ആലപ്പുഴ: പുന്നമടയുടെ ഓളപ്പരപ്പിൽ ആവശമുയർത്തി 71ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കമായി. 21 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ ആകെ 75 വള്ളങ്ങളാണ് ഇത്തവണ ജലമേളയില്‍ മാറ്റുരയ്‌ക്കുന്നത്. ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. രണ്ട് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. സിംബാവെ ഡെപ്യൂട്ടി മന്ത്രി രാജേഷ് കുമാര്‍, കൂടാതെ മന്ത്രിമാരും ജനപ്രതിനിധികളും അടക്കം നിരവധി പ്രമുഖര്‍ മത്സരം കാണാന്‍ പുന്നമടയില്‍ എത്തും. ഓളപ്പരപ്പിലെ വേഗരാജാവ് ആരെന്നറിയാനുള്ള ആകാംഷയിലാണ് വള്ളംകളി പ്രേമികള്‍.
പവന് വില 77,000ത്തിലേയ്ക്ക്! സ്വര്‍ണത്തില്‍ റെക്കോഡ് കുതിപ്പ്; ഒറ്റ ദിവസത്തെ വര്‍ധന 1,200 രൂപ
കൊച്ചി: സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. സംസ്ഥാനത്ത് ശനിയാഴ്ച പവന്റെ വില 1,200 രൂപ കൂടി 76,960 രൂപയായി. ഗ്രാമിന് 9,620 രൂപയായി. 75,760 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. എട്ട് ദിവസത്തിനിടെ വര്‍ധിച്ചത് 3,320 രൂപയാണ്.
രൂപയുടെ മൂല്യത്തിലുണ്ടായ തകര്‍ച്ചയും ആഗോള വിപണിയിലെ വില വര്‍ധനവുമാണ് കുതിപ്പിന് പിന്നില്‍. അന്തര്‍ദേശീയ വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 3,447 ഡോളര്‍ നിലവാരത്തിലാണ്.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 24 കാരറ്റ് പത്ത് ഗ്രാം സ്വര്‍ണത്തിന്റെ വില എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 1,02,523 രൂപയിലെത്തിയിരുന്നു. ആഗോള വിപണിയില്‍ വില ഉയരുകയും രൂപയുടെ മൂല്യമിടിയുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്വര്‍ണ വിലയില്‍ കുതിപ്പ് തുടര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍.
71-ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് പുന്നമടക്കായലിൽ
കേരളത്തിലെ ജലമാമാങ്കമായ 71-ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന്.ഓളങ്ങളെ കീറിമുറിച്ച് വിജയകിരീടം ചൂടുന്ന ചുണ്ടന്‍ സ്വന്തമാക്കുന്നത് പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർ ലാൽ നെഹ്റു കൈയൊപ്പിട്ട ട്രോഫിയാണ്.21 ചുണ്ടൻ വള്ളങ്ങളാണ് പോരാട്ടത്തിൽ തുഴയെറിയുക. ചുണ്ടനും 6 വനിത വള്ളങ്ങളും അടക്കം 75 കളിവള്ളങ്ങള്‍ ഇത്തവണത്തെ ജലപൂരത്തില്‍ പങ്കുചേരും.രാവിലെ 11 മുതൽ ചെറു വള്ളങ്ങളുടെ പ്രാഥമിക മൽസരങ്ങൾ ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടു മുതൽ ചുണ്ടൻ വള്ളങ്ങളുടെ മൽസരം തുടങ്ങും. നാലുമണിക്കാണ് ഫൈനല്‍.
മുഖ്യമന്ത്രി പിണറായി വിജയനാണ് ജലമേള ഉദ്ഘാടനം ചെയ്യുന്നത്.സിംബാംബ്വെയില്‍ നിന്നുള്ള ഡപ്യൂട്ടി മന്ത്രി രാജേഷ്കുമാര്‍ ഇന്ദുകാന്ത് മോദി വള്ളംകളിയില്‍ അതിഥിയായെത്തും.
