് കുറച്ചത്. കേന്ദ്ര സഹമന്ത്രി രാംദാസ് അത്താവലെ മെട്രോയില്‍ സഞ്ചരിച്ചാണ് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്.

ചെലവ് ചുരുക്കാനാണ് ഗുജറാത്ത് ഗവര്‍ണറുടെയും നീക്കം. സംസ്ഥാനത്തിനകത്തെ യാത്രയ്ക്ക് പൊതുഗതാഗതം ഉപയോഗിക്കും. ട്രെയിനിലും ബസിലും യാത്ര ചെയ്യുമെന്ന് ഗവര്‍ണര്‍ അറിയിച്ചു. ഹെലികോപ്റ്റര്‍ തത്ക്കാലം ഒഴിവാക്കി. കോണ്‍വോയില്‍ വാഹനങ്ങളും കുറയ്ക്കും.

അതേസമയം, പ്രധാനമന്ത്രിയുടെ വാക്കിന് വില നല്‍കാത്ത നടപടിയാണ് മധ്യപ്രദേശിലെ ബിജെപി നേതാക്കള്‍ കൈക്കൊള്ളുന്നത്. ടെക്സ്റ്റ് ബുക്ക് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സൗഭാഗ്യ സിംഗ് താക്കൂര്‍ സഞ്ചരിക്കുന്നത് നൂറിലേറെ കാറുകളുടെ അകമ്പടിയോടെയാണ്. ശിവപുരി പിച്ചോരെ എംഎല്‍എ പ്രീതം സിംഗ് ലോധിയും സഞ്ചരിക്കുന്നത് 100ലേറെ വാഹനങ്ങളുടെ അകമ്പടിയോടെയാണ്. മന്ത്രി ധര്‍മ്മേന്ത്ര ലോധിയും യോഗത്തിനെത്തിയത് നിരവധി വാഹനങ്ങളുമായി. സംഭവം വിവാദമായതോടെ ഇനി ഉണ്ടാവില്ലെന്ന് മന്ത്രി അറിയിച്ചു.

അപ്രതീക്ഷിത രാജി; ‘അമ്മ’യിൽ നിന്ന് അൻസിബ പിന്മാറിയത് വ്യക്തിപരമായ കാരണങ്ങളാൽ

0

കൊച്ചി: മലയാള സിനിമാ താരസംഘടനയായ യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളും അഭിനയരംഗത്തെ തിരക്കുകളും മൂലമാണ് രാജിയെന്നാണ് സംഘടന പ്രസിഡന്റ് വ്യക്തമാക്കിയത്. കൊച്ചിയിൽ നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷമാണ് ഔദ്യോഗിക പ്രതികരണം പുറത്തുവന്നത്.ഫെബ്രുവരി 21-ന് തന്നെ അൻസിബ രാജിസന്നദ്ധത അറിയിച്ചിരുന്നുവെന്ന് ശ്വേത മേനോൻ പറഞ്ഞു. സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന നിലപാടിലായിരുന്നു അൻസിബയെന്നും അവർ വിശദീകരിച്ചു.“ഇത് നിസ്വാർത്ഥ സേവനമാണ്. മീറ്റിംഗുകളിൽ കൃത്യമായി പങ്കെടുക്കാനോ പ്രവർത്തനങ്ങളിൽ സജീവമാകാനോ കഴിയാത്തതിനാലാണ് അൻസിബ രാജിവെച്ചത്. ഇന്ന് ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ രാജി അംഗീകരിച്ചു,” എന്നാണ് ശ്വേത മേനോൻ വ്യക്തമാക്കിയത്.അമ്മയുടെ പുതിയ ഭാരവാഹി തിരഞ്ഞെടുപ്പിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക സ്ഥാനാർഥിയായിരുന്നു അൻസിബ. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കായിരുന്നു തിരഞ്ഞെടുപ്പ്. സംഘടനയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നു.ഇതിനിടെ സംഘടനയിലെ ഒരു ഓഫീസ് ജീവനക്കാരി തൊഴിൽപരമായ പീഡനാരോപണം ഉന്നയിച്ചതും ചർച്ചയായിട്ടുണ്ട്. ട്രഷറർ ക്കെതിരെയായിരുന്നു ആരോപണം. വിഷയത്തിൽ ജനറൽ ബോഡിയിൽ ചർച്ച നടത്തിയതായും ഉണ്ണി ശിവപാലിനെ നിർബന്ധിത അവധിയിലാക്കിയതായും ശ്വേത മേനോൻ അറിയിച്ചു. ഈ പശ്ചാത്തലത്തിലാണ് അൻസിബയുടെ രാജി കൂടുതൽ ചർച്ചയാകുന്നത്.