ആലപ്പുഴ: കോൺഗ്രസിനകത്ത് പ്രശ്നങ്ങളുണ്ടെന്നും അത് ശ്രദ്ധിക്കേണ്ടതുണ്ടെന്നും മുന്നറിയിപ്പുമായി മുൻ മന്ത്രി ജി. സുധാകരൻ. അമ്പലപ്പുഴയിൽ നടന്ന ചടങ്ങിൽ രമേശ് ചെന്നിത്തല വേദിയിലിരിക്കെയായിരുന്നു സുധാകരന്റെ പരാമർശം.
മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ശക്തമാകുന്നതിനിടെയാണ് കോൺഗ്രസിലെ പ്രതിസന്ധിയെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞത്. കോൺഗ്രസിൽ നിരവധി യുവ നേതാക്കൾ ഉണ്ടെന്നും അവരുടെ പങ്ക് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം പല സംസ്ഥാനങ്ങളിലും കോൺഗ്രസുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.
കേരളത്തെ ‘നമ്പർ വൺ’ എന്ന് വിശേഷിപ്പിക്കുന്നതിനിടെ പരസ്പര സ്‌നേഹത്തിൽ കേരളം പിന്നിലാണ് എന്ന വിമർശനവും സുധാകരൻ ഉന്നയിച്ചു. സാമൂഹിക കൊലപാതകങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തെയും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ ക്രിമിനലിസം വളരുകയാണെന്നും ആരോപിച്ചു.
തന്റെ മണ്ഡലത്തിൽ കേന്ദ്രസേനയെ വിന്യസിക്കേണ്ടിവന്നതായി പറഞ്ഞ സുധാകരൻ, പോളിംഗ് ബൂത്തുകളിൽ സംഘർഷത്തിന് ശ്രമമുണ്ടായിരുന്നുവെന്നും ആരോപിച്ചു. വോട്ടെണ്ണലുമായി ബന്ധപ്പെട്ടും സംശയങ്ങൾ ഉന്നയിച്ച അദ്ദേഹം, തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്നും ആവശ്യപ്പെട്ടു.
എൽഡിഎഫ് സ്ഥാനാർത്ഥി എച്ച്. സലാമിനെതിരെയും സുധാകരൻ വിമർശനം നടത്തി. തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നവർ തെളിവുകൾ പുറത്തുവിടണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ജി. സുധാകരൻ അഴിമതിരഹിതനായ മന്ത്രിയാണെന്നും ഭരണത്തിൽ കർശന നിലപാട് എടുത്ത വ്യക്തിയാണെന്നും രമേശ് ചെന്നിത്തല പ്രശംസിച്ചു.
English Summary
Former minister G. Sudhakaran stated that the Congress party is facing internal issues and warned that it needs attention. He made the remarks at a public event attended by Ramesh Chennithala. Sudhakaran also criticized political violence and raised concerns about election-related irregularities. Chennithala, meanwhile, praised Sudhakaran for his clean political record.