കാര്യങ്ങൾ ഇതേ രീതിയിൽ മുന്നോട്ട് പോയാൽ രാജ്യത്തിന്റെ ഭൂപടത്തിൽ നിന്ന് ഹിമാചൽ പ്രദേശ് അപ്രത്യക്ഷമാകുന്ന ദിവസം വിദൂരമല്ല’; ശക്തമായ മുന്നറിയിപ്പ് നൽകി സുപ്രീം കോടതി
‘
ഹിമാചൽ പ്രദേശിൽ അടുത്ത കാലത്തായി നിരവധി മേഘവിസ്ഫോടനങ്ങളും കനത്ത മഴയും സംഭവിച്ചിട്ടുണ്ട്. ഇത് നിരവധി നാശനഷ്ടങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. കുളുവിൽ ഒരു മേഘവിസ്ഫോടനം സംഭവിച്ചതിനെത്തുടർന്ന് നിരവധി വീടുകൾക്കും കൃഷിയിടങ്ങൾക്കും നാശനഷ്ടമുണ്ടായി. മനുഷ്യർ മൂലമുണ്ടാകുന്ന പരിസ്ഥിതി പ്രതിസന്ധിയെക്കുറിച്ച് സുപ്രീം കോടതി അടുത്തിടെ ശക്തമായ ഒരു മുന്നറിയിപ്പു നൽകിയിരുന്നു. കാര്യങ്ങൾ ഇതേ രീതിയിൽ മുന്നോട്ട് പോയാൽ, ഹിമാചൽ പ്രദേശ് മുഴുവൻ രാജ്യത്തിന്റെ ഭൂപടത്തിൽ നിന്ന് അപ്രത്യക്ഷമാകുന്ന ദിവസം വിദൂരമല്ലെന്നും അങ്ങനെ സംഭവിക്കാതിരിക്കട്ടെയെന്നും കോടതി പറഞ്ഞിരുന്നു.
ഹിമാചൽ പ്രദേശിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ പ്രകൃതി അസ്വസ്ഥമാണെന്നായിരുന്നു ജൂലൈ 28-ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാലയും ആർ. മഹാദേവനും അടങ്ങുന്ന ബെഞ്ചിന്റെ നിരീക്ഷണം. വർഷങ്ങളായി തുടരുന്ന പാരിസ്ഥിതിക അസന്തുലിതാവസ്ഥയും അശ്രദ്ധമായ പാരിസ്ഥിതിക രീതികളും ഹിമാചൽ പ്രദേശിൽ ആവർത്തിച്ചുള്ള പ്രകൃതി ദുരന്തങ്ങൾക്ക് കാരണമായിട്ടുണ്ടെന്ന് കോടതി പറഞ്ഞു. ഈ വർഷം ഉണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നൂറിലധികം പേർ മരിച്ച സംഭവങ്ങളും കോടതി പരാമർശിച്ചു. ഹർജി തള്ളുകയും സംസ്ഥാനത്തിന്റെ തീരുമാനം കോടതി ശരിവയ്ക്കുകയും ചെയ്തു. ഹിമാചലിന്റെ പാരിസ്ഥിതിക പ്രതിസന്ധി കൂടുതൽ വഷളാകുകയാണെന്ന് കാണിക്കാൻ സുപ്രീം കോടതി ഈ കേസ് ഉപയോഗിച്ചു.
പരിസ്ഥിതിയെ ബലികഴിച്ച് വരുമാനം ഉണ്ടാക്കാനാകില്ലെന്ന സന്ദേശം നൽകിയ ജഡ്ജിമാർ നാലുവരി പാതകൾക്കും തുരങ്കങ്ങൾക്കും വേണ്ടി അശാസ്ത്രീയമായി കുന്നുകൾ ഇടിച്ചുനിരത്തുക, ജലജീവികളുടെ തിരോധാനത്തിന് കാരണമാകുന്ന ജലവൈദ്യുത പദ്ധതികളുടെ നിർത്താതെയുള്ള പ്രവർത്തനം, ഹിമാലയൻ നദിയായ സത്ലജ് ഒരു അരുവിയായി ചുരുങ്ങി തുടങ്ങിയ കാര്യങ്ങളും ജഡ്ജിമാർ ചൂണ്ടിക്കാണിച്ചിരുന്നു.
ഷിംലയിലെ ശ്രീ താര മാതാ കുന്നിനെ ‘ഗ്രീൻ ഏരിയ’ ആയി പ്രഖ്യാപിച്ച ഹിമാചൽ സർക്കാരിന്റെ വിജ്ഞാപനത്തെ ചോദ്യം ചെയ്ത് പ്രിസ്റ്റൈൻ ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു ഹിമാചൽ പ്രദേശിൽ സംഭവിക്കുന്ന പ്രകൃതിദുരന്തങ്ങളെ കുറിച്ച് സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയത്.
