നാഥനില്ലാതെ ഓഫീസ്, പണിയില്ലാതെ ജീവനക്കാര്‍: 12-ാം ശമ്പളക്കമ്മിഷന്‍ പൂട്ടുമോ?

0

തിരുവനന്തപുരം: കാലാവധി നീട്ടി നല്‍കുകയോ പ്രവര്‍ത്തനം അവസാനിപ്പിക്കുകയോ ചെയ്യാത്തതിനെ തുടര്‍ന്ന് 12-ാം ശമ്പളക്കമ്മിഷന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിശ്ചലാവസ്ഥയില്‍. ഉത്തരവുകളൊന്നും ഇറങ്ങാത്തതിനെ തുടര്‍ന്ന് ഓഫിസില്‍ തുടരുന്ന 14 ജീവനക്കാര്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി യാതൊരു ജോലിയുമില്ലാതെ പ്രതിസന്ധിയിലായിരിക്കുകയാണ്.

നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരാണ് ഡോ. വി.പി ജോയി അധ്യക്ഷനായി 12-ാം ശമ്പളക്കമ്മിഷന്‍ രൂപീകരിച്ചത്. ഫെബ്രുവരി 23 ന് നിലവില്‍ വന്ന കമ്മിഷന് മൂന്നുമാസത്തെ സമയപരിധിയാണ് നല്‍കിയിരുന്നത്. മാര്‍ച്ച് അഞ്ചിന് പരിഗണനാ വിഷയങ്ങള്‍ നിശ്ചയിച്ച കമ്മിഷന്റെ കാലാവധി മെയ് അവസാനത്തോടെ പൂര്‍ത്തിയായി. കാലാവധി ആറുമാസം കൂടി നീട്ടി നല്‍കണമെന്ന് കമ്മിഷന്‍ സര്‍ക്കാരിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നെങ്കിലും അതിനിടയില്‍ ഭരണമാറ്റമുണ്ടായി.

മെയ് 18 ന് അധികാരമേറ്റ പുതിയ യു.ഡി.എഫ് സര്‍ക്കാര്‍ തത്കാലം ശമ്പളപരിഷ്‌കരണം നടപ്പാക്കേണ്ടതില്ലെന്ന നിലപാടിലാണ്. കമ്മിഷന്റെ ഭാവി കാര്യങ്ങള്‍ ആലോചിച്ച് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയെങ്കിലും ഇതുവരെ ഔദ്യോഗിക തീരുമാനമൊന്നും ഉണ്ടായിട്ടില്ല. കമ്മിഷന്‍ പ്രവര്‍ത്തനം തുടരുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്താല്‍ വൈകിയാണെങ്കിലും അതിലെ ശുപാര്‍ശകള്‍ നടപ്പാക്കേണ്ടി വരുമെന്നത് സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതയാകും. നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ ഇത് സര്‍ക്കാരിന് വലിയ വെല്ലുവിളിയാണ്.

അതേസമയം കമ്മിഷന്റെ പ്രവര്‍ത്തനം ഔദ്യോഗികമായി റദ്ദാക്കിയാല്‍ ജീവനക്കാരുടെ സംഘടനകളുടെ വലിയ പ്രതിഷേധത്തിന് കാരണമാകുമെന്ന ആശങ്കയും സര്‍ക്കാരിനുണ്ട്. സെക്രട്ടേറിയറ്റില്‍ നിന്നുള്ള ഒരു അഡീഷണല്‍ സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയും ഉള്‍പ്പെടെ 14 ജീവനക്കാരെയാണ് കമ്മിഷന്‍ ഓഫീസില്‍ നിയമിച്ചിരിക്കുന്നത്. അധ്യക്ഷനും അംഗങ്ങളും കാലാവധി കഴിഞ്ഞതോടെ ഓഫീസില്‍ എത്തുന്നത് നിര്‍ത്തിയിരിക്കുകയാണ്. കമ്മിഷന് അനുവദിച്ചിരുന്ന വാഹനം ആരാണ് പണം നല്‍കുക എന്ന അനിശ്ചിതത്വം കാരണം തിരിച്ചയച്ചു. ജീവനക്കാരെ സ്വന്തം വകുപ്പുകളിലേക്ക് തിരികെ വിളിക്കുകയോ തുടര്‍നടപടികളെക്കുറിച്ച് വ്യക്തത നല്‍കുകയോ ചെയ്യാത്തതിനാല്‍ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഉദ്യോഗസ്ഥര്‍.

സാമ്പത്തിക പ്രതിസന്ധിക്കിടയിലും ജീവനക്കാരുടെ സംഘടനകളുടെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നായിരുന്നു കഴിഞ്ഞ സര്‍ക്കാര്‍ അവസാന നിമിഷത്തില്‍ പുതിയ ശമ്പളക്കമ്മിഷനെ പ്രഖ്യാപിച്ചത്. 11-ാം ശമ്പളക്കമ്മിഷന്‍ ശുപാര്‍ശകള്‍ 2021 ഏപ്രിലിലാണ് അംഗീകരിച്ച് 2019 ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here