സംസ്ഥാനത്ത് തടവുകാരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, കേരളത്തിൽ ഒരു സെൻട്രൽ ജയിൽ കൂടി നിർമ്മിക്കേണ്ടതുണ്ടെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. നിലവിലെ ജയിലുകളിലെ സൗകര്യങ്ങളുടെ പരിമിതിയും തടവുകാരുടെ എണ്ണക്കൂടുതലും കണക്കിലെടുത്താണ് പുതിയൊരു സെൻട്രൽ ജയിൽ എന്ന നിർദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.
കേരളത്തിലെ നിലവിലുള്ള സെൻട്രൽ ജയിലുകളിലും മറ്റ് ഉപജയിലുകളിലും ഉൾക്കൊള്ളാൻ കഴിയുന്നതിലും കൂടുതൽ തടവുകാർ ഇപ്പോൾ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
തടവുകാരുടെ എണ്ണം കൂടിയതോടെ ജയിലുകളിലെ സുരക്ഷ ഉറപ്പാക്കുന്നതിനും അന്തേവാസികൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിനും പുതിയൊരു സെൻട്രൽ ജയിൽ അനിവാര്യമായി മാറിയിരിക്കുന്നു. ജയിൽ പരിഷ്കരണങ്ങളുടെയും തടവുകാരുടെ പുനരധിവാസ പ്രവർത്തനങ്ങളുടെയും ഭാഗമായി ഈ വിഷയം ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്.
നിലവിൽ തിരുവനന്തപുരം (പൂജപ്പുര), തൃശൂർ (വിയ്യൂർ), കണ്ണൂർ എന്നിവിടങ്ങളിലാണ് സംസ്ഥാനത്തെ പ്രധാന സെൻട്രൽ ജയിലുകൾ പ്രവർത്തിക്കുന്നത്. ഇതിന് പുറമെ വിയ്യൂരിൽ ഒരു അതിസുരക്ഷാ ജയിലും നിലവിലുണ്ട്. ജയിൽ ആസ്ഥാനത്ത് കേരളത്തിലെ മൂന്ന് ജയിൽ ഡിഐജിമാരും ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചകൾക്ക് ശേഷം പ്രതികരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.