ദുബായില്‍ റോള്‍സ് റോയ്‌സ് ഗോസ്റ്റ് ഓടിച്ച് കേരളത്തിലെ 72 വയസുകാരിയായ ‘ദ ഡ്രൈവര്‍ അമ്മ’
കേരളത്തിലെ 72 വയസുകാരിയായ മണിയമ്മ ദുബായില്‍ റോള്‍സ് റോയ്‌സ് ഗോസ്റ്റ് ഓടിക്കുന്ന വീഡിയോ ഇന്‍റർനെറ്റില്‍ വൈറലാകുകയാണ്. മണിയമ്മയുടെ വീഡിയോ കണ്ട് പ്രമുഖ വ്യവസായിയായ ആനന്ദ് മഹീന്ദ്ര അത്ഭുതപ്പെടുകയും ജീവിതത്തോടുള്ള അവരുടെ അഭിനിവേശത്തെ പ്രശംസിക്കുകയും ചെയ്തു. അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റുള്ള മണിയമ്മ സെറ്റ് സാരി ധരിച്ച് വാഹനമോടിക്കുന്നത് കാഴ്ചക്കാരിൽ ഒരേ സാമ്യം അത്ഭുതവും അമ്പരപ്പുമുളവാക്കുന്നതാണ്.
ഇതിന് മുന്‍പ് പല വൈറല്‍ വീഡിയോകളിലൂടെയും ലോകമെമ്പാടും ഉളള എല്ലാ മലയാളികള്‍ക്കും മണിയമ്മയെ സുപരിചിതമാണ്. ‘ ദ ഡ്രൈവര്‍ അമ്മ’ എന്നറിയപ്പെടുന്ന എറണാകുളംകാരിയായ മണിയമ്മയ്ക്ക് ഡ്രൈവിംഗ് അത്രയ്ക്കും ആവേശമാണ്. ട്രക്കുകളും ക്രയിനുകളും ഉള്‍പ്പടെ 11 തരം വാഹനങ്ങള്‍ ഓടിക്കാനുള്ള ലൈസന്‍സ് ഇവര്‍ക്കുണ്ട്. വിലകൂടിയ കാറുകള്‍, എക്‌സവേറ്ററുകള്‍, ക്രെയിനുകള്‍, റോഡ് റോളര്‍ ഇവയൊക്കെ ഓടിക്കുന്ന വീഡിയോകള്‍ മണിയമ്മ സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.
1978 കാലത്താണ് മണിയമ്മ ഡ്രൈവിംഗ് പഠിക്കുന്നത്. ഭര്‍ത്താവിന്റെ പൂർണ പിന്തുണയും ഇക്കാര്യത്തിൽ മണിയമ്മക്ക് കൂട്ടായി. ദമ്പതികള്‍ സ്വന്തമായി ഡ്രൈവിംഗ് സ്‌കൂളും നടത്തിയിരുന്നു. 2004 ല്‍ ഭര്‍ത്താവ് മരിച്ചതിന് ശേഷം കുടുംബം പുലര്‍ത്താനായാണ് മണിയമ്മ ഡ്രൈവിംഗ് സ്‌കൂള്‍ ചുമതല ഏറ്റെടുത്തത്. വളരെ മനോഹരമായും വ്യത്യസ്തമായും ജീവിതത്തെ കാണുകയും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുകയും ചെയ്യുന്ന മണിയമ്മയുടെ ജീവിതം എല്ലാവര്‍ക്കും പ്രചോദനം കൂടിയാണ്.
ഇതിനകം ലക്ഷക്കണക്കിന് ആളുകള്‍ ഈ വീഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ലോകത്തിലെ ഏത് തരം വാഹനവും ഓടിക്കാന്‍ തരത്തിലുള്ള അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സ് ഉള്ള ഏറ്റവും പ്രായംകൂടിയ വനിതയാണ് മണിയമ്മയാണെന്ന് കാണിച്ച് ഒരു സോഷ്യല്‍മീഡിയ ഉപഭോക്താവ് എഴുതുകയും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനെ ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
റെക്കോര്‍ഡ് തകര്‍ച്ചയില്‍ രൂപ; പ്രവാസികൾക്ക് ബെസ്റ്റ് സമയം
ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിട്ട് രൂപ. ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം ഒരു ഡോളറിന് എതിരെ 88 രൂപ എന്ന നിലയില്‍ എത്തി.
വെള്ളിയാഴ്ച 87.69 രൂപയില്‍ വ്യാപാരം തുടങ്ങിയ രൂപ 88.29ലേക്ക് ഇടിഞ്ഞു. ട്രംപ് ചുമത്തിയ 50 ശതമാനം തീരുവ കയറ്റുമതി മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലാണ് രൂപയ്ക്ക് തിരിച്ചടിയായത്.
ഫെബ്രുവരിയിലാണ് ഇതിന് മുന്‍പ് രൂപയുടെ മൂല്യം റോക്കോര്‍ഡ് ഇടിവ് നേരിട്ടത്. ഒരു ഡോളറിന് എതിരെ 87.95 എന്നതായിരുന്നു ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയത്.
ചൈനീസ് കറന്‍സിയായ യുവാനെതിരെയും രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. ഒരു യുവാന് 12.3862 എന്ന നിലയിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. ജിസിസി കറന്‍സികളായ യുഎഇ ദിര്‍ഹം, സൗദി റിയാല്‍, ഖത്തര്‍ റിയാല്‍ തുടങ്ങിയവയുടെ മൂല്യവും രൂപയ്‌ക്കെതിരെ ഉയര്‍ന്നു.
യുഎഇയിലെ പ്രമുഖ റെമിറ്റൻസ് പ്ലാറ്റ്‌ഫോമുകൾ ഒരു ദിർഹമിന് 23.95 മുതൽ 24 വരെ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. എക്സ്ചേഞ്ച് ഹൗസുകൾ 23.91 രൂപ, ബാങ്കുകൾ 23.81 രൂപ എന്നിങ്ങനെയുമാണ് വാഗ്ദാനം ചെയ്യുന്നത്.
സഹപ്രവർത്തകനിൽ നിന്ന് ദുരനുഭവം ഉണ്ടായെന്ന മുൻ ജീവനക്കാരിയുടെ ഫേസ്ബുക്ക് പോസ്റ്റ്; റിപ്പോർട്ടർ ടിവിയുടെ ഓഫീസിൽ കരി ഓയിൽ ഒഴിച്ച് പ്രതിഷേധം
തൃശൂർ: റിപ്പോർട്ടർ ടിവി യുടെ തൃശൂർ ഓഫീസിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം.
സഹപ്രവർത്തകനിൽ നിന്ന് ദുരനുഭവം ഉണ്ടായെന്ന മുൻ ജീവനക്കാരിയുടെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് പ്രതിഷേധം.
ഇന്ന് രാവിലെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വന്ന് ഓഫീസിൽ കരി ഓയിൽ ഒഴിച്ച് പ്രതിഷേധിച്ചത്. ജീവനക്കാരിയുടെ ആരോപണത്തില്‍ നടപടിയെടുക്കണമെന്നും സംഭവത്തില്‍ ചാനല്‍ മൗനം പാലിക്കുന്നുവെന്നും ആരോപിച്ചാണ് പ്രതിഷേധം നടത്തിയത്.
‘കുറ്റക്കാർക്കെതിരെ കർശന നടപടി’; ചികിത്സാ പിഴവ് വിവാദത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ വിശദമായി അന്വേഷിക്കാൻ നിർദ്ദേശം നൽകി ആരോഗ്യ മന്ത്രി. വിദഗ്ധസമിതിയെ ഇതിനായി നിയോഗിച്ചതാണെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഏതാനും മാസങ്ങൾ മുൻപാണ് ഇത് കണ്ടുപിടിച്ചത്. വിദഗ്ദ്ധ സമിതി റിപ്പോർട്ട് ലഭിച്ചിട്ടില്ല. യുവതി ഇപ്പോൾ പരാതി ഉന്നയിച്ചിട്ടുണ്ട്. അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ നടപടി ഉറപ്പാണെന്നും മന്ത്രി വ്യക്തമാക്കി.
