മുഖ്യമന്ത്രി ചർച്ച നീളുന്നു; “ഇതിനാണോ ഞങ്ങൾ വോട്ട് ചെയ്തത്?” — കോൺഗ്രസിനെതിരെ മുസ്ലിം ലീഗിന്റെ അതൃപ്തി

0


മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും കേരളത്തിന്റെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തതിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ മുസ്ലിം ലീഗിൽ കടുത്ത അതൃപ്തി. രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ എന്നിവർ മുഖ്യമന്ത്രിസ്ഥാനത്തിനായി പരിഗണനയിലുണ്ടെന്ന സാഹചര്യത്തിൽ തീരുമാനമെടുക്കുന്നതിലെ വൈകിപ്പ് മുന്നണിക്കുള്ളിൽ അസ്വസ്ഥത വർധിപ്പിക്കുകയാണ്.

ഭരണരൂപീകരണ ചർച്ചകൾ അനാവശ്യമായി നീളുന്നത് യുഡിഎഫിന്റെ കെട്ടുറപ്പിനേയും ജനവിധിയേയും ബാധിക്കുന്നതാണെന്ന് മുസ്ലിം ലീഗ് നേതാക്കൾ ചൂണ്ടിക്കാട്ടി. പത്തുവർഷത്തെ കാത്തിരിപ്പിന് ശേഷമുള്ള വിജയത്തിന്റെ തിളക്കം നിലവിലെ അനിശ്ചിതത്വം കെടുത്തുകയാണെന്നും പാർട്ടി വിലയിരുത്തുന്നു.

“ഇതിനാണോ ഞങ്ങൾ വോട്ട് ചെയ്തത്?” എന്ന് വോട്ടർമാരും വനിതാ പ്രവർത്തകരും നേരിട്ട് ചോദിക്കുന്ന സാഹചര്യമാണുള്ളതെന്ന് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് പറഞ്ഞു. സ്വീകരണ പരിപാടികൾ പോലും അനിശ്ചിതത്വത്തിലായെന്നും പൊതുചടങ്ങുകളിൽ ജനങ്ങളിൽ നിന്നുള്ള അമർഷം നേതാക്കൾ നേരിടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഇത്രയും വൈകുന്നത് തെറ്റായ സന്ദേശം നൽകുമെന്നും ഉത്തരേന്ത്യൻ മാതൃകയിലെ നീണ്ട ചർച്ചകൾ കേരളീയ രാഷ്ട്രീയ സംസ്കാരത്തിന് യോജിച്ചതല്ലെന്നും ലീഗ് അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി വിഷയത്തിൽ പാർട്ടിയുടെ നിലപാട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നിർദേശപ്രകാരം എഐസിസി നിരീക്ഷകരെ അറിയിച്ചിട്ടുണ്ടെന്നും നേതാക്കൾ വ്യക്തമാക്കി.

കോൺഗ്രസ് ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെങ്കിലും അത് ഉടൻ ഉണ്ടാകണമെന്നാണ് മുസ്ലിം ലീഗിന്റെ ആവശ്യം. യുഡിഎഫിനെ നൂറ് സീറ്റിലേക്കെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച പാർട്ടിയെന്ന നിലയിൽ അനിശ്ചിതത്വം തുടരാൻ അനുവദിക്കില്ലെന്ന സൂചനയും ലീഗ് നൽകുന്നു.

English Summary:
Muslim League has expressed strong dissatisfaction over the delay in deciding Kerala’s Chief Minister despite a week passing after the election results. League leaders said the prolonged uncertainty is disappointing party workers and voters, with many questioning the purpose of their mandate. The party urged the Congress high command to take a final decision quickly and begin government formation without further delay.

LEAVE A REPLY

Please enter your comment!
Please enter your name here