ഫോബ്‌സിന്റെ ധനികരായ വനിതകളുടെ പട്ടികയിൽ ഇന്ത്യൻ വംശജ ജയശ്രീ ഉള്ളാൽ, 6.8 ബില്യൺ ഡോളർ

0

സാന്റാ ക്ലാര (കാലിഫോർണിയ): പ്രമുഖ നെറ്റ്‌വർക്കിങ് കമ്പനിയായ ‘അരിസ്റ്റ നെറ്റ്‌വർക്‌സ് ‘ സി.ഇ.ഒ ജയശ്രീ ഉള്ളാൽ, 2026ലെ ഫോബ്‌സിന്റെ അമേരിക്കയിലെ ഏറ്റവും ധനികരായ വനിതകളുടെ പട്ടികയിൽ ഏഴാം സ്ഥാനം സ്വന്തമാക്കി. 6.8 ബില്യൺ ഡോളർ (ഏകദേശം 56,000 കോടിയിലധികം രൂപ) ആസ്തിയുള്ള അവർ, ഈ പട്ടികയിൽ ഏറ്റവും ഉയർന്ന റാങ്ക് നേടുന്ന ഇന്ത്യൻ വംശജയാണ്.

ലണ്ടനിൽ ജനിച്ച് ഡൽഹിയിൽ വളർന്ന ജയശ്രീ, 2008ലാണ് അരിസ്റ്റ നെറ്റ്‌വർക്‌സിന്റെ പ്രസിഡന്റും സി.ഇ.ഒയുമായി ചുമതലയേൽക്കുന്നത്. അന്ന് വരുമാനമൊന്നുമില്ലാതിരുന്ന ഒരു സ്റ്റാർട്ടപ്പ് കമ്പനിയെ ക്ലൗഡ് കമ്പ്യൂട്ടിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലകളിലെ അതിവേഗ നെറ്റ്‌വർക്കിങ് ഉപകരണങ്ങൾ നിർമ്മിക്കുന്ന മുൻനിര ആഗോള കമ്പനിയാക്കി മാറ്റാൻ അവരുടെ തന്ത്രപരമായ നേതൃത്വത്തിന് സാധിച്ചു. 2024ൽ കമ്പനിയുടെ വരുമാനം 9 ബില്യൺ ഡോളറിലെത്തിയിരുന്നു.

മുൻകാല പരിചയം: അരിസ്റ്റയിൽ എത്തുന്നതിന് മുൻപ് സിസ്‌കോ സിസ്റ്റംസിൽ 15 വർഷത്തോളം സീനിയർ എക്‌സിക്യൂട്ടീവായി അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ ഫെയർചൈൽഡ് സെമികണ്ടക്ടർ, എ.എം.ഡി എന്നീ കമ്പനികളിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ക്ലൗഡ് കമ്പനിയായ ‘സ്‌നോഫ്‌ളേക്കിന്റെ’  ഡയറക്ടർ ബോർഡ് അംഗം കൂടിയാണ്.

സാങ്കേതിക വൈദഗ്ധ്യവും ദീർഘവീക്ഷണമുള്ള നേതൃപാടവവുമാണ് ജയശ്രീ ഉള്ളാലിനെ ആധുനിക സാങ്കേതികവിദ്യാ രംഗത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളാക്കി മാറ്റിയത്.

LEAVE A REPLY

Please enter your comment!
Please enter your name here