കട്ടാക്കട മലയൻകീഴ് സ്വദേശി സുമയ്യയാണ് ഡോക്ടർമാരുടെ പിഴവ് മൂലം ദുരിതം അനുഭവിക്കുന്നത്. 2023 മാർച്ച് 22 നാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സുമയ്യ ചികിത്സ തേടിയത്. ഡോ.രാജിവ് കുമാറാണ് തൈറോയ്ഡ് ഗ്രന്ഥി എടുത്തു കളയുന്ന ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കുശേഷം ഞരമ്പ് കിട്ടാതെ വന്നപ്പോൾ രക്തവും മരുന്നുകളും നൽകാനായി സെൻട്രൽ ലൈനിട്ടു.
ഇതിന്‍റെ ഗൈഡ് വയറാണ് നെഞ്ചിൽ കുടുങ്ങിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഇത് തിരികെ എടുക്കാത്തത് മൂലം കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നുവെന്നാണ് യുവതിയുടെ പരാതി.
ശ്രീചിത്ര ആശുപത്രിയിലടക്കം സുമയ്യ ചികിത്സ തേടിയിരുന്നു. ഇവിടെ നടത്തിയ എക്സ്റേ പരിശോധനയിൽ ധമനികളോട് ഒട്ടിപ്പോയതായി കണ്ടെത്തി. ഇനി ശസ്ത്രക്രിയ നടത്തി ട്യൂബ് പുറത്തെടുക്കാനാകില്ലെന്നാണ് വിദഗ്ധ ഡോക്ടർമാർ അറിയിച്ചത്. ഗുരുതര പിഴവ് ഉണ്ടായതിൽ നീതിവേണമെന്നും വിദഗ്ധ ചികിത്സ നൽകണമെന്നുമാണ് സുമയ്യ ആവശ്യപ്പെടുന്നത്.
ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം; നാല് മരണം
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം. നാല് മരണം റിപ്പോർട്ട് ചെയ്തു. രുദ്രപ്രയാഗ്, ചമോലി ജില്ലകളിലാണ് ഇന്ന് പുലർച്ചെ മേഘവിസ്ഫോടനം ഉണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ നിരവധി പേരെ കാണാതായതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. രുദ്രപ്രയാഗ് ജില്ലയിൽ മാത്രം ആറ് പേരെ കാണാതായതായാണ് ലഭിക്കുന്ന റിപ്പോർട്ട്.
അതേസമയം മേഘവിസ്ഫോടനത്തിൽ പല സ്ഥലങ്ങളിലെയും സ്ഥിതി രൂക്ഷമായി തുടരുകയാണ്. കേദാർനാഥ് താഴ്‌വരയിലെ ലാവാര ഗ്രാമത്തിൽ ഒരു പാലം ഒലിച്ചു പോയി. അളകനന്ദ, മന്ദാകിനി നദികളിലെ ജലനിരപ്പ് കരകവിഞ്ഞൊഴുകിയതോടെ അപകടരേഖ മറികടന്നു എന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്.
ചെനഗഡിലും സ്ഥിതി ഗുരുതരമായി തുടരുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ചെനഗഡിലെ ദുൻഗർ ഗ്രാമത്തിലും ജൗല-ഭാഡെത്തിലുമുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും നിരവധി പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്.
ദുരഭിമാന കൊലകള്‍ തടയാന്‍ പ്രത്യേക നിയമം വേണം; സുപ്രീംകോടതിയെ സമീപിച്ച് ടിവികെ
ചെന്നൈ: ജാതിയുമായി ബന്ധപ്പെട്ട ദുരഭിമാന കൊലകള്‍ തടയാന്‍ പ്രത്യേക നിയമം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ).
നിലവിലുള്ള നിയമ വ്യവസ്ഥ ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ പര്യാപ്തമല്ലെന്ന് വാദിച്ചുകൊണ്ടാണ് നീക്കം. ടിവികെ തിരഞ്ഞെടുപ്പ് വിഭാഗം ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുന ഹര്‍ജി സമര്‍പ്പിച്ചത്.
27 കാരനായ ദളിത് സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ കവിന്‍ സെല്‍വഗണേഷിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ടിവികെയുടെ നിര്‍ണായക നീക്കം.
ദുരഭിമാന കൊലകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നത് രാഷ്ട്രീയ പാര്‍ട്ടി തുടങ്ങുമ്പോള്‍ തന്നെ വിജയ്‌യുടെ പ്രധാന ആവശ്യമായിരുന്നു.
