സ്വർണം, വെള്ളി ഇറക്കുമതിക്ക് കസ്റ്റംസ് തീരുവ 10 ശതമാനമായി; ആഭ്യന്തര വിപണിയിൽ വില കൂടാൻ സാധ്യത

0

ന്യൂഡൽഹി: സ്വർണം, വെള്ളി ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള ലോഹങ്ങളുടെ ഇറക്കുമതിക്ക് കേന്ദ്ര സർക്കാർ കസ്റ്റംസ് തീരുവ 10 ശതമാനമായി ഉയർത്തി. പുതുക്കിയ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ വന്നതോടെ ആഭ്യന്തര വിപണിയിൽ സ്വർണത്തിന്റെയും വെള്ളിയുടെയും വില വീണ്ടും ഉയരാനിടയുണ്ടെന്നാണ് വിലയിരുത്തൽ.

സ്വർണം, വെള്ളി, പ്ലാറ്റിനം എന്നിവയ്‌ക്കൊപ്പം ആഭരണ നിർമാണത്തിനുപയോഗിക്കുന്ന ഹുക്കുകൾ, ക്ലാസ്പുകൾ, പിൻ, സ്ക്രൂ ബാക്കുകൾ തുടങ്ങിയ അനുബന്ധ ഘടകങ്ങൾക്കും പുതിയ തീരുവ ബാധകമാകും. റീസൈക്ലിംഗിനായി ഇറക്കുമതി ചെയ്യുന്ന ലോഹാവശിഷ്ടങ്ങൾക്കും നികുതി വർധിപ്പിച്ചിട്ടുണ്ട്.

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്നുണ്ടായ സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടെയാണ് കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം. വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിന്റെ ഭാഗമായി സ്വർണ വാങ്ങലും വിദേശ യാത്രകളും നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രി നേരത്തെ പൊതുജനങ്ങളോട് അഭ്യർഥിച്ചിരുന്നു.

2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 71.98 ബില്യൺ ഡോളറിന്റെ സ്വർണം ഇറക്കുമതി ചെയ്തതായാണ് കണക്കുകൾ. ലോകത്ത് ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്ന രാജ്യമായ ഇന്ത്യയിൽ പുതിയ തീരുവ വർധന സ്വർണവിലയെ കൂടുതൽ ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

English Summary

The Central Government has increased the customs duty on imports of precious metals, including gold and silver, to 10 percent. The revised rates came into effect immediately and are expected to push up domestic gold and silver prices. The duty hike also applies to jewellery-making components and recycled metal scrap imports. The move comes amid economic concerns linked to tensions in West Asia and efforts to protect India’s foreign exchange reserves.

LEAVE A REPLY

Please enter your comment!
Please enter your name here