പാലക്കാട്: സംസ്ഥാനത്ത് നേന്ത്രക്കായയുടെ വില വീണ്ടും കുത്തനെ ഉയരുന്നു. മൊത്തവ്യാപാര വിപണിയിൽ കിലോയ്ക്ക് 50 രൂപ കടന്നതോടെ ചില്ലറ വിപണിയിലും വില കുതിച്ചുയരാനാണ് സാധ്യത. വില വർധിച്ചിട്ടും ആവശ്യത്തിന് ഗുണമേന്മയുള്ള നേന്ത്രപ്പഴം ലഭിക്കാത്ത അവസ്ഥയാണ് നിലവിൽ വിപണിയിലുള്ളത്.
തമിഴ്നാട്ടിലെ സത്യമംഗലത്തു നിന്നുള്ള നേന്ത്രക്കായയുടെ വരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് പ്രധാന കാരണമായി വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നത്. അവിടത്തെ സീസൺ അവസാനഘട്ടത്തിലായതും ശക്തമായ കാറ്റിനെ തുടർന്ന് വിളനാശമുണ്ടായതുമാണ് വിതരണത്തെ ബാധിച്ചത്. നിലവിൽ ഇടത്തരം കായകളാണ് വിപണിയിലെത്തുന്നത്. പുതിയ സീസണിലെ വിളവെടുപ്പ് ആരംഭിക്കാൻ ഇനിയും ഏകദേശം ഒരു മാസം വേണ്ടിവരുമെന്നാണ് വിവരം.
അതേസമയം, കേരളത്തിലെ വയനാടൻ കായ വിളവെടുപ്പിന് തയ്യാറായിട്ടുണ്ടെങ്കിലും വ്യാപകമായി വിപണിയിലെത്തിത്തുടങ്ങിയിട്ടില്ല. സമീപ ജില്ലകളിലേക്കാണ് ഇപ്പോൾ കൂടുതലായും വിതരണം നടക്കുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള വരവ് സാധാരണ നിലയിലാകുന്നതുവരെ ഉയർന്ന വില തുടരുമെന്ന ആശങ്കയിലാണ് വ്യാപാരികളും ഉപഭോക്താക്കളും. പാലക്കാടൻ നേന്ത്രപ്പഴത്തിനും ആവശ്യക്കാർ കൂടുതലാണെങ്കിലും ലഭ്യത കുറവാണ്. ചെറുപഴത്തിനുപോലും കിലോയ്ക്ക് 28 മുതൽ 30 രൂപവരെ മൊത്തവില ഉയർന്നിട്ടുണ്ട്.
English Summary
Banana prices in Kerala have surged sharply, with Nendran bananas crossing Rs 50 per kg in wholesale markets. Reduced supply from Tamil Nadu’s Sathyamangalam region, caused by the end of the harvest season and crop damage due to strong winds, is cited as the main reason. Traders say quality bananas are scarce despite the high prices. Wayanadan bananas are ready for harvest but have not yet reached markets in large quantities. The price rise is expected to continue until Tamil Nadu supplies return to normal levels.