ഇക്കഴിഞ്ഞ മധുരൈ സമ്മേളനത്തിലും വിഷയം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.
ദുരഭിമാന കൊലകള്‍ തടയാന്‍ പ്രത്യേക നിയമം വേണം; സുപ്രീംകോടതിയെ സമീപിച്ച് ടിവികെ
ചെന്നൈ: ജാതിയുമായി ബന്ധപ്പെട്ട ദുരഭിമാന കൊലകള്‍ തടയാന്‍ പ്രത്യേക നിയമം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ).
നിലവിലുള്ള നിയമ വ്യവസ്ഥ ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ പര്യാപ്തമല്ലെന്ന് വാദിച്ചുകൊണ്ടാണ് നീക്കം. ടിവികെ തിരഞ്ഞെടുപ്പ് വിഭാഗം ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുന ഹര്‍ജി സമര്‍പ്പിച്ചത്.
27 കാരനായ ദളിത് സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ കവിന്‍ സെല്‍വഗണേഷിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ടിവികെയുടെ നിര്‍ണായക നീക്കം.
ദുരഭിമാന കൊലകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നത് രാഷ്ട്രീയ പാര്‍ട്ടി തുടങ്ങുമ്പോള്‍ തന്നെ വിജയ്‌യുടെ പ്രധാന ആവശ്യമായിരുന്നു.
ഇക്കഴിഞ്ഞ മധുരൈ സമ്മേളനത്തിലും വിഷയം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.
വ്യാജ വാട്‌സ്ആപ്പ് ചാറ്റുകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നു; മാധ്യമ പ്രവർത്തകൻ അരുണ്‍ കുമാര്‍ നല്‍കിയ പരാതിയില്‍ കേസെടുത്തു പൊലീസ്
കൊച്ചി: തനിക്കെതിരെ വ്യാജ വാട്‌സ്ആപ്പ് ചാറ്റുകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നതായി കാട്ടി റിപ്പോര്‍ട്ടര്‍ ടി വി കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ ഡോ. അരുണ്‍ കുമാര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തതായി റിപ്പോർട്ട്. യുഡിഎഫ് ഫാമിലി ക്ലബ് (മിഷന്‍ 2025) എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിനും ജസ്റ്റിന്‍ പുതുശ്ശേരി എന്ന ഫേസ്ബുക്ക് അക്കൗണ്ടിനുമെതിരെ ആണ് കൊച്ചി സൈബര്‍ പൊലീസ് കേസെടുത്തത്.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെയുള്ള വാര്‍ത്തകള്‍ക്ക് പിന്നിൽ പ്രവര്‍ത്തിച്ചത് അരുണ്‍ കുമാര്‍ ആണെന്ന തെറ്റിദ്ധാരണ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കണമെന്നുള്ള ഉദ്ദേശത്തോടെയായിരുന്നു പ്രചാരണം എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
എന്നാൽ അരുണ്‍ കുമാറിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഫോട്ടോ ഉപയോഗിച്ച് വ്യാജ വാട്‌സ്ആപ്പ് ചാറ്റുകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ച് വ്യക്തി ജീവിതത്തെയും ഔദ്യോഗിക ജീവിതത്തെയും കളങ്കപ്പെടുത്താന്‍ ഇടയാക്കിയെന്ന് ആണ് പരാതിയിൽ വ്യക്തമാക്കുന്നത്.
അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നു; പ്രളയ സാധ്യത മുന്നറിയിപ്പ്
തിരുവനന്തപുരം: അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് ചില നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു.
ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം
ഓറഞ്ച് അലർട്ട്
കാസറഗോഡ്: നീലേശ്വരം (ചയ്യം റിവർ സ്റ്റേഷൻ), മൊഗ്രാൽ (മധുർ സ്റ്റേഷൻ)
മഞ്ഞ അലർട്ട്
കണ്ണൂർ: പെരുമ്പ (കൈതപ്രം റിവർ സ്റ്റേഷൻ), കുപ്പം (മങ്കര റിവർ സ്റ്റേഷൻ)
കാസറഗോഡ്: കരിയങ്കോട് (ഭീമനടി സ്റ്റേഷൻ), ഷിറിയ (പുത്തുഗെ സ്റ്റേഷൻ)
