ടാൽറോപ്പ് കൂട്ടപ്പിരിച്ചുവിടൽ: ശമ്പള കുടിശ്ശിക ഉടൻ നൽകാനാകില്ലെന്ന് കമ്പനി; നിയമനടപടി മുന്നറിയിപ്പുമായി തൊഴിൽ വകുപ്പ്

0

കൊച്ചി: ടാൽറോപ്പ് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് തൊഴിൽ ഭവനിൽ നടന്ന ചർച്ചയിൽ ശമ്പള കുടിശ്ശിക ഉടൻ നൽകാനാകില്ലെന്ന് കമ്പനി അറിയിച്ചു. ഡെപ്യൂട്ടി ലേബർ കമ്മീഷണർ കെ.എൽ. സതീഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ പിരിച്ചുവിട്ട ജീവനക്കാരുടെ പ്രതിനിധികളും കമ്പനി സിഇഒ ജോൺ ജോസഫും പങ്കെടുത്തു.

608-ഓളം ജീവനക്കാരെ ബാധിച്ച കൂട്ടപ്പിരിച്ചുവിടലിനെ തുടർന്ന് ശമ്പള കുടിശ്ശികയും സെറ്റിൽമെന്റും ഉൾപ്പെടെയുള്ള വിഷയങ്ങളാണ് ചർച്ചയായത്. കമ്പനി വലിയ സാമ്പത്തിക നഷ്ടത്തിലാണെന്നും ശമ്പള കുടിശ്ശിക നൽകാൻ ഒക്ടോബർ വരെ സമയം വേണമെന്നും സിഇഒ ആവശ്യപ്പെട്ടു.

അടുത്ത ചർച്ചയിൽ കമ്പനി ചെയർമാൻ സഫീർ നേരിട്ട് ഹാജരാകണമെന്ന് തൊഴിൽ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. 25-ന് മുമ്പ് വീണ്ടും ചർച്ച നടക്കും.

ചർച്ചയിൽ പങ്കെടുത്ത ജീവനക്കാർ ജോലി തിരിച്ചുനൽകണമെന്നല്ല, കുടിശ്ശിക ശമ്പളം ലഭിക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചതെന്ന് ജീവനക്കാരുടെ പ്രതിനിധി കെ.എം. സുനിൽ പറഞ്ഞു. സ്ഥാപനത്തിൽ ട്രേഡ് യൂണിയനുകൾ പ്രവർത്തിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, 21 സ്റ്റാർട്ടപ്പുകളിലേക്ക് ജീവനക്കാരെ മാറ്റിയത് നിയമലംഘനമാണെന്ന് തൊഴിൽ വകുപ്പ് വിലയിരുത്തി. നാളെ മുതൽ തന്നെ വിഷയത്തിൽ കണക്കെടുപ്പ് ആരംഭിക്കുമെന്നും അറിയിച്ചു.

25-ന് നടക്കുന്ന ചർച്ചയിലും പരിഹാരമുണ്ടായില്ലെങ്കിൽ നിയമനടപടികളിലേക്ക് നീങ്ങുമെന്നും അഡീഷണൽ ലേബർ കമ്മീഷണർ മുന്നറിയിപ്പ് നൽകി. ശമ്പള കുടിശ്ശിക നൽകാൻ ഒക്ടോബർ വരെ സമയം അനുവദിക്കണമെന്ന കമ്പനിയുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും, ആവശ്യമെങ്കിൽ റവന്യൂ റിക്കവറി ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here