മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പൂർത്തിയായി ഒരാഴ്ച കഴിഞ്ഞിട്ടും, മുഖ്യമന്ത്രിയാരാകുമെന്നതിൽ തീരുമാനം വൈകുന്നതിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദ്.
ഉത്തരേന്ത്യൻ സംസ്ഥാനം പോലെ കേരളത്തിൽ നടക്കില്ല. രാഷ്ട്രീയ പ്രബുദ്ധതയുള്ള ആളുകളാണ് കേരളത്തിലുള്ളത്. മുഖ്യമന്ത്രിയാരാകണമെന്ന കാര്യത്തിൽ പെട്ടെന്ന് തീരുമാനമുണ്ടായില്ലെങ്കിൽ പ്രത്യാഘാതം ഉണ്ടാകും. കോൺഗ്രസ് നേതൃത്വം ഇക്കാര്യം തിരിച്ചറിയണമെന്നും പി അബ്ദുൽ ഹമീദ് ചൂണ്ടിക്കാട്ടി.
ആര് മുഖ്യമന്ത്രിയാകണമെന്ന കാര്യത്തിൽ ലീഗിന്റെ അഭിപ്രായം കോൺഗ്രസിനെ അറിയിച്ചിട്ടുണ്ട്. ലീഗിന്റെ അഭിപ്രായം എല്ലാകാലത്തും കോൺഗ്രസ് മാനിക്കാറുണ്ടെന്നും അബ്ദുൽഹമീദ് വ്യക്തമാക്കി.
ദില്ലിയിൽ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ 50 ദിവസം എടുത്തല്ലോയെന്നൊക്കെ അണികളോട് പറഞ്ഞാൽ മുഖത്ത് അടി കിട്ടുമെന്നും, മുഖ്യമന്ത്രി കാര്യത്തിൽ തീരുമാനം പെട്ടെന്ന് ഉണ്ടായില്ലെങ്കിൽ പ്രത്യാഘാതം ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു

