ലീഗിൽ മന്ത്രിസഭാ ചർച്ചകൾ സജീവം; കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ നാലു മന്ത്രിമാരെ കുറിച്ച് ധാരണ

0

കോഴിക്കോട്: മുസ്ലിം ലീഗിന്റെ മന്ത്രിസഭാ പ്രതിനിധിത്വവുമായി ബന്ധപ്പെട്ട ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക്. നിലവിൽ നാല് മന്ത്രിമാരുടെ കാര്യത്തിൽ ധാരണയായതായാണ് സൂചന. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ എന്നിവരാണ് മന്ത്രിസ്ഥാനത്തിനായി പരിഗണിക്കപ്പെടുന്ന പ്രധാന നേതാക്കൾ.

അതേസമയം അഞ്ചാമത്തെ മന്ത്രിയെ സംബന്ധിച്ച തീരുമാനം യുഡിഎഫുമായുള്ള അന്തിമ ചർച്ചകൾക്ക് ശേഷമാകും ഉണ്ടാകുക. ലീഗ് നിയമസഭാ കക്ഷി നേതാവായി പി.കെ. കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തേക്കുമെന്ന സൂചനയും ശക്തമാണ്.

അഞ്ചാം മന്ത്രിസ്ഥാനത്തിനായി വിവിധ ജില്ലകളിൽ നിന്ന് ശക്തമായ ആവശ്യങ്ങളാണ് ഉയരുന്നത്. കാസർകോട് ജില്ലയിൽ നിന്ന് എ.കെ.എം. അഷ്റഫിന്റെയും കോഴിക്കോട് ജില്ലയിൽ നിന്ന് പാറക്കൽ അബ്ദുല്ലയുടെയും പേരുകൾ സജീവ പരിഗണനയിലുണ്ട്. ആറു എംഎൽഎമാരെ വിജയിപ്പിച്ച കോഴിക്കോട് ജില്ലയ്ക്ക് മന്ത്രിസ്ഥാനം ഉറപ്പാക്കണമെന്നാണ് ജില്ലാ കമ്മിറ്റി നേതൃത്വത്തിന്റെ ആവശ്യം.

കുന്നമംഗലത്ത് നിന്ന് വിജയിച്ച ജില്ലാ പ്രസിഡന്റ് റസാഖിന്റെ പേരും ജില്ലാ കമ്മിറ്റി മുന്നോട്ടുവച്ചിട്ടുണ്ട്. അതേസമയം കോട്ടക്കൽ എംഎൽഎ ആബിദ് ഹുസൈൻ തങ്ങൾക്കായി പാർട്ടിക്കുള്ളിൽ ശക്തമായ സമ്മർദ്ദവും ഉയരുന്നുണ്ട്. മൂന്നാം തവണ എംഎൽഎയായ ആബിദ് തങ്ങൾക്കും മന്ത്രിസ്ഥാനം ലഭിക്കുകയാണെങ്കിൽ മലപ്പുറം ജില്ലയിൽ നിന്ന് മാത്രം നാല് മന്ത്രിമാർ ഉണ്ടാകുമെന്ന വിമർശനത്തിനും സാധ്യതയുണ്ട്.

ഇതോടെ മറ്റു ജില്ലകൾക്കും തുല്യ പ്രാതിനിധ്യം നൽകണമെന്ന വാദമാണ് പാർട്ടിക്കുള്ളിൽ ശക്തിപ്രാപിക്കുന്നത്. കളമശ്ശേരി എംഎൽഎ വി.ഇ. ഗഫൂറിനുവേണ്ടിയും ചില നേതാക്കൾ രംഗത്തുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.

മലപ്പുറം ജില്ലയിൽ നിന്ന് ഉയർന്നുവരുന്ന പേരുകളിൽ ആരെ ഒഴിവാക്കുമെന്നതാണ് ഇപ്പോൾ ലീഗ് നേതൃത്വത്തിന്റെ പ്രധാന വെല്ലുവിളി. അഞ്ചാമത്തെ മന്ത്രിസ്ഥാനം ലഭിക്കാത്ത പക്ഷം ഡെപ്യൂട്ടി സ്പീക്കർ അല്ലെങ്കിൽ ചീഫ് വിപ് പദവി നൽകുമോ എന്ന ആശങ്കയും പാർട്ടിക്കുള്ളിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here