ബെംഗളൂരു: കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാത്തതാണ് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് കര്‍ണാടക ഹൈക്കോടതി. ബലാത്സംഗക്കേസിലെ പ്രതിയായ 23-കാരന് ജാമ്യം നിഷേധിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം.
ജനാധിപത്യ സംവിധാനത്തില്‍ ലഭിക്കുന്ന അവകാശങ്ങള്‍ ചിലര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് ജസ്റ്റിസ് ആര്‍. നടരാജ് നിരീക്ഷിച്ചു. കുറ്റവാളികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളിലേതുപോലുള്ള കടുത്ത ശിക്ഷകള്‍ നടപ്പാക്കിയാല്‍ മാത്രമേ നിയമത്തെ കൂടുതല്‍ ബഹുമാനിക്കാന്‍ ആളുകള്‍ തയ്യാറാകൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“കുറ്റവാളികളെ കര്‍ശനമായി നേരിടാത്തതിനാല്‍ നിയമത്തിന് കരുത്ത് കുറഞ്ഞിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇവിടെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് എളുപ്പമായി മാറിയിരിക്കുന്നു. ഒരുപക്ഷേ കടുത്ത ശിക്ഷകള്‍ നടപ്പാക്കിയാല്‍ മാത്രമേ നിയമം അനുസരിക്കേണ്ടതിന്റെ പ്രാധാന്യം ആളുകള്‍ക്ക് മനസിലാകൂ,” എന്നാണ് കോടതിയുടെ നിരീക്ഷണം.
ബലാത്സംഗക്കേസില്‍ ഏപ്രില്‍ 5 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മണിപ്പാല്‍ എംഐടി വിദ്യാര്‍ഥി ഗോപി റെഡ്ഡി കാര്‍ത്തിക് റെഡ്ഡിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം. പ്രതിക്ക് ഉടന്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, സര്‍ക്കാരിന് നോട്ടീസ് നല്‍കി കേസ് ജൂണ്‍ 8-ലേക്ക് മാറ്റി.
English Summary
The Karnataka High Court, while denying bail to a 23-year-old rape accused, observed that crimes continue to rise because offenders are not dealt with strictly. Justice R. Nataraj remarked that only harsh punishments, similar to those seen in some Gulf countries, may deter people from committing crimes. The court deferred the bail plea and sought the government’s response.

